കാര്‍ഡ് ആര്‍ക്കു വേണമെങ്കിലും ബുക്ക് ചെയ്യാം!യാത്രയില്‍ ഒപ്പമൊരു പോണ്‍ സ്റ്റാര്‍

തയ്‌വാന്റെ തലസ്ഥാനമായ തായ്‌പെയിയിലെ മേയര്‍ക്ക് ഒരുനാള്‍ ഒരു തോന്നല്‍. നഗരസഭയ്ക്ക് 40 ശതമാനം പങ്കാളിത്തമുള്ള ‘ഈസി കാര്‍ഡ്’ എന്ന കമ്പനിയുടെ വരുമാനം എങ്ങനെയെങ്കിലും കൂട്ടണം. ഏതൊക്കെ വഴികളിലൂടെ സ!ഞ്ചരിച്ചായാലും വരുമാനം കൂട്ടിയിട്ട് ഇനി മുന്നില്‍ വന്നാല്‍ മതിയെന്ന് മേയര്‍. ശരിയെന്ന് ഈസി കാര്‍ഡും. ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് ഒരു ദിവസം പൊതുചടങ്ങുകളിലൊന്നില്‍ പങ്കെടുത്തുകൊണ്ടിരിക്കെ മേയറോട് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം: ‘അല്ല മേയറേ, ഇതൊക്കെ താങ്കളുെടെ കൂടി അറിവോടും സമ്മതത്തോടെയുമാണോ നടക്കുന്നത്…?

എന്താണു സംഗതിയെന്നറിയാതെ അന്തംവിട്ടു നിന്ന മേയറോട് ചോദ്യം ഉന്നയിച്ചവര്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാക്കിക്കൊടുത്തു. അതായത്, വരുമാനം കൂട്ടാനായി ഈസി കാര്‍ഡ് കമ്പനി ഒരു മെട്രോ കാര്‍ഡ് പുറത്തിറക്കുകയാണ്. നഗരത്തിലെ ഗതാഗതസംവിധാനങ്ങളിലെല്ലാം സ്വൈപ് ചെയ്ത് ഉപയോഗിക്കാവുന്ന വിധമാണിത്. വാഹനങ്ങളില്‍ മാത്രമല്ല കടകളിലും കാര്‍ഡ് ഉപയോഗപ്പെടുത്താം. ഇതിത്രയും വലിയ പ്രശ്‌നമാണോയെന്ന് ആലോചിച്ചുനിന്ന മേയര്‍ക്കു മുന്നിലേക്കാണ് അടുത്ത ബോംബ് വന്നുവീണത്. കാര്‍ഡെല്ലാം നല്ല തീരുമാനമാണ്, പക്ഷേ അതുവാങ്ങാന്‍ ജനങ്ങളെ ആകര്‍ഷിക്കാനായി അതിന്മേല്‍ ഒരു സുന്ദരിപ്പെണ്‍കുട്ടിയുടെ ചിത്രം പതിയ്ക്കുന്നുണ്ട്. ആളു ജപ്പാന്‍കാരിയാണ്, നടിയാണ്, ഇരുപത്തിയേഴു വയസ്സായപ്പോഴേക്കും ലോകത്തിലെ ടോപ് ടെന്‍ ‘നടി’മാരിലൊരാളായി ഒരു വെബ്‌സൈറ്റിനാല്‍ തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയാണ്. എല്ലാം ഓക്കെ, പക്ഷേ അവര്‍ അഭിനയിക്കുന്ന സിനിമകളാണു പ്രശ്‌നം,പോണ്‍ സിനിമകളിലെ മിന്നും താരമായ യുഹി ഹത്താനോ ആണ് മെട്രോ കാര്‍ഡിലെ ചിരിക്കുന്ന മുഖമായെത്തുന്നത്. സംഗതി കേട്ട മേയര്‍ പകച്ചു നിന്നുപോയി. തൊട്ടുപിറകെ പ്രഖ്യാപനവുമെത്തി. ‘ഈ കാര്‍ഡിലെ പെണ്‍കുട്ടിയുമായോ ആ ചിത്രവുമായോ നഗരസഭയ്ക്ക് യാതൊരു പങ്കുമില്ല..’

പക്ഷേ സംഭവം വാര്‍ത്തയായതിനു പിറകെ രാജ്യത്തെ വനിതകളെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് ഈ നീക്കമെന്നാരോപിച്ച് വനിതാസംഘടനകളും രാഷ്ട്രീയപാര്‍ട്ടികളുമെല്ലാം മുദ്രാവാക്യം വിളിച്ചെത്തി. അതോടെ കാര്‍ഡ് വില്‍ക്കാമെന്നേറ്റ കടകളും പിന്‍വാങ്ങി. വച്ച കാല്‍ പിന്നോട്ടെടുക്കാന്‍ ഈസി കാര്‍ഡ് തയാറായില്ല. 15.40 ഡോളര്‍ വിലയുള്ള രണ്ട് കാര്‍ഡുകളടങ്ങിയ സെറ്റ് പ്രിന്റടിച്ചു റെഡിയാക്കി. സെപ്റ്റംബര്‍ ഒന്നിന് അര്‍ധരാത്രി മുതല്‍ ഈ സ്‌പെഷല്‍ എഡിഷന്‍ കാര്‍ഡ് ആര്‍ക്കു വേണമെങ്കിലും ബുക്ക് ചെയ്യാമെന്ന് പരസ്യം കൊടുത്തു, കാത്തിരുന്നു. ഫോണ്‍ വഴി ബുക്കിങ് തുടങ്ങി നാലു മണിക്കൂറിനകം ആകെ പ്രിന്റ് ചെയ്ത 30000 കാര്‍ഡുകളും വിറ്റുപോയതോടെ ഞെട്ടിപ്പോയത് ഈസി കാര്‍ഡ് സംഘം. പുലര്‍ച്ചെ 4.18നാണ് അവസാനത്തെ സെറ്റ് കാര്‍ഡ് വില്‍പന നടന്നത്.

കാര്‍ഡിന്റെ അടുത്ത ഘട്ട വിതരണം എപ്പോഴാണെന്ന സംശയത്തിന് മറുപടി നല്‍കുന്ന തിരക്കിലാണ് കമ്പനിയിപ്പോള്‍. ഏയ്ഞ്ചല്‍, ഡീമന്‍ എന്നിങ്ങനെ രണ്ടുപേരുകളിലാണ് കാര്‍ഡ് പുറത്തിറക്കിയത്. പക്ഷേ പേടിച്ചതുപോലെയല്ല, രണ്ടിലും അത്യാവശ്യം മാന്യമായാണ് യുഹിയുടെ ഇരിപ്പ്. ഒപ്പം കക്ഷിയുടെ ഒപ്പുമുണ്ട്. എന്നിട്ടും യുഹിയുടെ നോട്ടം പ്രകോപനപരമാണെന്നു പറഞ്ഞ് ഒട്ടേറെ പേര്‍ വാളെടുത്തു. അതിനിടെ യുഹിയെ പിന്തുണച്ച് കാര്‍ഡ് വാങ്ങണമെന്ന് ആഹ്വാനം ചെയ്ത് ആരോ തയാറാക്കിയ ഫേസ്ബുക്ക് പേജിന് അരലക്ഷത്തോളം ലൈക്കുകളാണ് ലഭിച്ചത്. കാര്‍ഡ് വിറ്റുകിട്ടിയ തുകയുടെ ഒരു പങ്ക് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു നല്‍കാനാണു തീരുമാനം. അതുവഴി തന്റെ പ്രതിച്ഛായ കൂടി നന്നാക്കാനുള്ള ശ്രമത്തിലാണത്രേ യുഹി.

പക്ഷേ കാര്‍ഡ് വാങ്ങിയവര്‍ ഏറ്റവും വലിയ പ്രശ്‌നമായി പറയുന്നത് ഇതൊന്നുമല്ല. പഴ്‌സിലിരിക്കുന്ന കാര്‍ഡിലെ പെണ്‍കുട്ടിയെ ചെറിയ കുട്ടികള്‍ക്കൊന്നും കണ്ടുപരിചയമില്ല, പക്ഷേ ആളു വല്യ പുള്ളിയാണെന്നതുറപ്പ്. ആരാ അച്ഛാ ഈ ചേച്ചി…? എന്ന പിള്ളേരുടെ ചോദ്യത്തിന് ഉത്തരം കൊടുക്കാനാകാതെ കുടുങ്ങിയിരിക്കുകയാണ് പലരുമെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത.

© 2024 Live Kerala News. All Rights Reserved.