പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന് ഇന്ത്യൻ സേന തയാറായിരിക്കണം: കരസേനാ മേധാവി

ന്യൂഡൽഹി:പാക്കിസ്ഥാനുമായി എപ്പോൾ വേണമെങ്കിലും ചെറിയൊരു യുദ്ധമുണ്ടായേക്കാമെന്നും അതിനായി ഇന്ത്യൻ സൈന്യം സദാ സന്നദ്ധരായിരിക്കണമെന്നും കരസേനാ മേധാവി ദൽബീർ സിങ്ങിന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാന്റെ ഭാഗത്തു നിന്നും തുടരെ വെടിനിർത്തൽ കരാർ ലംഘനങ്ങളും നുഴഞ്ഞുകയറ്റ ശ്രമങ്ങളും ഉണ്ടാകുന്നുണ്ട്. അതിനാൽ അതിർത്തിയിൽ സൈന്യം എപ്പോഴും ജാഗരൂകരായിരിക്കണം.

ജമ്മു കശ്മീരിൽ കൂടുതൽ സംഘർഷങ്ങൾ ഉണ്ടാക്കാൻ പാക്കിസ്ഥാൻ പുതിയ രീതികൾ തേടുകയാണ്. ഭാവിയിൽ ചെറിയൊരു യുദ്ധത്തിലേക്ക് ഇതെത്തിയേക്കുമെന്നും ഇന്ത്യൻ സേന അതു നേരിടാൻ തയാറായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

1965 ലെ പാക്കിസ്ഥാനുമായുള്ള യുദ്ധം ഇന്ത്യൻ സൈന്യത്തിന്റെ കരുത്ത് വിളിച്ചറിയിക്കുന്നതായിരുന്നു. പാക്കിസ്ഥാന് ശക്തമായ രീതിയിൽ തന്നെ ഇന്ത്യൻ സൈന്യം മറുപടി നൽകി. യുദ്ധസമയത്ത് ഇന്ത്യൻ ജനതയുടെ ഭാഗത്തുനിന്നും സൈന്യത്തിന് പിന്തുണയുണ്ടായി. അതു വിജയത്തിന് സഹായിച്ചതായും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ചു മാസങ്ങളായി അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. കഴിഞ്ഞ മാസം 55 തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാ‍ർ ലംഘിച്ചത്. കഴിഞ്ഞയാഴ്ച ആർഎസ് പുര സെക്ടറിൽ പാക്കിസ്ഥാൻ നടത്തിയ വെടിവയ്പിൽ രണ്ടു സ്ത്രീകൾ കൊല്ലപ്പെട്ടിരുന്നു. 22 പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

കഴിഞ്ഞയാഴ്ച നടക്കാനിരുന്ന ഇന്ത്യാ – പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ (എൻഎസ്എ) തമ്മിലുള്ള ചർച്ചയും റദ്ദാക്കിയിരുന്നു. ഇന്ത്യാ – പാക്ക് ചർച്ചയിൽ കശ്മീർ വിഷയം ഉന്നയിക്കാനാകില്ലെന്ന ഇന്ത്യയുടെ നിലപാടിനെത്തുടർന്നായിരുന്നു പാക്കിസ്ഥാൻ ചർച്ചയിൽ നിന്നും പിന്മാറിയത്.

© 2024 Live Kerala News. All Rights Reserved.