ആസ്പത്രി മടക്കി, ആദിവാസിയുവതി വഴിയില്‍ പ്രസവിച്ച 3 കുഞ്ഞുങ്ങള്‍ മരിച്ചു:യുവതി ഗുരുതരാവസ്ഥയില്‍

മാനന്തവാടി: ജില്ലാ ആസ്പത്രിയില്‍നിന്ന് പറഞ്ഞയച്ച ആദിവാസിയുവതി പ്രസവിച്ച മൂന്നു കുഞ്ഞുങ്ങളും മരിച്ചു. ഗുരുതരാവസ്ഥയിലുള്ള യുവതി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ ചികിത്സയിലാണ്. വാളാട് എടത്തന കോളനിയില്‍ കൃഷ്ണന്റെ ഭാര്യ അനിതയെന്ന 27കാരിക്കാണ് ഈ ദുരവസ്ഥ.

യുവതിയെ ബുധനാഴ്ച രാവിലെ പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് 7.30ഓടെ ജില്ലാ ആസ്പത്രിയിലെത്തിച്ചത്. എന്നാല്‍, പ്രസവാസന്നയായ യുവതിയെ ഡോക്ടര്‍മാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. യുവതിയെ പരിശോധിച്ച നഴ്‌സ് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോകാന്‍ നിര്‍ദേശിക്കുകയായിരുന്നത്രേ.

ആംബുലന്‍സില്‍ പോകുന്നതിനിടയില്‍ വേദന അസഹ്യമായതിനെത്തുടര്‍ന്ന് യുവതിയെ പനമരം സാമൂഹികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇവിടെ ബാത്ത് റൂമില്‍ യുവതി ആണ്‍കുഞ്ഞിനു ജന്മംനല്‍കി. ആസ്പത്രിയില്‍ വേണ്ട സജ്ജീകരണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ ഇവരെ ഉടന്‍ കല്പറ്റ ജനറല്‍ ആസ്പത്രിയില്‍ എത്തിച്ചു. പ്രശ്‌നം സങ്കീര്‍ണമായതിനെത്തുടര്‍ന്ന് പനമരം ആസ്പത്രിയിലെ രണ്ടു നഴ്‌സുമാര്‍ കല്പറ്റ ആസ്പത്രിയിലേക്കു യുവതിയുടെ കുടുംബത്തെ അനുഗമിച്ചിരുന്നു.

പച്ചിലക്കാട്ടെത്തുമ്പോഴേക്കും യുവതി ആംബുലന്‍സില്‍ ഒരു പെണ്‍കുഞ്ഞിനു ജന്മംനല്‍കി. തുടര്‍ന്ന് കല്പറ്റ ആസ്പത്രിയിലും യുവതി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. എന്നാല്‍ ആംബുലന്‍സില്‍ പ്രസവിച്ച കുട്ടിയും കല്പറ്റ ആസ്പത്രിയില്‍ പ്രസവിച്ച കുട്ടിയും മരിച്ചു. പിന്നീട് യുവതിയെയും ശേഷിക്കുന്ന ഒരു കുട്ടിയെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഈ കുഞ്ഞും രാത്രി 11 മണിയോടെ മരിച്ചു.

© 2024 Live Kerala News. All Rights Reserved.