ഭീകരപ്രവർത്തനങ്ങൾക്ക് ദാവൂദ് പണമുണ്ടാക്കുന്നത് ‘ബ്ലഡ് ഡയമണ്ട്’ വ്യാപാരത്തിലൂടെ

ന്യൂഡൽഹി: പാക്കിസ്ഥാനിൽ ഒളിവിൽ കഴിയുന്ന അധോലോക നായകൻ ദാവൂദ് ഇബ്രാഹിം ഭീകരവാദ പ്രവർത്തനങ്ങൾക്ക് പണമെത്തിക്കുന്നത് വജ്ര വ്യാപാരത്തിലൂടെ. ആഭ്യന്തര യുദ്ധം നടക്കുന്ന ആഫ്രിക്കയിലെ രാജ്യങ്ങളിൽ നിന്നാണ് ദാവൂദ് വജ്രം കടത്തുന്നത്. ‘ബ്ല‍ഡ് ഡയമണ്ട്’ എന്ന പേരിൽ കുപ്രസിദ്ധമായ ഈ വജ്രക്കടത്ത് തടയാൻ ഇതുവരെ ലോക രാജ്യങ്ങൾക്ക് കഴിഞ്ഞിട്ടുമില്ല.

ആഫ്രിക്കയിൽ നിന്ന് ദുബൈയിലാണ് ദാവൂദിന്റെ സംഘാംഗങ്ങൾ കടത്തിക്കൊണ്ടുവരുന്ന വജ്രങ്ങൾ എത്തുന്നത്. ദുബൈ കേന്ദ്രീകരിച്ചാണ് ഇതിന്റെ കച്ചവടവും നടക്കുന്നതും. നിയമവിധേയമല്ലാതെ എത്തുന്ന ഇത്തരം വജ്രങ്ങൾ വിപണയിൽ ഇറക്കുന്നതിന് നിരോധമുള്ളപ്പോഴാണ് ദാവൂദ് ഇത് യഥേഷ്ടം വിറ്റ് കാശുണ്ടാക്കുന്നത്.

ആഭ്യന്തര യുദ്ധം നടക്കുന്ന സ്ഥലങ്ങളിൽ നിന്നും അനധികൃതമായി എത്തിക്കുന്ന വജ്രങ്ങളെയാണ് ബ്ലഡ് ഡയമണ്ടെന്ന് വിളിക്കുന്നത്. ഇത്തരം വജ്രത്തെ കരിമ്പട്ടികയിലാണ് പെടുത്തിയിരിക്കുന്നത്. ആഭ്യന്തര പ്രശ്നങ്ങൾ നടക്കുന്ന സിംബാബ്‍വെ, കെനിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് ഇത്തരം വജ്രങ്ങൾ ദുബൈയിൽ എത്തിക്കുന്നത്. റിയൽഎസ്റ്റേറ്റ്, അധികൃത പണമിടപാടുകൾ, എന്നിവ കൂടാതെയാണ് ദാവൂദിന്റെ ഈ വജ്ര വ്യാപാരവും.

ഒരു യാത്രയിൽ ഏതാണ്ട് അഞ്ച് ലക്ഷം ഡോളർ മുതൽ പത്ത് ലക്ഷം ഡോളർ വരെ രൂപയുടെ വജ്രം കടത്തുന്നുണ്ട്. പതിനായിരം ഡോളറാണ് ഇതിനുള്ള കൊറിയർ ഫീയായി വാങ്ങുന്നത്. ഈ വിവരത്തിന്റെ പശ്ചാത്തലത്തിൽ ദാവൂദിന്റെ ദുബൈ കേന്ദ്രമാക്കിയുള്ള അൽ നൂർ എന്ന വജ്രക്കമ്പനി നിരീക്ഷണത്തിലാണ്.

ദാവൂദിന്റെ സ്വത്തുകൾ സൂക്ഷ്മമായി പരിശോധിച്ച് മരവിപ്പാൻ കേന്ദ്ര സുരാക്ഷാ ഉപദേഷ്ടാവ് അജിത് ദോവലിന്റെ നിർദേശപ്രകാരം തയാറാക്കിയ രേഖകളിലാണ് ഇക്കാര്യങ്ങളുള്ളത്. 1993 ലെ മുംബൈ സ്ഫോടനത്തിന്റെ സൂത്രധാരനായ ദാവൂദ് ഇന്ത്യയുടെ പിടികിട്ടാ പുള്ളിയാണ്.

കടപ്പാട് : മനോരമ ഓണ്‍ ലൈൻ

© 2024 Live Kerala News. All Rights Reserved.