പ്രമേഹത്തെ പേടിക്കേണ്ടതുണ്ടോ? പ്രമേഹ രോഗിയുടെ 10 ഭീതികള്‍

പ്രമേഹത്തെ പേടിയില്ലാത്തവരായിരുന്നു ഏറെയും എന്നാല്‍ പ്രമേഹത്തെ അറിഞ്ഞു തുടങ്ങിയപ്പോള്‍ പ്രമേഹവും ഭീതിയായി മാറി. പ്രമേഹത്തെ ഭയക്കുന്നതു അടിസ്ഥാനരഹിതമാണ് എന്നു സ്ഥാപിക്കുവാനല്ല ശ്രമിക്കുന്നത്. നമ്മുടെ നാട്ടില്‍ പ്രമേഹത്തോടു മാത്രമല്ല പേടി. പ്രമേഹ മരുന്നുകളെ പേടിയാണ്. പ്രേമഹ ചികിത്സയെ പേടിയാണ്. അങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട ഭീതികളുടെ പട്ടിക നീളുന്നു. ഈ പേടികളെല്ലാം ചേര്‍ന്ന് പ്രമേഹചികിത്സയുടെ താളം തെറ്റിക്കുകയും രോഗികളെ വിവിധ രോഗാവസ്ഥകളുടെ പടുകുഴിയിലേക്കു തള്ളിവിടുകയും ചെയ്യുന്നു.

ഇത്തരം ഭയം വളര്‍ത്തുന്നതിനു പിന്നില്‍ അല്‍പജ്ഞാനികളുടെ പങ്ക് വലുതാണ്. വിദഗ്ധനായ ഒരു ഡോക്ടര്‍ പറയുന്നതിനെപ്പോലും അവിശ്വസിച്ചു കൊണ്ട് തട്ടിപ്പു ചികിത്സകളുടെയും ഒറ്റമൂലികളുടെയും പുറകേ പായാന്‍ പ്രേരിപ്പിക്കുന്നവരാണ് ഈ ഉപദേശികളില്‍ പലരും. അങ്ങനെ പ്രമേഹവുമായി ബന്ധപ്പെട്ട ഭീതി ഒരു മൂടുപടം പോലെ രോഗിയെ കീഴടക്കുന്നു. എന്നാല്‍ അത്തരം ഭീതികളുടെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് അവയെ തോല്‍പിക്കുവാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.
1. മരുന്നുകളോടുള്ള ഭയം

ഇതു വളരെ സാധാരണയായി കണ്ടുവരുന്ന ഒരു ഭയമാണ്. ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ എടുക്കാന്‍ ഭയം, ഗുളികകള്‍ ഉപയോഗിക്കുവാന്‍ ഭയം, തുടര്‍ച്ചയായി മരുന്നുകള്‍ ഉപയോഗിക്കുവാന്‍ ഭയം ഇങ്ങനെയുള്ള അടിസ്ഥാനരഹിതമായ ഭയാശങ്കകള്‍ തന്നെയാണു വിദ്യാഭ്യാസമുള്ള മലയാളിയെയും അനധികൃതമായ, അംഗീകരിക്കപ്പെടാത്ത ചികിത്സാരീതികളിലേക്ക് ആകര്‍ഷിക്കുന്നത്. മരുന്നുകള്‍ ഒഴിവാക്കുവാനും മരുന്നുകളുടെ എണ്ണം കുറയ്ക്കുവാനും രോഗികള്‍ ശ്രമിക്കുന്നു. അലോപ്പതി മരുന്നുകള്‍ ഒഴിവാക്കി മറ്റ് ഔഷധങ്ങള്‍ തേടിപ്പോകുന്നു. എന്നാല്‍ ശാസ്ത്രീയമായ മരുന്നുപരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെട്ട ഔഷധങ്ങള്‍ മാത്രമേ പ്രമേഹചികിത്സയ്ക്ക് ഉപയോഗിക്കുവാന്‍ പാടുള്ളൂ. ഫലപ്രദമെന്നു തെളിയിക്കപ്പെട്ട മരുന്നുകള്‍ക്കു തീര്‍ച്ചയായും പാര്‍ശ്വഫലങ്ങളും ഉണ്ടാകും.

സത്യത്തില്‍ ഭയക്കേണ്ടത് പരീക്ഷണങ്ങള്‍ക്കും ശാസ്ത്രീയ വിശകലനങ്ങള്‍ക്കും വിധേയമാക്കാത്ത മരുന്നുകളെയാണ്. മരുന്നുകളെ ഭയന്നു ചികിത്സ ഒഴിവാക്കാനോ നീട്ടിവയ്ക്കുവാനോ ശ്രമിക്കുമ്പോള്‍ അവയവങ്ങളെ അല്‍പാല്‍പമായി പ്രമേഹം നശിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന നഗ്‌നയാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക. വാസ്തവത്തില്‍ ആ അവസ്ഥയെ ആണു നാം ഭയക്കേണ്ടത്. മരുന്നുകളെയല്ല.

2. പ്രമേഹം ഉണ്ട് എന്നറിയുമ്പോള്‍

പ്രമേഹമുണ്ട് എന്നറിയുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്ന വികാരങ്ങളാണു ഞെട്ടല്‍, നിഷേധം, ഭയം തുടങ്ങിയവയും ആ പരിശോധനാഫലം തെറ്റായിരിക്കാം എന്ന വെറുതെയെങ്കിലുമുള്ള ഒരു ആഗ്രഹവും. പക്ഷേ, ഈ വികാരങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഭയം തന്നെയാണ്. പ്രമേഹം പുതുതായി കണ്ടെത്തുന്നവര്‍ ഒരു കാരണവശാലും ഭയക്കരുത്. അത്യാവശ്യം പ്രാരംഭദശയില്‍ തന്നെ അതു കണ്ടെത്തുവാന്‍ കഴിഞ്ഞല്ലോ എന്ന് ആശ്വസിക്കുകയാണു വേണ്ടത്.

രക്തപരിശോധനയില്‍ HbA 1c 6.5% എത്തുമ്പോഴാണു പ്രമേഹം ഉണ്ട് എന്നു തീര്‍ച്ചപ്പെടുത്താന്‍ കഴിയുന്നത്. മനസിന്റെ ശക്തി അല്‍പം പോലും കൈവിടാതെ കണ്ണ്, വൃക്ക, നാഡീവ്യൂഹങ്ങള്‍, കരള്‍ തുടങ്ങി എല്ലാ അവയവങ്ങളും പരിശോധിച്ച് അനുബന്ധരോഗങ്ങള്‍ പിടിപെട്ടിട്ടുണ്ടോ എന്നു തിരിച്ചറിയണം. തുടര്‍ന്ന് വിദഗ്ധ ഡോക്ടര്‍, ഡോക്ടറോടൊപ്പമുള്ള ഡയറ്റീഷ്യന്‍, ഡയബറ്റിസ് നഴ്‌സ്, ഡയബറ്റിസ് എഡ്യുക്കേറ്റേഴ്‌സ് തുടങ്ങിയവരുടെ നിര്‍ദേശങ്ങള്‍ സ്വീകരിച്ചു സധൈര്യം ചികിത്സ ആരംഭിക്കുകയാണു വേണ്ടത്.

പ്രമേഹം കണ്ടെത്തുമ്പോള്‍ പഞ്ചസാര, കൊളസ്‌ട്രോള്‍, രക്തസമ്മര്‍ദം എന്നിവ വളരെ കൂടുതലാണെങ്കില്‍ ചികിത്സ തുടങ്ങി അല്‍പനാളുകള്‍ക്കുശേഷമായിരിക്കാം വ്യായാമമുറകള്‍ തുടങ്ങേണ്ടത്. രോഗം കണ്ടെത്തിയ ഭയം കാരണം പിറ്റേദിവസം മുതല്‍ കഠിനമായ വ്യായാമം തുടങ്ങുന്നത് ഒരുപക്ഷേ, ആപത്തായി മാറിയേക്കും. ശാസ്ത്രീയമായ വിജ്ഞാനവും വിദഗ്ധനിര്‍ദേശങ്ങളുമാണ് പ്രമേഹനിയന്ത്രണത്തിനു നല്ലത്.

3. പഞ്ചസാര കുറഞ്ഞുപോയാല്‍

കേരളത്തിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്, ചികിത്സ സ്വീകരിക്കുന്നവരില്‍ 20 ശതമാനം രോഗികള്‍ക്കു മാത്രമേ വിജയകരമായി ചികിത്സിക്കാന്‍ കഴിയുന്നുള്ളൂ എന്നാണ്. ഇത് ഞെട്ടിപ്പിക്കുന്ന യാഥാര്‍ഥ്യമാണ്. പ്രമേഹം ചികിത്സിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാര കുറഞ്ഞുപോകുമോ എന്ന ഭയം മൂലം പല രോഗികളും ഔഷധങ്ങളുടെ യഥാര്‍ഥ ഡോസ് സ്വീകരിക്കില്ല. പ്രമേഹത്തിനു ചികിത്സിക്കുന്നവരിലും 80 ശതമാനത്തിലേറെപേര്‍ക്കും അനുബന്ധരോഗങ്ങള്‍ വരുന്നതു ഈ മരുന്നുകുറയ്ക്കല്‍ മൂലമാണ്.

രോഗിയുടെ പഞ്ചസാരയുടെ നിലവാരം എത്രയാണ് എന്നു തിട്ടപ്പെടുത്താതെ ഔഷധം കൃത്യമായി കുറിക്കാന്‍ സാധിക്കുകയില്ല. രക്തപരിശോധനകള്‍ ശാസ്ത്രീയമായി നടത്തി മാത്രമേ ഔഷധങ്ങളുടെ പ്രത്യേകിച്ചും ഇന്‍സുലിന്റെ അളവു തീരുമാനിക്കാന്‍ കഴിയൂ. അതു പലരിലും ആഴ്ചയിലൊരിക്കലോ ചിലപ്പോള്‍ മാസത്തില്‍ പല പ്രാവശ്യമോ മാറ്റിക്കൊണ്ടോ ഇരിക്കേണ്ടിവരും. വ്യായാമവും മാനസികനിലയും ഭക്ഷണരീതികളും കാലാവസ്ഥയും ഒക്കെ രക്തത്തിലെ പഞ്ചസാരയുടെ വ്യതിയാനങ്ങള്‍ക്കു കാരണമാകും. ഇതു ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്നു കുറഞ്ഞുപോകും എന്ന ഭയം ഉള്ളവര്‍ ഔഷധത്തിന്റെ യഥാര്‍ഥ ഡോസിനു പകരം കുറഞ്ഞ അളവ് സ്വീകരിക്കും. ഇതാണ് പ്രമേഹ ചികിത്സയിലെ പ്രധാന പരാജയകാരണം.

തീവ്രചികിത്സയിലൂടെ രക്തത്തിലെ പഞ്ചസാര വളരെ നോര്‍മലായിട്ടു നിലനിറുത്തുവാന്‍ കഴിയുന്നവര്‍ കൃത്യമായ ഇടവേളകളില്‍ ഡയറ്റീഷ്യന്‍ നിര്‍ദേശിക്കുന്ന പ്രകാരം ലഘുഭക്ഷണം കഴിച്ചുകൊണ്ടിരിക്കണം. ഇല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാര പെട്ടെന്നു താഴ്ന്നു പോകാം. പഞ്ചസാര പെട്ടെന്നു കുറഞ്ഞുപോയാല്‍ അതു ഗുരുതര പ്രത്യാഘാതങ്ങള്‍ക്കു കാരണമാകാം. ചുരുക്കം ചില വേളകളില്‍ മരണം വരെ സംഭവിക്കാം. എന്നാല്‍ ഹൈപ്പോഗ്ലൈസീമിയയെ പേടിച്ച് മരുന്നു കുറയ്ക്കുകയല്ല ആ അവസ്ഥ ഒഴിവാക്കുവാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ഫലപ്രദമായി പ്രമേഹ ഔഷധങ്ങള്‍ പ്രയോജനപ്പെടുത്തുവാനും രോഗികള്‍ക്ക് കഴിയണം. അങ്ങനെ ഹൈപ്പോഗ്ലൈസീമിയ എന്ന ഭയം കൂടാതെ നമുക്കു ലക്ഷ്യത്തിലെത്തുവാന്‍ തക്കവിധത്തില്‍ പ്രമേഹം വിജയകരമായി ചികിത്സിക്കണം.

4. യാത്രകളെ ഭയം

പ്രമേഹം നന്നായി ചികിത്സിക്കുന്ന രോഗികള്‍ക്കു യാത്രകള്‍ പേടിസ്വപ്നമാണ്. ഏറ്റവും കൂടുതല്‍ പ്രമേഹരോഗികളുള്ള ഒരു നാടാണെങ്കില്‍ പോലും പ്രമേഹരോഗികള്‍ക്കു രോഗം വര്‍ധിപ്പിക്കുന്ന ഒരു സാഹചര്യമാണു നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലുള്ളത്. സഞ്ചരിക്കുന്ന വേളയില്‍ മധുരമില്ലാത്ത ചായ, കാപ്പി, മധുരം ചേര്‍ക്കാത്ത പാനീയങ്ങള്‍ ഇവയൊക്കെ ലഭിക്കാന്‍ നന്നേ പ്രയാസമാണ്. ഇന്ത്യന്‍ റയില്‍വേ പ്രമേഹരോഗികളുടെ നിരന്തരമുള്ള ആവശ്യം പരിഗണിച്ച് മധുരമില്ലാത്ത ചായയും കോഫിയും നല്‍കാന്‍ തീരുമാനിച്ചത് സ്വാഗതാര്‍ഹം തന്നെ.

ബസിലും ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോള്‍ മധുരമില്ലാത്ത ഭക്ഷണങ്ങള്‍ ലഭിക്കുവാന്‍ എത്ര ബുദ്ധിമുട്ടാണ്. അതുകൊണ്ടു തന്നെ കഴിവതും പ്രമേഹപ്രാരംഭാവസ്ഥയിലുള്ളവരും പ്രമേഹരോഗികളും യാത്രാവേളയില്‍ ആവശ്യമുള്ളത്രയും ഭക്ഷണം കൂടെ കരുതുന്നതാണു നല്ലത്. നിവൃത്തിയില്ലാതെ മധുരം കഴിക്കേണ്ടതായി വരികയാണെങ്കില്‍ അതിനനുസൃതമായി ഇന്‍സുലിന്‍ ഡോസ് കൂട്ടി എടുക്കാം. മധുരം മാത്രമല്ല എണ്ണയില്‍ വറുത്തവയും ഒഴിവാക്കാന്‍ ശ്രദ്ധിക്കണം. ഭക്ഷണപ്രശ്‌നത്തിനൊപ്പം യാത്രാക്ഷീണവും മരുന്നുകളും ഇന്‍സുലിനും സമയത്ത് ഉപയോഗിക്കാനുള്ള അസൗകര്യവും ദീര്‍ഘയാത്രകളില്‍ പ്രമേഹരോഗികള്‍ക്ക് ബുദ്ധിമുട്ടാകാറുണ്ട്. യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ തന്നെ ഈ പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി കണ്ട് പരിഹാരം കണ്ടെത്തണം. യാത്രകളെ ഭയക്കാതെ അത്തരം പ്രതിസന്ധികള്‍ നേരിടുവാനുള്ള ആസുത്രണമാണ് വേണ്ടത്.

5. ഡയാലിസിസ് പേടി

ഏതൊരു പ്രമേഹരോഗിയും ജീവിതത്തില്‍ ഏറ്റവുമധികം ഭയക്കുന്നതു വൃക്കരോഗങ്ങളും അതേ തുടര്‍ന്നുള്ള ഡയാലിസിസും വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയുമാണ്. മാനസികമായും ശാരീരികമായും സാമ്പത്തികമായും തകര്‍ന്നു പോകുന്ന ഒരവസ്ഥയാണു വൃക്കരോഗം വരുമ്പോഴുണ്ടാകുക. വൃക്കരോഗത്തിന്റെ ആരംഭത്തില്‍ പല രോഗികളും പറയുന്ന വാചകമുണ്ട്. എനിക്ക് എന്തു സംഭവിച്ചാലും ഞാന്‍ ഒരിക്കലും ഡയാലിസിസിനു വിധേയമാകില്ല സാര്‍. പക്ഷേ, ഈ തീരുമാനം പലര്‍ക്കും മാറ്റിമുറിക്കേണ്ടതായി വരും. പെട്ടെന്നു ശ്വാസംമുട്ടോ, അസ്വസ്ഥതയോ അനുഭവപ്പെടുമ്പോള്‍ ജീവിതം തുടരാനായി ഡയാലിസിസ് അല്ലാതെ വേറെ മാര്‍ഗമൊന്നുമില്ല. ആധുനിക ചികിത്സാവിധികളില്‍ വൃക്കരോഗം മൂര്‍ച്ഛിക്കാതെ പ്രമേഹം തുടര്‍ന്നു ചികിത്സിക്കുവാന്‍ നിരവധി മാര്‍ഗങ്ങളുണ്ട്.

വൃക്കരോഗം വരുമ്പോള്‍ ചികിത്സ വൃക്കയ്ക്കു മാത്രമാകരുത്. അതു പഞ്ചസാര, കൊഴുപ്പ്, രക്തസമ്മര്‍ദം തുടങ്ങി പല ഘടകങ്ങളെയാണു ചികിത്സയ്ക്കു വിധേയമാക്കുന്നത്. ആഴ്ചയില്‍ ഒന്നോ രണ്ടോ പ്രാവശ്യം രക്തസമ്മര്‍ദത്തിന്റെയും രക്തത്തിലെ പഞ്ചസാര ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ഔഷധങ്ങളുടെ സമയവും തോതുമൊക്കെ ചിലപ്പോള്‍ മാറ്റിക്കൊണ്ടിരിക്കേണ്ടതായി വരും. അഥവാ ഡയാലിസിസിനു വിധേയമാകേണ്ടി വന്നാല്‍ പോലും അതിനു വേണ്ടിയുള്ള തയാറെടുപ്പുകള്‍ എടുക്കുകയാണി രോഗികള്‍ ചെയ്യേണ്ടത്. ഭയം ഒന്നിനും ഒരു പ്രതിവിധിയല്ല.

വര്‍ഷങ്ങളോളം ചികിത്സ സ്വീകരിച്ചതിലും ഭക്ഷണക്രമീകരണങ്ങള്‍ നടപ്പാക്കിയതിലും അപാകത സംഭവിച്ചു. അലംഭാവം കാണിച്ചു എന്ന കുറ്റബോധം രോഗിക്കുണ്ടാകാം. എന്നാല്‍ ഭയം എന്ന വികാരം തുടര്‍ചികിത്സയ്ക്ക് ഒരു തടസമായി മാറരുത്. വൃക്കരോഗങ്ങള്‍ തടയാനും ഫലപ്രദമായി ചികിത്സിക്കാനും രോഗികള്‍ക്കു സ്വാഭാവികജീവിതം നയിക്കുന്നതിനും ചികിത്സാവിധികളുണ്ട്. ശരിയായ മാര്‍ഗം തടസം കൂടാതെ സ്വീകരിക്കുക. സന്തോഷമായി ജീവിതം തുടരുക.

6. സംഭോഗ ഭീതി

പ്രമേഹരോഗികള്‍ക്കു ലൈംഗിക ആവേശം കുറയുവാനും അതുപോലെ ലിംഗത്തിന്റെ ഉദ്ധാരണ ശക്തിയില്‍ വ്യതിയാനങ്ങള്‍ വരുവാനും സാധ്യതയുണ്ട്. സംഭോഗവേളയില്‍ നനവു കുറയുന്നതു കാരണം പ്രമേഹരോഗികളായ സ്ത്രീകള്‍ക്കു വേദന അനുഭവപ്പെടുന്നതും സാധാരണയാണ്. ഇത്തരം കാര്യങ്ങള്‍ വായിച്ചും കേട്ടും അറിവുള്ളതിനാല്‍ ഈ രോഗങ്ങളൊന്നുമില്ലാത്ത പ്രമേഹരോഗികള്‍ക്കും ഇതെല്ലാം ഉണ്ട്. ഉണ്ടാകാന്‍ സാധ്യതയുണ്ട് എന്ന ഭയം പൊതുവെ നിലവിലുണ്ട്. ഈ ഭയം രോഗം ഇല്ലാത്തവരില്‍ പോലും ആശങ്കകള്‍ക്കു കാരണമാകുന്നു. ലൈംഗികവേളയിലെ സുഖവും സന്തോഷവും സംതൃപ്തിയും എക്കാലവും നിലനിറുത്തുവാന്‍ പ്രമേഹരോഗികള്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രമേഹം കണ്ടുപിടിക്കപ്പെടുന്ന വേളയില്‍ തന്നെ ഇത്തരം രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുന്നെങ്കില്‍ അതു ഡോക്ടറോട് പറയണം.

ചില പുരുഷന്മാരില്‍ പ്രമേഹരോഗത്തിന്റെ പ്രാരംഭദശയില്‍ തന്നെ ലിംഗത്തിന്റെ അഗ്രത്തിലായി ചൊറിച്ചിലും മുറിപ്പാടുകളും ഉണ്ടായേക്കും. ഇതു ചികിത്സകനെ അറിയിച്ചു വേണ്ടവിധത്തില്‍ പരിഹരിക്കണം. പ്രമേഹരോഗം പ്രാരംഭത്തിലെ എട്ടോ പത്തോ വര്‍ഷങ്ങളില്‍ അസ്വസ്ഥതയോ, അസുഖലക്ഷണങ്ങളോ പ്രകടിപ്പിക്കാതിരിക്കാം. അക്കാരണം കൊണ്ടുതന്നെ രോഗം വളരെ കൂടുതലാണ് എന്നു രക്തപരിശോധനയിലൂടെ തെളിഞ്ഞാലും അജ്ഞത കൊണ്ടോ, അറിവില്ലായ്മ കൊണ്ടോ ജോലിത്തിരക്കു കാരണമോ പല ചെറുപ്പക്കാരും ചികിത്സയില്‍ ശ്രദ്ധിക്കാറില്ല. സ്വയം രക്തപരിശോധന നടത്തുവാനോ ചികിത്സാസംഘത്തിന്റെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പരിശോധനകളും ഔഷധങ്ങളും ഇടവേളകളില്‍ പുനര്‍ക്രമീകരിക്കുവാനും ഉപദേശങ്ങള്‍ സ്വീകരിക്കുവാനും പലരും തയാറാകുന്നില്ല.

ലിംഗത്തിന്റെ ഉദ്ധാരണശക്തി കുറഞ്ഞുവരുന്നതു പ്രമേഹരോഗ ചികിത്സയില്‍ പാകപ്പിഴകള്‍ വരുമ്പോഴാണ്. എന്നാല്‍ വരാനിരിക്കുന്ന ഒരു ഹൃദ്രോഗത്തിന്റെയോ പക്ഷാഘാതത്തിന്റെയോ മുന്നോടിയായിട്ടും ഇതിനെ കാണാം. ലൈംഗികശേഷി കുറവാണെങ്കില്‍ സംഭോഗതാല്‍പര്യം കുറഞ്ഞുവരികയാണെങ്കില്‍ സംഭോഗവേളയില്‍ വേദന തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചികിത്സിക്കണം. പക്ഷേ, പ്രമേഹം ഉണ്ടാക്കുന്ന മറ്റേതൊരു രോഗത്തെയും പോലെ ആ ഒരു അസുഖലക്ഷണത്തിന്റെയോ അവയവത്തിന്റെയോ ചികിത്സ മാത്രമായിരിക്കരുത് സ്വീകരിക്കേണ്ടത്. അടിസ്ഥാനരോഗമായ പ്രമേഹത്തിനു സമഗ്രമായ ചികിത്സ സ്വീകരിക്കുകയാണെങ്കില്‍ മാത്രമേ ശാശ്വത പരിഹാരം ലഭിക്കുകയുള്ളൂ. പ്രമേഹരോഗികള്‍ ശാസ്ത്രത്തിന്റെ ഇന്നത്തെ വളര്‍ച്ച ഉള്‍ക്കൊണ്ടു കൊണ്ടു ഭയാശങ്കകള്‍ ഒന്നും കൂടാതെ തന്നെ ലൈംഗികവേഴ്ച ആസ്വദിക്കുകയാണു വേണ്ടത്. സംതൃപ്ത ലൈംഗികബന്ധങ്ങള്‍ ഹൃദയാരോഗ്യത്തിനും മനസിന്റെയും ശരീരത്തിന്റെയും ഊര്‍ജം നിലനിറുത്തുന്നതിനും അത്യന്താപേക്ഷിതമാണ്.

7. വിവാഹം ചെയ്യാന്‍ പേടി

ഇതു രണ്ടര്‍ഥത്തില്‍ കാണാം. യുവാക്കളില്‍ ഇപ്പോള്‍ പ്രമേഹരോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. വിവാഹപ്രായമെത്തുമ്പോള്‍ രോഗം വിവാഹത്തിനു തടസമാകാന്‍ സാധ്യതയുണ്ട്. സ്ത്രീയ്ക്കും പുരുഷനും ഇത് ഒരുപോലെ ബാധകമാണ്. എന്നാല്‍ പ്രമേഹരോഗത്തെക്കുറിച്ചും പ്രമേഹത്തിന്റെ ശരിയായ ചികിത്സാവിധികളെക്കുറിച്ചും അറിവുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളും പ്രമേഹരോഗികളാണെങ്കില്‍ കൂടിയും ശരിയായ ചികിത്സ സ്വീകരിക്കുന്നവരാണ്. എങ്കില്‍ വിവാഹം കഴിക്കുന്നതിന് അല്‍പവും വൈമുഖ്യം വേണ്ട.

ടൈപ്പ് 1 പ്രമേഹരോഗികളാണെങ്കില്‍ ചികിത്സയുടെ വിജയം നിര്‍ണയിക്കപ്പെടുന്നത് അത് എങ്ങനെ ഏതു വിധത്തില്‍ സ്വീകരിക്കുന്നുവോ എന്നതിനെ ആശ്രയിച്ചാണ്. ഇന്‍സുലിന്‍ പമ്പുകള്‍ ഉപയോഗിക്കുന്നവര്‍, ഒരു ദിവസം നാലും അഞ്ചും പ്രാവശ്യം ഇന്‍ജക്ഷന്‍ എടുക്കുന്നവര്‍, നിരവധി പ്രാവശ്യം ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ചു രക്തപരിശോധന നടത്തുന്നവര്‍ ഇവരെല്ലാം തന്നെ ടൈപ്പ് 1 പ്രമേഹരോഗികളാണെങ്കില്‍ കൂടിയും പ്രമേഹം വളരെ നന്നായി ചികിത്സിക്കുന്നവരാണ്. അതുകൊണ്ടു തന്നെ ഇവരില്‍ മറ്റു രോഗങ്ങള്‍ വന്നെത്തും എന്ന ഭയാശങ്കകള്‍ ആവശ്യമില്ല. എന്നാല്‍ വിവാഹത്തെ പേടി എന്ന വികാരം വിശാലമായി വിശകലനം ചെയ്യുകയാണെങ്കില്‍ ഏതൊരു പ്രമേഹരോഗിക്കും ബാധകമാണെന്നു കാണാം. വിവാഹ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുന്ന കാര്യമാണത്. പ്രമേഹരോഗികള്‍ക്ക് അതില്‍ പൊതുവേ ഭയമുണ്ട്. നന്നായി പ്രമേഹം ചികിത്സിച്ച് അനുവദനീയമായ അളവുകളില്‍ രക്തത്തിലെ പഞ്ചസാരയും കൊളസ്‌ട്രോളും രക്തസമ്മര്‍ദവും നിലനിറുത്തുവാന്‍ കഴിയുന്നവര്‍ക്കാണ് വിവാഹങ്ങളില്‍ പങ്കെടുക്കുവാന്‍ കൂടുതല്‍ ഭയം. വിവാഹങ്ങളില്‍ പങ്കെടുക്കേണ്ടി വന്നാല്‍ ഭക്ഷണം കഴിക്കാതെ അവിടെ നിന്നും രക്ഷപ്പെടുവാന്‍ കഴിയുകയില്ല. മലയാളിയുടെ സ്വതസിദ്ധമായ ആതിഥേയ മര്യാദ പ്രമേഹരോഗികള്‍ക്കെല്ലാം ഒരു പേടിസ്വപ്നമാണ്. വീടുകള്‍ സന്ദര്‍ശിച്ചാലും ആഘോഷവേളകളാണെങ്കിലും നിര്‍ബന്ധപൂര്‍വം ഭക്ഷണം അടിച്ചേല്‍പിക്കുവാനുള്ള ഒരു സ്വഭാവം മലയാളികള്‍ക്കിടയിലുണ്ട്.

പരസ്യമായി തന്നെ താനൊരു പ്രമേഹരോഗിയാണ് എന്നും ചിട്ടയായ ഒരു ഭക്ഷണക്രമം സ്വീകരിക്കുന്ന ആളാണ് താനെന്നും രോഗികള്‍ക്കും രോഗം വരാതെ ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഉറക്കെ പറയാന്‍ കഴിയണം. അല്‍പം വാശിയോടെ തന്നെ അതു പ്രാവര്‍ത്തികമാക്കണം. അല്ലാത്തപക്ഷം ഇന്ന് ഒരു ദിവസത്തേക്ക് മാത്രമല്ലേ ഒരു നേരത്തേക്കു മാത്രമല്ലേ ഇത്, ഇന്നു കഴിക്കുന്നതു കൊണ്ടു കുഴപ്പമില്ല എന്നു പലയാവര്‍ത്തി കേട്ടു മടുത്ത അഭ്യര്‍ഥനകള്‍ മാനിച്ച് ആഴ്ചയില്‍ 3—4 പ്രാവശ്യം മധുരവും കൊഴുപ്പും ഉള്ളിലേക്കു കടത്തിവിടാന്‍ നമ്മള്‍ പ്രേരിതമാകുന്നു. ആഘോഷവേളകളില്‍ മതിമറന്ന് അസുഖത്തെയും മറന്നുകളയരുത്. എല്ലാമാകാം. അമിതമാകരുത്. ഭയപ്പാടില്ലാതെ സന്തോഷപൂര്‍വം വിവാഹങ്ങളില്‍ പങ്കെടുക്കേണ്ടി വന്നാല്‍ അതാകാം. നിയന്ത്രണങ്ങള്‍ മറക്കരുതെന്നു മാത്രം.

8. പരിശോധനകളെ പേടി

ബഹുഭൂരിപക്ഷം പ്രമേഹരോഗികള്‍ക്കും പരിശോധനകളെ ഭയമാണ്. വേദനകൊണ്ടോ, സമയക്കുറവുകൊണ്ടോ, ചെലവേറിയതുകൊണ്ടോ ഒന്നുമല്ല. പരിശോധനാഫലങ്ങളെയാണു ഭയം. പഞ്ചസാര കൂടിപ്പോകുമോ, കൊളസ്‌ട്രോള്‍ കൂടുതലാണോ, ഔഷധങ്ങള്‍ നിറുത്തിയതു കാരണം ബിപി കൂടുതലായിരിക്കുമോ. വൃക്കയില്‍ അസുഖം തുടങ്ങി കാണുമോ തുടങ്ങി 100 കണക്കിനു പരിശോധനകള്‍ക്ക് പതിനായിരക്കണക്കിനു ഭയങ്ങളാണ്. ഭയം പാടില്ല എന്നല്ല, ഭയം എന്ന വികാരം ഒന്നിനും പരിഹാരമല്ല.

ഇനി മറ്റൊരു കൂട്ടരുണ്ട്. നന്നായി ചികിത്സിച്ചു ഭക്ഷണത്തിലൂടെയും ഔഷധത്തിലൂടെയും വ്യായാമത്തിലൂടെയും എല്ലാ അളവുകോലുകളും അനുവദനീയമാണ് എന്ന് ഉറപ്പുവരുത്താന്‍ കൂടെക്കൂടെ ആഗ്രഹിക്കുന്നവര്‍. ഇക്കൂട്ടര്‍ രണ്ടോ മൂന്നോ മാസത്തിലൊരിക്കല്‍ എല്ലാ പരിശോധനകളും നടത്തി അതു പ്രമേഹ ചികിത്സാസംഘം നിര്‍ദേശിച്ച് അളവുകോലുകള്‍ക്കുള്ളിലാണ് എന്ന് ഉറപ്പുവരുത്തുന്നു. ഇക്കൂട്ടര്‍ക്ക് പരിശോധനകളെ തെല്ലും ഭയമില്ല. ഓരോ പരിശോധനകളും ഇവര്‍ക്കു സമ്മാനിക്കുന്നത് ആശ്വാസവും സംതൃപ്തിയുമാണ്. വാസ്തവത്തില്‍ എല്ലാ പ്രമേഹരോഗികളും പ്രമേഹസംബന്ധമായ പരിശോധനാവിധികളെ ഈ വികാരത്തോടു കൂടിയാണ് സമീപിക്കേണ്ടത്. പരിശോധനകളെ ഭയന്നു ഗ്ലൂക്കോമീറ്റര്‍ ഉപയോഗിക്കാതിരിക്കുകയും ആശുപത്രിയില്‍ ഡോക്ടറെ കൃത്യമായ ഇടവേളകളില്‍ കാണാതിരിക്കുകയും ചെയ്യുന്നതു ആത്മഹത്യാപരമാണ്. കഴിഞ്ഞ മാസം മകന്റെ കല്യാണമായിരുന്നു. അതുകൊണ്ട് എല്ലാം കൂടുതലായിരിക്കും. മൂന്നുമാസം കഴിഞ്ഞു പരിശോധിക്കാം എന്ന ഒരു തീരുമാനം അബദ്ധമാണ്. ആഘോഷവേളകളില്‍ രക്തത്തിലെ പഞ്ചസാരയും കൊഴുപ്പും മറ്റും കൂടുതലാണെങ്കില്‍ അതു പരിശോധിച്ച് അപ്പോള്‍ തന്നെ നോര്‍മലാക്കി ചികിത്സ തുടരുകയാണു വേണ്ടത്. ദിവസങ്ങള്‍, ആഴ്ചകള്‍, മാസങ്ങള്‍ അതു കൂടിതന്നെ നില്‍ക്കുമ്പോള്‍ ഗുരുതര പാര്‍ശ്വഫലങ്ങള്‍ മറ്റ് അവയവങ്ങള്‍ക്കു പതിയെ പതിയെ സംഭവിച്ചുകൊണ്ടിരിക്കും. പരിശോധനകളെ ഭയക്കാതെ അവ നമ്മുടെ ആരോഗ്യവും ആയുസും ജീവന്‍ നീട്ടിത്തരുന്ന ഉപാധികളായി കണ്ടു രണ്ടു കൈയും നീട്ടി ആശ്ലേഷിക്കുകയാണു വേണ്ടത്.

9. കുത്തിവയ്പുകളെ ഭയം

ഇന്‍സുലിന്‍ ഇന്‍ജക്ഷനുകളെ ഭയക്കുന്ന രോഗികളുണ്ട്. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ ബഹുഭൂരിപക്ഷവും കുത്തിവയ്പുകളെ പേടിച്ചിരുന്നവരായിരുന്നു. പക്ഷേ, ഇപ്പോള്‍ സ്ഥിതി മാറിയിട്ടുണ്ട്. ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍ പ്രമേഹചികിത്സയില്‍ ഏറ്റവും സുരക്ഷിതമാണ് എന്നു തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഏറ്റവും പഴക്കം ചെന്ന ഫലപ്രദമായ പ്രമേഹചികിത്സാരീതിയും ഇന്‍സുലിന്‍ ഇന്‍ജക്ഷനുകളാണ്. ഇവ കണ്ടുപിടിച്ചിട്ടു 93 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. വേദനയുണ്ടാകാം എന്നതാകാം കുത്തിവയ്പുകളെ രോഗികള്‍ ഭയക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ ഭയം അസ്ഥാനത്താണ്. കഴിഞ്ഞ 6—7 വര്‍ഷങ്ങളായി സൂചികള്‍ വളരെ നേര്‍ത്തതായി മാറിയിട്ടുണ്ട്. അതുകൊണ്ടു കുത്തിവയ്പ് 100 ശതമാനവും വേദനയില്ലാത്ത ഒരു അനുഭവമാണ്. സൂചി കാണുമ്പോള്‍ തന്നെ മനസില്‍ ഭയമുള്ള രോഗികളുണ്ട്. അത്തരക്കാരെയും കൂടി പരിഗണിച്ചുകൊണ്ട് ഇപ്പോള്‍ വളരെ വളരെ നേര്‍ത്ത നാനോ നീഡില്‍ പോലെയുള്ള ഇന്‍സുലിന്‍ ഇന്‍ജക്ഷനായിട്ടുള്ള സൂചികള്‍ വിപണിയില്‍ ഇറക്കിയിരിക്കുന്നത്.

ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ അതു നിറുത്തുവാന്‍ കഴിയാതെ വരുമോ, ഇത് പലയാവര്‍ത്തി എടുക്കേണ്ടി വരാം, എന്നൊക്കെ കുത്തിവയ്പുമായി ബന്ധപ്പെട്ട മറ്റു ചില ഭയങ്ങളാണ്. ഇതും അസ്ഥാനത്താണ്. പ്രമേഹം കണ്ടെത്തുന്ന വേളയിലാണു ഇന്‍ജക്ഷനുകള്‍ തുടങ്ങുന്നതെങ്കില്‍ അതു നിറുത്തുവാന്‍ കഴിയും. ഗുളികകള്‍ കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പ്രമേഹം വളരെ ഗുരുതരമാകുന്നതിനു മുമ്പുതന്നെയാണ് ഇന്‍ജക്ഷനുകള്‍ തുടങ്ങുന്നത്. എങ്കിലും തീര്‍ച്ചയായിട്ടും ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ നമുക്കു നിറുത്തുവാന്‍ കഴിയും. ഇനി ഒരു വേള രോഗം വളരെ മൂര്‍ച്ഛിച്ച ശേഷമാണു ഇന്‍ജക്ഷനുകള്‍ തുടങ്ങുന്നത് എങ്കില്‍ നമുക്കതു നിറുത്തുവാന്‍ കഴിയില്ല. പക്ഷേ, ഇവിടെ ഭയത്തിന്റെ ആവശ്യമില്ല. ആ കുത്തിവയ്പിലൂടെ ജീവിതം കൂടുതല്‍ സജീവവും സുഖവും സന്തോഷവും ഊര്‍ജവും നിറഞ്ഞതാകുന്നു.

ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍ എടുക്കുന്ന രോഗികള്‍ സ്വയം രക്തപരിശോധന നടത്തി പഞ്ചസാരയുടെ അളവു തിട്ടപ്പെടുത്താന്‍ കൂടി പഠിച്ചു കഴിഞ്ഞാല്‍, ഇന്‍ജക്ഷനുകള്‍ എടുക്കേണ്ട രീതികള്‍ മനപാഠമാക്കാന്‍ കഴിഞ്ഞാല്‍ ഇന്‍ജക്ഷനുകളെ തെല്ലും പിന്നെ ഭയക്കേണ്ടതില്ല.

10. മുറിവുകളുടെ ഭയം

സാധാരണക്കാരന് അന്നും ഇന്നും പ്രമേഹമെന്നാല്‍ ഉണങ്ങാത്ത മുറിവുകളാണ്. രക്തത്തില്‍ പഞ്ചസാര ക്രമത്തിലും അധികമാണ് എങ്കില്‍ ചെറിയ മുറിവ് പോലും പഴുക്കുവാനും പടരുവാനും അതു കാല്‍പാദങ്ങളും ഒരുപക്ഷേ കാല്‍ തന്നെ മുറിച്ചുമാറ്റുന്നതിനും കാരണമായി മാറിയേക്കും. പ്രമേഹത്തിന്റെ ഈ ഭീകരാവസ്ഥ കൊച്ചുകുഞ്ഞുങ്ങള്‍ക്കു പോലും അറിയാവുന്ന ഒന്നാണ്. നമ്മുടെ പ്രശസ്തരും അപ്രശസ്തരുമായ എത്രയോ പേര്‍ക്കാണു പ്രമേഹം ശരിയായ വിധത്തില്‍ ചികിത്സിക്കാത്തതു കാരണം കാല്‍ മുറിച്ചുമാറ്റേണ്ടി വന്നിട്ടുള്ളത്. അപ്പോള്‍ തീര്‍ച്ചയായും ഈയൊരു ‘ഭയം അടിസ്ഥാനരഹിതമല്ല. തക്കതായ കാരണവുമുണ്ട്. ചരിത്രത്തില്‍ നിരവധി ഉദാഹരണങ്ങളുണ്ട്. എന്നാല്‍ എല്ലാ പ്രമേഹരോഗികള്‍ക്കും മുറിവുകളുണ്ടാകുമ്പോള്‍ അത് ഉണങ്ങാത്ത അവസ്ഥ വരുന്നില്ല. എത്ര ചെറിയ മുറിവാണെങ്കില്‍ പോലും അതിനെ ഗുരുതരമായി കണ്ട് ഉടനെ തന്നെ ചികിത്സിക്കുക.

ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍ എടുക്കുന്നവരാണെങ്കില്‍ മുറിവില്‍ അണുബാധ ഉണ്ടാകുമ്പോള്‍ പഞ്ചസാര കൂടുന്ന വേളയില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്റെ അളവു കൂട്ടിയാല്‍ മതിയാകും. പലപ്പോഴും സംഭവിക്കുന്നതു മുറിവുകള്‍ വിദഗ്ധമായി ചികിത്സിക്കപ്പെടുന്നു: എന്നാല്‍ നിര്‍ഭാഗ്യവശാല്‍ രക്തത്തിലെ പഞ്ചസാര 24 മണിക്കൂറും വിദഗ്ധമായി പഴുപ്പു പടരാത്ത വിധത്തില്‍ നോര്‍മലായി നിലനിറുത്തുവാന്‍ രോഗികള്‍ക്കു സാധിക്കാതെ വരുന്നു. ഇക്കാരണം കൊണ്ടു തന്നെയാണ് ഒരുകാല്‍ നഷ്ടപ്പെട്ടവര്‍ക്ക് അല്‍പ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ മറ്റേ കാലിലും വ്രണമുണ്ടാകുന്നതും അതു പഴുക്കുവാന്‍ ഇടയാകുന്നതും.

പ്രമേഹരോഗികളുടെ അനാവശ്യമായ ഭയാശങ്കകള്‍ക്കു കാരണം വാസ്തവത്തില്‍ രോഗചികിത്സയെക്കുറിച്ചുള്ള അറിവില്ലായ്മയാണ്. പ്രമേഹം രക്തത്തിലെ പഞ്ചസാരയുടെ അവസ്ഥ കൂടുന്ന രോഗമാണെങ്കിലും നിരവധി സങ്കീര്‍ണതകള്‍ ഒപ്പമുള്ള ഒരു അവസ്ഥയാണ്. അവയെക്കുറിച്ചെല്ലാം സാമാന്യമായ ജ്ഞാനം രോഗികള്‍ക്കു വേണം. പ്രമേഹം ഏതെങ്കിലും ഒരു അവയവത്തില്‍ അനുബന്ധരോഗം വരുത്തിത്തീര്‍ക്കുമ്പോള്‍ ആ രോഗം മാത്രം ചികിത്സിക്കാതെ എല്ലാ അവയവങ്ങള്‍ക്കും ഒരുപോലെ സംരക്ഷണം കിട്ടുന്ന വിധത്തില്‍ അടിസ്ഥാനരോഗമായ പ്രമേഹത്തെ സമഗ്രമായി ചികിത്സിക്കുകയാണു വേണ്ടത്. അശാസ്ത്രീയ ചികിത്സാമാര്‍ഗങ്ങളും മരുന്നു പരീക്ഷണങ്ങളിലൂടെ തെളിയിക്കപ്പെടാത്ത ചികിത്സാവിധികളും സ്വീകരിക്കുന്ന രോഗികള്‍ തീര്‍ച്ചയായും പ്രമേഹത്തെ ഭയക്കണം. അങ്ങനെയല്ലാത്ത വിവേകമതികളായ, ശരിയായ ചികിത്സ ചെയ്യുന്ന രോഗികള്‍ പ്രമേഹത്തെ തെല്ലും ഭയക്കേണ്ടതില്ല.

curtesy:manorama,ഡോ. ജ്യോതിദേവ് കേശവദേവ്

© 2024 Live Kerala News. All Rights Reserved.