ഉപരാഷ്ട്രപതിയുടെ പ്രസ്താവനയ്ക്കെതിരെ വിഎച്ച്പി; ഹാമിദ് അൻസാരി രാജിവയ്ക്കണം

ന്യൂഡൽഹി: രാജ്യത്തെ മുസ്‍ലിം വിഭാഗങ്ങൾ കൂടുതൽ പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്ന ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയുടെ നിലപാടിനെതിരെ വിശ്വഹിന്ദുപരിഷത് (വിഎച്ച്പി) രംഗത്ത്. ഉപരാഷ്ട്രപതിയുടെ നിലപാട് വർഗീയമാണെന്നും അദ്ദേഹം മാപ്പുപറയുകയോ രാജിവയ്ക്കുകയോ വേണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ഹാമിദ് അൻസാരിയുടെ പ്രസ്താവന ഒരു മുസ്‍ലിം രാഷ്ട്രീയ നേതാവിന്റേത് പോലെയാണെന്നും ഉപരാഷ്ട്രപതിയുടെ പദവിക്ക് യോജിച്ചതല്ലെന്നും വിഎച്ച്പി കുറ്റപ്പെടുത്തി. ഇത്തരം നിലപാടാണ് ഹാമിദ് അൻസാരിക്കുള്ളതെങ്കിൽ രാജിവച്ച് അദ്ദേഹം സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടു.

ഓൾ ഇന്ത്യ മജ‌്‌ലിസ് ഇ മുശാവരദ് സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാ‌‌ടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഹാമിദ് അൻസാരിയുടെ പ്രസ്താവന. വ്യക്തിത്വം, സുരക്ഷ, വിദ്യാഭ്യാസം ശാക്തീകരണം, തീരുമാനങ്ങൾ എടുക്കുന്നതിലുള്ള പങ്കാളിത്ത കുറവ് എന്നിവയാണ് ഇന്ത്യയിലെ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളെന്നാണ് ഹാമിദ് അൻസാരി പറഞ്ഞത്. മുസ്‌ലിംകളോടുള്ള വിവേചനവും ഒഴിവാക്കലും പരിഹരിക്കേണ്ടത് സർക്കാറാണെന്നും ഹാമിദ് അൻസാരി വ്യക്തമാക്കി.

എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വളർച്ച (സബ് കേ സാത്ത് സബ് കാ വികാസ്) എന്ന കേന്ദ്ര സർക്കാറിന്റെ ലക്ഷ്യം പ്രശംസനീയമാണ്. എന്നാൽ ഇതുനടപ്പാക്കാൻ പൊതുവായ നയം കണ്ടെത്തണമെന്നും എല്ലാവരെയും ഇതിനൊപ്പം നടക്കാൻ പ്രാപ്തരാക്കണമെന്നും ഹാമിദ് അൻസാരി പറഞ്ഞു. ഇന്ത്യയിലെ മുസ്‌ലിംകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ഔദ്യോഗിക റിപ്പോര്‍‌ട്ടുകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പാർശവത്ക്കരിക്കപ്പെട്ടവർക്കിടയിൽ അസമത്വം നിലനിൽക്കുന്നുണ്ടെന്നും സമൂഹത്തിലെ പ്രബല വർഗ്ഗത്തോടാണ് ആഭിമുഖ്യം കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.