സെറീന വില്യംസ് നാലാം റൗണ്ടില്‍ : ഡേവിഡ് ഫെറര്‍ പുറത്ത്

ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നിസില്‍ അട്ടിമറികളുടെ ദിനം. മുന്‍നിര താരങ്ങളായ ഡേവിഡ് ഫെററും അഗ്‌നിയേസ്‌ക്ക റഡ്വാന്‍സ്‌ക്കയും ടോമി റോബ്രഡോയുമെല്ലാം അട്ടിമറിയുടെ എരിവറിഞ്ഞു. നിലവിലെ ചാമ്പ്യന്‍ സെറീന വില്ല്യംസാവട്ടെ അട്ടിറിയില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടാണ് നാലാം റൗണ്ടിലേയ്ക്ക് മുന്നേറിയത്. ഒന്നാം സീഡ് നൊവാക് ദ്യോകോവിച്ചിനും നാലാം റൗണ്ടിലെത്താന്‍ നന്നായി തന്നെ വിയര്‍ക്കേണ്ടിവന്നു. സെറീനയുടെ സഹോദരി വീനസും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. പുരുഷ സിംഗിള്‍സില്‍ നിലവിലെ ചാമ്പ്യന്‍ മാരിന്‍ സിലിച്ചും നാലാം റൗണ്ടിലേയ്ക്ക് മുന്നേറി.

പുരുഷ സിംഗിള്‍സില്‍ ഇറ്റലിയുടെ 25ാം സീഡ് ആന്ദ്രെ സെപ്പിക്കെതിരെ പൊരുതി ജയിച്ചാണ് ദ്യോകോവിച്ച് നാലാം റൗണ്ടിലെത്തിയത്. ആദ്യ സെറ്റ് ഏറെക്കുറെ അനായാസമായി ജയിച്ച ദ്യോകോവിച്ചിനെ പിന്നീടുള്ള രണ്ട് സെറ്റിലും വരിഞ്ഞുകെട്ടി സെപ്പി. സ്‌കോര്‍: 63, 75, 75.

പതിനാലാം സീഡ് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ മറികടന്നെത്തിയ സ്‌പെയിനിന്റെ 23ാം സീഡ് റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗട്ടാണ് (26, 57, 63, 31) ക്വാര്‍ട്ടറിന് മുന്‍പ് ദ്യോകോവിച്ചിന്റെ എതിരാളി. 21 എന്ന നിലയില്‍ ലീഡ് ചെയ്യുമ്പോള്‍ ഗോഫിന്‍ പിന്‍വാങ്ങുകയായിരുന്നു.

കസാക്കിസ്ഥാന്റെ മിഖായല്‍ കുകുഷ്‌കിന്നിനെതിരെ ആദ്യ സെറ്റ് നഷ്ടപ്പെടുത്തിയശേഷമാണ് നിലവിലെ ചാമ്പ്യന്‍ മാരിന്‍ സിലിച്ച് രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ജയിച്ച് നാലാം റൗണ്ടിലെത്തിയത്. സ്‌കോര്‍: 67, 76, 63, 67, 61.

അട്ടിമറി നേരിട്ട മറ്റൊരു മുന്‍നിരതാരം ഇരുപത്തിയാറാം സീഡ് സ്‌പെയിനിന്റെ ടോമി റോബ്രെഡോയെ ഫ്രാന്‍സിന്റെ സീഡില്ലാതാരം ബെനോള്‍ട്ട് പാല്‍ട്രെ അട്ടിമറിച്ചു (76, 61, 61). പത്താം സീഡ് കാനഡയുടെ മിലോസ് റാവോനിച്ചിനെ പതിനെട്ടാം സീഡ് ഫെല്‍സിയാനോ ലോപ്പസും വീഴ്ത്തി. സ്‌കോര്‍: 62, 76 (4), 63).

പുരുഷ സിംഗിള്‍സിലെ മറ്റു മത്സരങ്ങളില്‍ പത്താം സീഡ് കാനഡയുടെ മിലോസ് റാവോനിച്ച് പതിനെട്ടാം സീഡ് ല്‍െസിയാനോ ലോപ്പസിനെയും (26, 67, 36) പത്തൊന്‍പതാം സീഡ് ജോ വില്‍ഫ്രഡ് സോംഗ യുക്രെയിനിന്റെ സെര്‍ജി സ്റ്റാഖോവ്‌സ്‌കിയെയും (63, 75, 62) തോല്‍പിച്ചു.

ഒന്നാം സെറ്റ് കൈവിട്ട് വിറച്ചശേഷമാണ് ചരിത്രം കുറിക്കാനെത്തിയ നിലവിലെ ചാമ്പ്യനും ഒന്നാം സീഡുമായ സെറീന വില്ല്യംസ് നാട്ടുകാരിയായ ബെഥാനി മാറ്റെക് സാന്‍ഡ്‌സിനെ മറികടന്നത്. സ്‌കോര്‍: 36, 75, 60. സഹോദരി വീനസിന് പക്ഷേ, അത്ര വലിയ വെല്ലുവിളി നേരിടേണ്ടിവന്നില്ല. ഇരുപത്തിമൂന്നാം സീഡായ വീനസ് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സ്വിസ്താരം ബെല്ലിന്‍ഡ് ബെസിച്ചിനെ തോല്‍പിച്ചത്. സ്‌കോര്‍: 63, 64.

പോളിഷ് താരം പതിനഞ്ചാം സീഡ് അഗ്‌നിയേസ്‌ക്ക റഡ്വാന്‍സ്‌ക്കയെ പത്തൊന്‍പതാം സീഡും യു.എസ്. താരവുമായ മാഡിസണ്‍ കൈയ്‌സാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് തറപറ്റിച്ചത്. സ്‌കോര്‍: 63, 62. കാനഡയുടെ യൂജിന്‍ ബൗച്ചാര്‍ഡ് സ്ലോവാക്യയുടെ ഡോമിനിക്ക ക്ലുബുക്കോവയെ (76 (6), 46, 63) തോല്‍പിച്ച് നാലാം റൗണ്ടിലെത്തി.

© 2024 Live Kerala News. All Rights Reserved.