ചെലവുകുറഞ്ഞ ശ്രവണ സഹായിയുമായി സി-ഡാക്

തിരുവനന്തപുരം: ചെലവ് കുറഞ്ഞ രീതിയില്‍ വികസിപ്പിച്ച ശ്രവണ സഹായിയുമായി സി-ഡാക്. കേന്ദ്ര വാര്‍ത്താവിനിമയ വിവരസാങ്കേതിക വകുപ്പിന്റെ സഹായത്തോടെ വികസിപ്പിച്ച തരംഗ് ശ്രവണ സഹായിക്ക് ആവശ്യക്കാര്‍ ഏറുന്നു.

രാജ്യത്തെ ജനസംഖ്യയില്‍ 5.76 ശതമാനം പേര്‍ കേള്‍വിക്കുറവിനാല്‍ ബുദ്ധിമുട്ടുന്നവരാണ്. ഇനി മുതല്‍ അധികം പണം ചെലവാക്കാതെ തന്നെ ഇവര്‍ക്ക് ശ്രവണ സഹായി സ്വന്തമാക്കാം. തരംഗ് ശ്രവണ സഹായിക്ക് രാഷ്ട്രപതി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ കേള്‍വിക്കുറവുള്ള ആളിനെ ആദ്യം പരിശോധനയ്ക്ക് വിധേയനാക്കും. -10 മുതല്‍ 20 ഡെസിബല്‍ വരെയുള്ള ശബ്ദമാണ് സാധാരണ ഒരു വ്യക്തിയുടെ കേള്‍വി ശക്തി. ഇതില്‍ എത്ര ഡെസിബല്‍ കേള്‍വിക്കുറവുണ്ടെന്ന് മനസ്സിലാക്കിയ ശേഷം ശ്രവണ സഹായിയിലും അത് പോലെ ക്രമീകരണം നടത്തുന്നു.

സാധാരണക്കാര്‍ക്കും താങ്ങാവുന്ന വിലയില്‍ ശ്രവണ സഹായി ലഭിക്കും. ചെവിയുടെ പുറകില്‍ വെയ്ക്കുന്ന സി-ഡാക് നിര്‍മിത ഹിയറിങ് എയ്ഡ്‌സിന് 5340 രൂപ മാത്രമാണുള്ളത്. പോക്കറ്റ് ഹിയറിങ് എയ്ഡ്‌സിന് 4773 രൂപയും. വിപണിയില്‍ ബഹുരാഷ്ട്ര കമ്പനികള്‍ ശ്രവണ സഹായികള്‍ക്ക് വിലയായി 13,500 രൂപ മുതല്‍ 60,000രൂപ വരെ ഈടാക്കുന്നു.

ആദ്യം ശ്രവണ സഹായിക്ക് ആവശ്യമായ ഐ.സി. ചിപ്പ് ഡെവലപ് ചെയ്ത ശേഷം പ്രോഡക്ട് വികസിപ്പിക്കുകയായിരുന്നു. ശ്രവണ സഹായി വികസിപ്പിച്ചെടുത്ത സി-ഡാക് അതിന്റെ വിപണം www.cdac.in എന്ന വെബ്‌സൈറ്റ് വഴി നടത്തുന്നുണ്ട്.

പ്രായവും കേള്‍വിക്കുറവും മനസ്സിലാക്കിയ ശേഷം സി-ഡാക് തന്നെ വികസിപ്പിച്ച ശ്രുതിയെന്ന സോഫ്റ്റ്‌വേര്‍ ഉപയോഗിച്ച് ശ്രവണ സഹായിയില്‍ കേള്‍വിശക്തി ക്രമീകരിക്കും. ഇപ്പോള്‍ സി-ഡാക്കില്‍ തന്നെ നിര്‍മിക്കുന്ന ശ്രവണ സഹായികള്‍ക്ക് സൗജന്യമായി സര്‍വീസും നല്‍കുന്നുണ്ട്.

തലസ്ഥാനത്ത് സി-ഡാക്കിന് പുറമേ നിഷിലും ശ്രവണ സഹായി ലഭ്യമാണ്. സി-ഡാക് വികസിപ്പിച്ചെടുത്ത ശ്രവണ സഹായിയുടെ ടെക്‌നോളജി കെല്‍ട്രോണിനും താത്പര്യമുള്ള മറ്റ് കമ്പനികള്‍ക്കും നല്‍കാനുള്ള തയ്യാറെടുപ്പിലാണെന്ന് പ്രോജക്ട് ഹെഡ് ബിജു ഉമ്മന്‍ പറയുന്നു.

സംസ്ഥാനത്ത് സി-ഡാക്, നിഷ്, കോഴിക്കോട് മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളിലും ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്, ഓള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിങ്, മൈസൂര്‍ അലിയാര്‍ ജങ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹിയറിങ് ഹാന്‍ഡികാപ്ഡ്, മുംബൈ ക്രിസ്റ്റ്യന്‍ മെഡിക്കല്‍ കോളേജ്, വെല്ലൂര്‍ മദ്രാസ് ഇ.എന്‍.ടി. റിസര്‍ച്ച് ഫൗണ്ടേഷന്‍ എന്നിവിടങ്ങളിലും തരംഗ് ശ്രവണ സഹായി ലഭിക്കും. ഇവിടങ്ങളില്‍ നിന്ന് മൂവായിരത്തിലധികം തരംഗ് ശ്രവണ സഹായി വിറ്റ് പോയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.