പട്ടേൽ പ്രക്ഷോഭം: മോദിയുടെ ‘ഗുജറാത്ത് മോഡൽ’ വികസനം ചോദ്യം ചെയ്ത് ചൈനീസ് പത്രം

ബെയ്ജിങ്: സംവരണത്തിനു വേണ്ടി ഗുജറാത്തിലെ പട്ടേൽ സമുദായം നടത്തിവരുന്ന പ്രക്ഷോഭം മുൻനിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുജറാത്ത് മോഡൽ വികസനത്തെ ചോദ്യം ചെയ്ത് ചൈനീസ് പത്രം. ചൈനയിലെ കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉടമസ്ഥതയിലുള്ള ഗ്ലോബൽ ടൈംസ് പത്രത്തിലെ ലേഖനത്തിലാണ് ഇക്കാര്യം ചോദിച്ചിരിക്കുന്നത്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചകൊണ്ട് സാമൂഹിക പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമോയെന്നാണ് ലേഖനം ഉന്നയിക്കുന്ന ചോദ്യം.

ഗുജറാത്ത് മോഡൽ വിജയകരവും രൂപാന്തരപ്പെടുത്തുന്നതുമാണെങ്കിൽ ജാതി കേന്ദ്രീകരിച്ച ഇത്തരം പ്രക്ഷോഭങ്ങൾ ഉണ്ടാകുന്നതെങ്ങനെ? കൂടാതെ ഇവ അക്രമത്തിൽ അവസാനിക്കുന്നതും എങ്ങനെ? മറ്റു സംസ്ഥാനങ്ങൾ ഈ മോഡലിന്റെ ഭാഗമാകാത്തത് എന്ത്? സമൃദ്ധിയുള്ള, ഊർജസ്വലമായ സംസ്ഥാനമാണെന്ന് മോദി ലോകരാജ്യങ്ങൾക്കിടയിൽ വയ്ക്കുന്ന ഗുജറാത്തിന്റെ പ്രതിച്ഛായ തന്നെ നിലവിലുണ്ടായ പ്രക്ഷോഭങ്ങൾ ചോദ്യം ചെയ്യുകയാണ്, ലേഖനം വ്യക്തമാക്കുന്നു.

വികസനമാണ് എല്ലാ പ്രശ്നങ്ങളുടെയും ഏക പരിഹാരമെന്ന മോദിയുടെ മന്ത്രത്തെയും പത്രം ചോദ്യം ചെയ്യുന്നു. ഇത്തരം വാചാടോപങ്ങൾ ഗുജറാത്തിലെ ന്യൂനപക്ഷങ്ങളെ ആശ്വസിപ്പിക്കുന്നില്ല. സാമ്പത്തിക വികസനം എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരമല്ല. എത്രയും പെട്ടെന്നു വളർച്ച നേടുന്ന ഇന്ത്യൻ സംസ്ഥാനങ്ങൾക്കു വർഗീയ കലാപത്തിൽ നിന്നു സ്വയം രക്ഷനേടാൻ കഴിയുന്നില്ല. 2002ലെ പൊലീസിന്റെ നിസഹകരണമാണ് ഗോധ്‌ര കലാപം രൂക്ഷമാകാൻ കാരണമെങ്കിൽ 13 വർഷങ്ങൾക്കിപ്പുറം പൊലീസിനെ അമിതമായി ഉപയോഗിച്ചതാണ് പ്രശ്നങ്ങൾക്കു കാരണമെന്നും ലേഖനം പറയുന്നു.

© 2024 Live Kerala News. All Rights Reserved.