നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്ത്

ന്യൂയോര്‍ക്ക്: മുന്‍ ചാമ്പ്യന്‍ റാഫേല്‍ നദാല്‍ യുഎസ് ഓപ്പണ്‍ ടെന്നീസില്‍ നിന്ന് പുറത്തായി. മൂന്നാം റൗണ്ടിലെ അഞ്ചു സെറ്റ് പോരാട്ടത്തില്‍ ഇറ്റലിയുടെ ഫാബിയോ ഫോര്‍ഗ്‌നിനിയാണ് നദാലിനെ കീഴടക്കിയത്. ആദ്യ രണ്ടു സെറ്റ് നേടിയശേഷമാണ് നദാല്‍ അവിശ്വസനീയ തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 36, 46, 64, 63, 64.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ നദാല്‍ ഇതാദ്യമായാണ് മൂന്നാം റൗണ്ടില്‍ പുറത്താവുന്നത്. ജയത്തോടെ യുഎസ് ഓപ്പണ്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന ബഹുമതി ഫോര്‍ഗ്‌നിനി സ്വന്തമാക്കി.

ഫ്രഞ്ച് ഓപ്പണിലും ഓസ്‌ട്രേലിയന്‍ ഓപ്പണിലും ക്വാര്‍ട്ടറില്‍ പുറത്തായ നദാല്‍ വിംബിള്‍ഡണില്‍ രണ്ടാം റൗണ്ടില്‍ പുറത്തായിരുന്നു. ഇതോടെ ഈ വര്‍ഷം ഗ്രാന്‍സ്ലാം കിരീടങ്ങളൊന്നും നേടാനാവാതെയാണ് 14 ഗ്രാന്‍സ്ലാം നേടിയിട്ടുള്ള നദാല്‍ സീസണ്‍ അവസാനിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.