ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ അന്തരിച്ചു.

മുംബൈ: പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ ആദേശ് ശ്രീവാസ്തവ (51) അന്തരിച്ചു. അഞ്ചു വര്‍ഷമായി അര്‍ബുദരോഗബാധിതനായിരുന്നു. മുംബൈ കോകില ബന്‍ ആസ്പത്രിയിലായിരുന്നു ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഏതാനും നാളുകളായി ഗുരുതരാവസ്ഥയിലായിരുന്നു.

ഏതാണ്ട് നൂറോളം ഹിന്ദി ചിത്രങ്ങള്‍ക്ക് ആദേശ് സംഗീതം പകര്‍ന്നിട്ടുണ്ട്. ചല്‍തെ, ചല്‍തെ, ബാഗ്ബന്‍, കഭി ഖുഷി, കബി ഖം എന്നിവയാണ് പ്രശസ്തമായ ചിത്രങ്ങള്‍. ഇനിയും പുറത്തിറങ്ങാത്ത കന്യാദാനായിരിന്നു അരങ്ങേറ്റ ചിത്രം. ലത മങ്കേഷ്‌കറാണ് ആദ്യ ഗാനം പാടിയതെങ്കിലും ചിത്രം വെളിച്ചം കാണാത്തതിനാല്‍ ഗാനങ്ങളൊന്നും ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടാമത്തെ ചിത്രമായ ജാനെ തമന്നയുടെയും ഗതി വ്യത്യസ്തമായിരുന്നില്ല. എന്നാല്‍, ആവോ പ്യാര്‍ കരേന്‍ എന്ന ചിത്രത്തിലൂടെ ആദേശ് തന്റെ വരവറിയിച്ചു. ഇതിലെ ഹാത്തോം മേ ആ ഗയ ആദേശിന് വലിയ ആരാധകരെ നേടിക്കൊടുത്തു ബോളിവുഡില്‍. തുടര്‍ന്ന് ഇറങ്ങിയ സല്‍മ പെ ദില്‍ ആഗെ, ശാസ്ത്ര എന്നിവയിലൂടെ ആദേശിന്റെ കീര്‍ത്തി വളര്‍ന്നു.

സംഗീത സംവിധാനം നിര്‍വഹിക്കുന്നതിന് പുറമെ നിരവധി ഗാനങ്ങള്‍ പാടിയിട്ടുമുണ്ട് ആദേശ്. സോന സോന, ഗുസ്തഖിയാന്‍, ഗുര്‍ നാലോ ഇഷ്ഖ് മിത്ത എന്നിവയായിരുന്നു ശ്രദ്ധേയം. ഇരുപത്തിയഞ്ച് ചിത്രങ്ങള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ അനീസ് ബാസ്മിയുടെ ജോണ്‍ അബ്രഹാം ആക്ഷന്‍ കോമഡി ചിത്രമായ വെല്‍ക്കം ബാക്കാണ് സംഗീതം നല്‍കിയ അവസാന ചിത്രം.

സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞശേഷം സനാ എന്ന പേരില്‍ ബാലവേശ്യാവൃത്തി ഇതിവൃത്തമായി ഇരു ഹൃസ്വചിത്രം സംവിധാനം ചെയ്തു. ടി.വി. ചാനലുകളിലെ റിയാല്‍റ്റി ഷോകളില്‍ വിധികര്‍ത്താവും സജീവമായിരുന്നു.

ഷക്കീര, അകോണ്‍, ജൂലിയ ഫോര്‍ദാം, വൈക്ലെഫ് ജീന്‍, ഡോമിനിക്ക് മില്ലര്‍, തുടങ്ങിയ ലോകപ്രശസ്ത കലാകാരന്മാര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.

സംഗീത സംവിധായക ജോഡിയായ ജതിന്‍, ലളിത്മാരുടെയും ചലച്ചിത്രതാരം സുലക്ഷണ പണ്ഡിറ്റിന്റെയും സഹോദരി വിജേത പണ്ഡിറ്റാണ് ഭാര്യ. മക്കള്‍: അനിവേഷ്, അവിതേഷ്.

© 2024 Live Kerala News. All Rights Reserved.