ഇന്ത്യയില്‍ 35 കോടിയിലധികം പേര്‍ ഇന്റര്‍നെറ്റ് വരിക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം 35.4 കോടിയലധികാണെന്ന് ഇന്റര്‍നെറ്റ് ആന്റ് മൊബൈല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ(ഐഎഎംഎഐ). ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണത്തില്‍ ഈ വര്‍ഷം ആദ്യത്തെ ആറ് മാസം മാത്രം 17 ശതമാനം വര്‍ധനയുണ്ടായി. 2014ല്‍ ഡിസംബറിലെ കണക്കുപ്രകാരം നെറ്റ് വരിക്കാരുടെ എണ്ണം 30.2 കോടിയായിരുന്നു. 2014ല്‍ വരിക്കാരുടെ എണ്ണത്തില്‍ 32 ശതമാനമായിരുന്നു വര്‍ധന.

രാജ്യത്തെ ഇന്റര്‍നെറ്റ് വരിക്കാരുടെ എണ്ണം കുതിച്ചുയരുകയാണെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍. നെറ്റ് വരിക്കാരുടെ എണ്ണം ഒരു കോടിയില്‍ നിന്നും 10 കോടിയിലെത്താന്‍ ഏതാണ്ട് ഒരു പതിറ്റാണ്ടിലേറെ കാലമെടുത്തു. മൂന്ന് വര്‍ഷംകൊണ്ടാണ് 20 കോടിയെന്ന നമ്പര്‍ മറികടന്നത്. 30 കോടിയിലെത്താന്‍ വേണ്ടിവന്നത് ഒരു വര്‍ഷം മാത്രം.

മുഖ്യധാരയിലാണ് രാജ്യത്ത് ഇന്റര്‍നെറ്റിന്റെ ഇടമെന്ന് ഐഎഎംഎഐ അസോസിയേറ്റ് വൈസ് പ്രസിഡണ്ട് നിലോത്പാല്‍ ചക്രവര്‍ത്തി പ്രസ്താവനയില്‍ പറഞ്ഞു. മൊബൈല്‍ ഇന്റര്‍നെറ്റിനാണ് നെറ്റ് വരിക്കാരുടെ എണ്ണം വര്‍ധിച്ചതില്‍ മുഖ്യപങ്ക്. സ്മാര്‍ട്ട്‌ഫോണുകള്‍ തുച്ഛമായ വിലയ്ക്ക് ലഭ്യമായതും മൊബൈല്‍ കമ്പനികളുടെ കുറഞ്ഞനിരക്കിലുള്ള താരിഫുകളും നെറ്റ് വരിക്കാരുടെ എണ്ണം വര്‍ധിക്കുന്നതിന് ചാലകശക്തിയായി. നെറ്റ് വരിക്കാരുടെ എണ്ണം വര്‍ധിക്കുന്നത് രാജ്യത്തെ ഡിജിറ്റല്‍ വാണിജ്യത്തിന് കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു.

ജൂണ്‍ മാസത്തെ കണക്ക് പ്രകാരം മൊബൈല്‍ ഇന്റര്‍നെറ്റ് യൂസര്‍മാരുടെ എണ്ണം 21.3 കോടിയാണ്. ഇതില്‍ 12.8 കോടി പേര്‍ നഗരവാസികളും 4.5 കോടി പേര്‍ ഗ്രാമവാസികളുമാണ്.

© 2024 Live Kerala News. All Rights Reserved.