ആനവേട്ട കേസ്: അന്വേഷണം പ്രമുഖരിലേക്കും നീളുന്നു

കോതമംഗലം: കേരളത്തിലെ ആനവേട്ടക്കേസിലെ അന്വേഷണം രാജ്യത്തെ വ്യവസായ പ്രമുഖര്‍ അടക്കമുള്ളവരിലേക്ക് നീളുന്നു. ആനക്കൊമ്പ് ശില്‍പങ്ങള്‍ വില്‍ക്കുന്ന ഇടനിലക്കാരില്‍നിന്ന് ലഭിച്ച ഡയറിയില്‍ വ്യവസായ പ്രമുഖരുടെയും പൊതുമേഖലാ സ്ഥാപന മേധാവികളുടെയും പേര് വിവരങ്ങളും ഫോണ്‍ നമ്പറും ആനക്കൊമ്പ് ശില്‍പങ്ങള്‍ എത്തിച്ച തീയതി അടക്കമുള്ള വിവരങ്ങളും കണ്ടെത്തിയതോടെയാണിത്. സംസ്ഥാന വനം വകുപ്പ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സിയായ വൈല്‍ഡ് ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഇതേക്കുറിച്ച് അന്വേഷണം തുടങ്ങി.

വിജയ് മല്യ, എ.സി മുത്തയ്യ, ആദിത്യ ബിര്‍ളാ ഗ്രൂപ്പിലെയും ഡാബര്‍ ഗ്രൂപ്പിലെയും ഉന്നതര്‍ തുടങ്ങിയവരുടെ പേരുകള്‍ ഇടനിലക്കാരുടെ ഡയറിയില്‍നിന്ന് കണ്ടെത്തിയെന്നാണ് സൂചന. പൂജാമുറിയില്‍ സൂക്ഷിക്കുന്നതിനുള്ള ആനക്കൊമ്പ് ശില്‍പങ്ങളാണ് പ്രമുഖര്‍ക്ക് ഇടനിലക്കാര്‍ എത്തിച്ചത്. ആനവേട്ടക്കേസില്‍ സാധാരണക്കാര്‍ പിടിയിലായപ്പോള്‍തന്നെ ആനക്കൊമ്പ് വില്‍പ്പനയ്ക്ക് പിന്നില്‍ ഉന്നതര്‍ ഉണ്ടാകാമെന്ന സൂചന ലഭിച്ചിരുന്നുവെന്ന് വനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു. സി.ബി.ഐ അന്വേഷണത്തിലൂടെ മാത്രമെ ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവരൂവെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.