ഷൂട്ടിങ് റേഞ്ച് നിര്‍ബന്ധിച്ച് പൊലീസിനെ ഏല്‍പ്പിക്കില്ല: തിരുവഞ്ചൂര്‍

തിരുവനന്തപുരം: ദേശീയ ഗെയിംസിനായി തൃശൂര്‍ പൊലിസ് അക്കാദമിയില്‍ നിര്‍മിച്ച ഷൂട്ടിങ് റേഞ്ച് നിര്‍ബന്ധിച്ച് പൊലീസിനെ ഏല്‍പ്പിക്കില്ലന്ന് കായിക വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഷൂട്ടിങ് റേഞ്ച് പൊലീസിനെ ഏല്‍പ്പിച്ചതു മന്ത്രിസഭയുടെ തീരുമാനപ്രകാരമാണ്. പുറത്ത് നിന്നുള്ള ആളുകള്‍ക്ക് പരിശീലനത്തിനുള്ള അവസരം നല്‍കണം. ഷൂട്ടിങ് റേഞ്ച് ലാഭകരമായി മുന്നോട്ട് കൊണ്ട് പോകണമെന്നാണ് തന്റെ അഭിപ്രായം.

പുതിയ വിവാദത്തിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഡിയങ്ങളുടെ സംരക്ഷണം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ ഗെയിംസ് സിഇഒ ജേക്കബ് പുന്നൂസ്, ശിവശങ്കരന്‍ എന്നിവരെ ഉള്‍പ്പെടുത്തി സമിതിക്കു രൂപം നല്‍കിയിട്ടുണ്ടന്നും, ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. അഞ്ചരക്കോടി മുടക്കി നിര്‍മിച്ച ഷൂട്ടിങ് റേഞ്ച് കളിക്കളമൊഴിഞ്ഞ് ഏഴുമാസം തികയുന്നതിനു മുന്‍പാണ് മഴവെള്ളം കയറി നശിക്കുന്നത്.

ഏഷ്യയിലെ ഏറ്റവും മികച്ച ട്രാപ് ആന്‍ഡ് സ്‌കീറ്റ് ഷൂട്ടിങ് റേഞ്ചെന്നാണ് ഒളിംപ്യന്‍മാരുള്‍പ്പെടെയുള്ളവര്‍ തൃശൂരിലെ റേഞ്ചിനെ വിശേഷിപ്പിച്ചത്. ഭൂനിരപ്പിനു താഴെ ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന ബങ്കര്‍ ഹൗസുകളിലേക്ക് മഴവെള്ളം ഒലിച്ചിറങ്ങുന്നു. ഷൂട്ടിങ് റേഞ്ചിന്റെ ഹൃദയം എന്ന് വിശേഷിപ്പിക്കാവുന്ന മെഷീനുകളാണ് ഇങ്ങനെ വെള്ളത്തിലായത്. ജപ്പാന്‍ നിര്‍മിതമായ 45 മെഷീനുകള്‍ ഇങ്ങിനെ നശിച്ചു. മല്‍സരത്തിലെ ടാര്‍ജറ്റായി ഉപയോഗിക്കുന്ന പത്ത് ലക്ഷം രൂപയുടെ ക്‌ളേബേര്‍ഡും 30 ലക്ഷം രൂപയുടെ തോട്ടകളും ഈര്‍പ്പം തട്ടി നശിച്ചവയില്‍ ഉള്‍പ്പെടും.

© 2024 Live Kerala News. All Rights Reserved.