ക്രീസില്‍ നിറഞ്ഞുകളിക്കും സമിത്ത് ദ്രാവിഡ്

ബെംഗളൂരു: സമിത്തിന്റെ നിര്‍ണായകമായ 93 റണ്‍സ് മല്യ അതിഥി ഇന്റര്‍നാഷനല്‍ സ്‌കൂളിന്റെ അഭിമാനം മാത്രമല്ല, പിതാവ് രാഹുല്‍ ദ്രാവിഡിനെ ക്രീസില്‍ ഇനിയും കാണണമെന്ന് ആഗ്രഹിച്ചവര്‍ക്കുള്ള മറുപടിയും കൂടിയാണ്. ബെംഗളൂരുവില്‍ നടക്കുന്ന അണ്ടര്‍ 12 ടൂര്‍ണമെന്റിലാണ് സമിത്ത് ദ്രാവിഡ് എന്ന ഒന്‍പതു വയസുകാരന്‍ തിളങ്ങി നില്‍ക്കുന്നത്.

ഡല്‍ഹി പബ്ലിക് സ്‌കൂളിനെതിരായ (വൈറ്റ്ഫീല്‍ഡ്) മല്‍സരത്തില്‍ സമിത്ത് ദ്രാവിഡ് നേടിയ 93 റണ്‍സാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാര വിഷയം. ആദ്യം ബാറ്റ് ചെയ്ത മല്യ അതിഥി ഇന്റര്‍നാഷനല്‍ സ്‌കൂള്‍ 16 ഓവറില്‍ മൂന്നു വിക്കറ്റിന് ടീം 168 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹി പബ്ലിക് സ്‌കൂളിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

ഈയാഴ്ച തന്നെ മറ്റൊരു മല്‍സരത്തില്‍ ഈ ഒന്‍പതുവയസ്സുകാരന്‍ 77 റണ്‍സ് നേടിയിരുന്നു.

അതേസമയം, ഇന്ത്യയുടെ വന്‍മതിലെന്നു വിശേഷിപ്പിക്കപ്പെടുന്ന പിതാവിന്റെ പാതയില്‍ തികച്ചും വ്യത്യസ്തനാണ് സമിത്ത് ദ്രാവിഡ്. കളത്തില്‍ നിറഞ്ഞു കളിക്കുന്നതാണ് ഈ വലംകയ്യന്‍ ബാറ്റ്‌സ്മാന്റെ ശൈലി. നിലവില്‍ ഇന്ത്യ എ ടീമിന്റെ പരിശീലകനായ രാഹുല്‍ ദ്രാവിഡിനു സമിത്തിനെ കൂടാതെ അന്‍വെ എന്ന മകനുമുണ്ട്. ഇരുവരും ഐപിഎല്ലില്‍ വേദികളിലും പരിശീലന ഗ്രൗണ്ടിലും സ്ഥിരം സാന്നിധ്യമാണ്. ഈ പരിശീലന ഗ്രൗണ്ടില്‍ അന്‍വെ ഡൈവ് ചെയ്‌തെടുത്ത ക്യാച്ച് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.

© 2024 Live Kerala News. All Rights Reserved.