കേരളത്തിലെ ലൈറ്റ് മെട്രോയുടെ തട്ടിക്കൂട്ട് അപേക്ഷ കേന്ദ്രം തള്ളും… പുതിയ അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചേക്കും..

പുതുക്കി സമ‌ർപ്പിക്കാൻ നിർദ്ദേശിക്കും
ഇടക്കാല കൺസൾട്ടന്റ് വേണം

തിരുവനന്തപുരം:തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോയ്‌ക്കായി കേരളം തട്ടിക്കൂട്ടി സമർപ്പിച്ച അപൂർണമായ പദ്ധതിരേഖ പ്രതീക്ഷിച്ചത് പോലെ കൂടുതൽ വിശദീകരണം തേടി കേന്ദ്രം തിരിച്ചയയ്‌ക്കും. കേന്ദ്ര നഗരവികസന മന്ത്രാലയത്തിലെ ഉന്നതൻ സംസ്ഥാന ചീഫ് സെക്രട്ടറിയുമായും ഇ. ശ്രീധരനുമായും ബന്ധപ്പെട്ട് ഇക്കാര്യം അറിയിച്ചു. പദ്ധതിരേഖ കേന്ദ്രം മടക്കുമെന്ന് ഉറപ്പായതോടെയാണ് ഇന്ന് ഇ. ശ്രീധരനുമായി ചർച്ച നടത്താൻ സർക്കാർ തിടുക്കത്തിൽ തീരുമാനിച്ചത്. ലൈറ്റ് മെട്രോയുടെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ) മന്ത്രിസഭ അംഗീകരിച്ച ഉത്തരവ്, പദ്ധതി ചെലവ് എങ്ങനെ കണ്ടെത്തുമെന്ന റിപ്പോർട്ട്, മെട്രോ വരുമ്പോൾ കോഴിക്കോട്ടും തുരുവനന്തപുരത്തും നഗരഗതാഗതം പുനഃക്രമീകരിക്കുന്നതിന്റെ മൊബിലിറ്റി പ്ലാൻ എന്നിവ ഉൾപ്പെടുത്തി പുതിയ അപേക്ഷ സമർപ്പിക്കാൻ കേന്ദ്രം ആവശ്യപ്പെടും.

കേരളം സമർപ്പിച്ച  പദ്ധതി രേഖ അപര്യാപ്തമാണെന്നും അത് കേന്ദ്രം തിരിച്ചയച്ചേക്കുമെന്നും ‘കേരളകൗമുദി” നേരത്തേ റിപ്പോർട്ട്  ചെയ്തിരുന്നു.
കേന്ദ്രമന്ത്രിസഭ തത്വത്തിൽ അനുമതി നൽകിയാൽ തന്നെ ലൈറ്റ് മെട്രോയുടെ പണി തുടങ്ങാം. കേന്ദ്ര എക്സ്‌പെൻഡിച്ചർ സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ബോർഡിന്റെ അനുമതിയും ആവശ്യമാണ്. അതിന് അഞ്ചുവർഷം വരെ താമസമുണ്ടാകാം. 19 മെട്രോ പദ്ധതികളാണ് ബോർഡിന്റെ അനുമതി കാത്തുകിടക്കുന്നത്. കേന്ദ്രവിഹിതം അനുവദിക്കേണ്ടത് ഈ സമിതിയാണ്. എങ്കിലും  നഗരവികസനം, ധനകാര്യം, പരിസ്ഥിതി മന്ത്രാലയങ്ങളുടെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അനുമതി കിട്ടിയാൽ പ്രാഥമിക ജോലികൾ തുടങ്ങാം.
അതിന്  മുൻപ് ഇടക്കാല കൺസൾട്ടന്റിനെയെങ്കിലും തീരുമാനിച്ച് രേഖകൾ സഹിതം വീണ്ടും അപേക്ഷിക്കണം. നഗരവികസന മന്ത്രാലയത്തിന്റെ സാങ്കേതിക സംശയങ്ങൾ പരിഹരിക്കേണ്ടത് ഇവരാണ്. അതിന് ഡി.എം.ആർ.സിയുടെ സേവനം നൽകാമെന്ന്  ശ്രീധരൻ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്. അന്തിമ കൺസൾട്ടൻസിയെ പിന്നീട് തീരുമാനിച്ചാലും മതി.
കേന്ദ്ര അനുമതി ലഭിച്ചാൽ വിദേശ വായ്‌പയ്‌ക്ക് അപേക്ഷിക്കാം. കേന്ദ്രത്തിന്റെ ഗാരന്റിയും ലഭിക്കും. ഭൂമിവില ഒഴിച്ചുള്ള ലൈറ്റ്മെട്രോയുടെ മുഴുവൻ ചെലവും വായ്പയായി നൽകാമെന്ന് ജപ്പാൻ ഇന്റർനാഷണൽ കോർപറേഷൻ (ജിക്ക) അറിയിച്ചിട്ടുണ്ട്.

സർക്കാരിന്റെ ആശങ്കകൾ കൊച്ചി മെട്രോ:
2005ൽ കൊച്ചി മെട്രോയുടെ പദ്ധതിരേഖ സമർപ്പിക്കുമ്പോൾ ഡൽഹിയിൽ മാത്രമായിരുന്നു മെട്രോ. നഗരവികസന മന്ത്രാലയം കൊച്ചി മെട്രോയ്‌ക്ക് ഡി.എം.ആർ.സിയുടെ സേവനം നൽകാൻ ഉത്തരവിറക്കി. ഇപ്പോൾ 1.649 ലക്ഷം കോടി രൂപയുടെ 528 കിലോമീറ്റർ മെട്രോപാത റെഡി. സാഹചര്യങ്ങൾ മാറിയതോടെ കേന്ദ്രവിഹിതവും കുറയ്‌ക്കുന്നു.

കൺസൾട്ടന്റ്:
ആഗോളകരാർ വിളിക്കാതെ ഡി.എം.ആർ.സിയെ കൺസൾട്ടന്റാക്കുന്നത് ഉദ്യോഗസ്ഥർ എതിർക്കുന്നു. രാജ്യത്ത് പത്തിടത്ത് ഡി.എം.ആർ.സിയെ കൺസൾട്ടന്റാക്കി. കൺസൾട്ടന്റിനെ തീരുമാനിച്ച് ഉത്തരവിറക്കിയില്ലെന്നതിലാണ് വിജയവാഡ മെട്രോയുടെ അപേക്ഷ മടക്കിയത്.

© 2024 Live Kerala News. All Rights Reserved.