എസ്പിമാരുടെ സ്ഥലംമാറ്റം: ഐപിഎസുകാര്‍ പ്രതിഷേധത്തില്‍

 
തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയ്‌ക്കെന്ന പേരില്‍ മലബാര്‍ ജില്ലകളില്‍ നിയമിച്ച യുവ എസ്പിമാരെ രാഷ്ട്രീയ സമ്മര്‍ദത്തിന്റെ പേരില്‍ സ്ഥലം മാറ്റിയതില്‍ ഐപിഎസുകാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധം. ഐപിഎസ് അസോസിയേഷന്റെ യോഗം ഉടന്‍ വിളിക്കണമെന്ന് ഏതാനും ഉദ്യോഗസ്ഥര്‍ ഭാരവാഹികളോട് ആവശ്യപ്പെട്ടു. അടുത്തയാഴ്ച യോഗം ചേര്‍ന്നേക്കും. സ്ഥലംമാറ്റത്തിലെ അതൃപ്തി പലരും മേലുദ്യോഗസ്ഥരെയും അറിയിച്ചു. പാലക്കാട്ടും വയനാട്ടിലും മാവോയിസ്റ്റുകള്‍ക്കായുള്ള ശക്തമായ തിരച്ചില്‍ നടക്കുന്നതിനിടെ അവിടത്തെ യുവ എസ്പിമാരെ മാറ്റിയത് ഈ നടപടികള്‍ക്കു തിരിച്ചടിയാകുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. വയനാട് എസ്പി ആയിരുന്ന അജിതാ ബീഗത്തിനു രണ്ടു വര്‍ഷത്തിനിടെ ഇത് അഞ്ചാമത്തെ മാറ്റമാണ്. പാലക്കാട് എസ്പി മഞ്ജുനാഥിനു മൂന്നാമത്തേതും.

അജിതാ ബീഗത്തെയും മഞ്ജുനാഥിനെയും മാറ്റി പകരം നിയമിച്ചതു രാഷ്ട്രീയ താല്‍പര്യമുള്ള കണ്‍ഫേഡ് എസ്പിമാരെയാണ്. വയനാട്ടില്‍ സര്‍ക്കാര്‍ ഓഫിസില്‍ അതിക്രമം കാണിച്ച കോണ്‍ഗ്രസുകാരെ പിടിച്ചതാണ് അജിതാ ബീഗത്തിന്റെ കസേര തെറിപ്പിച്ചത്. ഭരണകക്ഷിക്കാരുടെ ശുപാര്‍ശ അവഗണിച്ചതാണു മ!ഞ്ജുനാഥിന്റെ കുറ്റം. തിരുവനന്തപുരം ഡിസിപി ആയിരിക്കെ 10 മാസം മുന്‍പാണ് അജിതയുടെ അഭ്യര്‍ഥന കൂടി മാനിച്ചു മാവോയിസ്റ്റ് വേട്ടയ്ക്കുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തി വയനാട്ടില്‍ നിയമിച്ചത്.

മാവോയിസ്റ്റ് ദമ്പതികളായ രൂപേഷിനെയും ഷൈനയെയും ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ വയനാട്ടിലും പാലക്കാട്ടും മലപ്പുറത്തും ശക്തമായ തിരച്ചിലാണ് ആഴ്ച തോറും ഇപ്പോള്‍ നടത്തുന്നത്. ഈയിടെ പോലും മുപ്പതിലേറെ പേരുള്ള സംഘത്തെ പാലക്കാട് അതിര്‍ത്തിയിലെ കാട്ടില്‍ കണ്ടതായി ആദിവാസികള്‍ പൊലീസിനെ അറിയിച്ചിരുന്നു. ആ സംഘത്തിനു വേണ്ടിയുള്ള തിരച്ചിലിനിടെയാണു രണ്ടു പേര്‍ക്കു മാറ്റം. കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ യുവ ഉദ്യോഗസ്ഥരെ മാറ്റിയതില്‍ പ്രതിഷേധിച്ചു സംഘത്തലവനായിരുന്ന കണ്ണൂര്‍ ഐജി: സുരേഷ്!രാജ് പുരോഹിത് ആ ചുമതല ഒഴിഞ്ഞിരുന്നു.

മലപ്പുറം, വയനാട്, പാലക്കാട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ യുവ എസ്പിമാരെ നിയമിച്ച് 2013 ഡിസംബറിലാണു മാവോയിസ്റ്റുകളെ പിടിക്കാനുള്ള തീവ്രവാദവിരുദ്ധ സ്‌ക്വാഡ് രൂപീകരിച്ചത്. രണ്ടു മാസം കഴിഞ്ഞ് ഈ സ്‌ക്വാഡിനെ പൊളിച്ചടുക്കി. വിരമിക്കാറായ കണ്‍ഫേഡ് ഐപിഎസുകാരെ ഈ ജില്ലകളില്‍ പകരം നിയമിച്ചു. ഐപിഎസുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ മൂന്നു ദിവസത്തിനകം ഈ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് പുന:സംഘടിപ്പിച്ചു. എന്നാല്‍ മാറ്റിയ ആര്‍ക്കും പഴയ സ്ഥലങ്ങളില്‍ നിയമനം നല്‍കിയില്ല.

ഐഎപിഎസ് അടക്കമുള്ള സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരെ രണ്ടു വര്‍ഷത്തിനകം ഒരു തസ്തികയില്‍നിന്നു സ്ഥലം മാറ്റണമെങ്കില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ സിവില്‍ സര്‍വീസസ് ബോര്‍ഡിന്റെ അംഗീകാരം വേണം. കേരളത്തില്‍ ഇതുവരെ ഈ അഞ്ചംഗ സമിതി രൂപീകരിച്ചിട്ടില്ല. ചട്ടം മറികടന്നുള്ള അന്നത്തെ സ്ഥലംമാറ്റം ചോദ്യം ചെയ്ത് എസ്പിമാരായ അജിത ബീഗം, എച്ച്. മഞ്ജുനാഥ്, ഉമ ബെഹ്‌റ, പുട്ട വിമലാദിത്യ എന്നിവര്‍ കേന്ദ്ര അ!ഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഹര്‍ജി നല്‍കിയിരുന്നു. ഒന്നര വര്‍ഷമായിട്ടും ആ ഹര്‍ജി പരിഗണിച്ചിട്ടു പോലുമില്ല. അതിനാല്‍ ഇനിയും കേസ് കൊടുക്കാന്‍ ആരും മിനക്കെടുന്നില്ല. എന്നാല്‍ ഈ നടപടിയിലെ പ്രതിഷേധം അസോസിയേഷന്‍ അറിയിക്കണമെന്നാണു ഭൂരിപക്ഷം ഉദ്യോഗസ്ഥരുടെയും ആവശ്യം. മുന്‍പ് ഇത്തരം വിഷയത്തില്‍ ശക്തമായ നടപടിയെടുത്തിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ മൗനം പാലിക്കുന്നതും പലരെയും ചൊടിപ്പിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.