യമനില്‍ 45 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടു

അബൂദബി: സൗദി അറേബ്യയുടെ നേതൃത്വത്തില്‍ യമനില്‍ സൈനിക നടപടിയില്‍ പങ്കെടുക്കുന്ന 45 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച സൈനികരെ ലക്ഷ്യമിട്ട് നടന്ന ഭൂതല മിസൈല്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ പൊട്ടിത്തെറിയിലാണ് ഇവര്‍ കൊല്ലപ്പെട്ടതെന്ന് യു.എ.ഇയുടെ ഔദ്യോഗിക വാര്‍ത്താഏജന്‍സിയായ ‘വാം’ റിപ്പോര്‍ട്ട് ചെയ്തു. 33 യമന്‍ സൈനികരും ഇവര്‍ക്കൊപ്പം കൊല്ലപ്പെട്ടിട്ടുണ്ട്. ഇതോടെ യമനില്‍ കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ ആകെ എണ്ണം 51 ആയി.
വെള്ളിയാഴ്ച ആയുധപ്പുരക്ക് നേരെയുണ്ടായ മിസൈല്‍ ആക്രമണത്തിലാണ് 45 യു.എ.ഇ സൈനികര്‍ കൊല്ലപ്പെട്ടത്. മആരിബ് പ്രവിശ്യയിലെ സഫര്‍ പ്രദേശത്ത് നടന്ന ആക്രമണത്തിലാണ് 45 പേരും മരിച്ചതെന്ന് യു.എ.ഇ സൈനിക അധികൃതര്‍ അറിയിച്ചു. 22 പേര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ 23 പേര്‍ കൂടി മരിച്ചതായി രാത്രി വൈകി ‘വാം’ റിപ്പോര്‍ട്ട് ചെയ്തു.
ആയുധപ്പുരക്ക് നേരെ വെള്ളിയാഴ്ച രാവിലെ ഭൂതല മിസൈല്‍ ആക്രമണമാണുണ്ടായതെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗര്‍ഗാശ് അറിയിച്ചു. വന്‍ സ്‌ഫോടനത്തോടെ ആയുധപ്പുര പൊട്ടിത്തെറിച്ചു. ഇവിടെയുണ്ടായിരുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. ം ഇത്രയധികം സൈനികരുടെ ജീവന്‍ ഒന്നിച്ച് നഷ്ടപ്പെട്ടത് യു.എ.ഇയെ ഞെട്ടിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.