ലളിത് മോദി മാൾട്ടയിലുള്ളതായി സൂചന; ഉടൻ അറസ്റ്റ് ചെയ്തേക്കും

ന്യൂഡൽഹി: ഐപിഎൽ മുൻ ചെയർമാൻ ലളിത് മോദി യൂറോപ്യൻ രാജ്യമായ മാൾട്ടയിലുള്ളതായി റിപ്പോർട്ട്. ഇന്റർപോൾ മോദിയെ ഉടൻ അറസ്റ്റ് ചെയ്തേക്കുമെന്നും സൂചന. ഒരു പ്രമുഖ ദേശീയ മാധ്യമമാണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്. നേരത്തെ മോദിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. കുറ്റവാളിയെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനും അനുവാദമുള്ള ഉന്നത നോട്ടിസാണ് റെഡ് കോര്‍ണര്‍ നോട്ടിസ്.

മോദിയെ അറസ്റ്റ് ചെയ്യുന്നതിലൂടെ നരേന്ദ്ര മോദി സർക്കാരിന് താൽക്കാലിക ആശ്വാസമാകും. മോദിക്ക് വിദേശത്തേക്ക് പോകാൻ സഹായിച്ചുവെന്നതിന്റെ പേരിൽ ബിജെപി സർക്കാർ ആരോപണം നേരുടുകയാണ്. വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രാജസ്ഥാൻ മുഖ്യമന്ത്രി വസുന്ധര രാജെയുമാണ് ആരോപണം നേരിടുന്ന മന്ത്രിമാർ.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) ആദ്യ ചെയര്‍മാനായ മോദിയെ സാമ്പത്തിക ക്രമക്കേടിനെത്തുടര്‍ന്ന് 2010-ൽ ഐപിഎല്‍ കമ്മീഷണര്‍ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു. തുടർന്ന് മോദി ഇന്ത്യ വിട്ട് വിദേശത്തേക്ക് കടന്നു. ലണ്ടനിൽ ഒളിവിൽ കഴിയുകയായിരുന്ന മോദിക്കെതിരെ റെ‍ഡ് കോർണർ നോട്ടിസ് പുറപ്പെടുവിക്കാനുള്ള രേഖകൾ സിബിഐ കഴിഞ്ഞ ഓഗസ്റ്റ് 20 ന് ഇന്റര്‍പോളിന് കൈമാറിയിരുന്നു.

© 2024 Live Kerala News. All Rights Reserved.