തച്ചങ്കരിയെ കൺസ്യൂമർഫെഡിൽ നിന്നു മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി, മാറ്റിയതായി സഹകരണ മന്ത്രി

തിരുവനന്തപുരം:കൺസ്യൂമർഫെഡ് എംഡി ടോമിൻ തച്ചങ്കരിയെ മാറ്റിയതിനെച്ചൊല്ലി തർക്കം. തച്ചങ്കരിയെ മാറ്റിയത് മന്ത്രിസഭാ തീരുമാനമെടുക്കാതെയെന്നും മുഖ്യമന്ത്രി അറിയാതെ ഇക്കാര്യത്തിൽ ഇടപെടലുണ്ടായെന്നും സൂചന. അതേസമയം, ടോമിൻ തച്ചങ്കരിയെ മാറ്റിയെന്നും ഇതു സാധാരണ നടപടിയെന്നും സഹകരണ വകുപ്പ് മന്ത്രി സി.എൻ. ബാലകൃഷ്ണൻ പറഞ്ഞു. തച്ചങ്കരിയെ മാറ്റാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ എംഡി സ്ഥാനത്തു നിന്ന് മാറ്റില്ലെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞതായി ടോമിൻ തച്ചങ്കരി പറഞ്ഞു. അങ്ങനെ ഉത്തരവ് ഇല്ല. ഉത്തരവ് വന്നാൽ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നു മാറ്റിയിട്ടില്ലെന്നും അദ്ദേഹത്തിന് കെബിപിഎസ്സിന്റെ അധികച്ചുമതല കൂടി നൽകിയെന്നുമാണ് മുഖ്യമന്ത്രി ഇന്നലെ മന്ത്രിസഭായോഗത്തിനുശേഷം പറഞ്ഞത്. എന്നാൽ ഇന്നലെ രാത്രി മുഖ്യമന്ത്രിയുടെ ഓഫിസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് അദ്ദേഹത്തെ മാറ്റിയതായി അറിയിപ്പ് വന്നത്.

ഇന്നലത്തെ മന്ത്രിസഭാ യോഗത്തിൽ തച്ചങ്കരിയെ കൺസ്യൂമർഫെഡ് എംഡി സ്ഥാനത്തു നിന്നും മാറ്റണമെന്ന് സഹകരണവകുപ്പ് മന്ത്രി സി.എൻ. ബാലകൃഷ്ണനും മന്ത്രി രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ മുഖ്യമന്ത്രിയുടെ എതിർപ്പിനെത്തുടർന്നു തീരുമാനമായില്ല. അതിനുശേഷം മുഖ്യമന്ത്രി മന്ത്രിസഭായോഗ തീരുമാനങ്ങൾ അറിയിക്കാൻ വാർത്താസമ്മേളനത്തിനു പോയ ശേഷം വീണ്ടും ചർച്ചകൾ നടന്നു. ചർച്ചയ്ക്കൊടുവിൽ കൺസ്യൂമർഫെഡിൽ നിന്ന് അദ്ദേഹത്തെ മാറ്റാൻ തീരുമാനമെടുക്കുകയും പകരം റബർ മാർക്കറ്റിങ് ഫെഡറേഷൻ മാനേജിങ് ഡയറക്ടർ എസ്. രത്നകുമാരനു കൺസ്യൂമർഫെഡ് എംഡിയുടെ അധിക ചുമതല നൽകാൻ തീരുമാനമാകുകയും ചെയ്തു.

കൺസ്യൂമർഫെഡിലെ പല തീരുമാനങ്ങളിലും അന്വേഷണം നടത്തി നടപടിക്കു നിർദേശം നൽകിയതോടെ മാനേജിങ് ഡയറക്ടർ എന്ന നിലയിൽ തച്ചങ്കരിയുടെ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. രാഷ്ട്രീയനേതാക്കൾ ഉൾപ്പെടെയുള്ളവർക്കെതിരെ നടപടിക്കും വിജിലൻസ് അന്വേഷണത്തിനും തച്ചങ്കരി ശുപാർശ ചെയ്തിരുന്നു. ഏറ്റവും ഒടുവിലായി, കൺസ്യൂമർഫെഡ് ഭരണസമിതി തീരുമാനത്തിനു വിരുദ്ധമായി സഹകരണ വകുപ്പ് നിയമിച്ച ജനറൽ മാനേജരെ തച്ചങ്കരി കഴിഞ്ഞദിവസം തിരിച്ചയച്ചു. അഭിമുഖം നടത്തി യോഗ്യതയുള്ളയാളെ നിയമിക്കാനായിരുന്നു ബോർഡ് തീരുമാനം. 50 പേരുടെ പട്ടികയും തയാറാക്കിയിരുന്നു. ഇതു മറികടന്നാണത്രേ സഹകരണ വകുപ്പ് നിയമനം നടത്തിയത്. ഇതു ചോദ്യം ചെയ്തതാണ് തച്ചങ്കരിക്കെതിരെ കൂടുതൽ ശക്തമായ നടപടിക്ക് നീക്കമുണ്ടായത്.

© 2024 Live Kerala News. All Rights Reserved.