ബിഹാറില്‍ സ്വാഭിമാന്‍ റാലി ഇന്ന്, കനത്തസുരക്ഷ

പട്‌ന: ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജെ.ഡി.യുവും ആര്‍.ജെ.ഡി.യുവും കോണ്‍ഗ്രസും കൈകോര്‍ത്തുള്ള സ്വാഭിമാന്‍ റാലി ഇന്ന് അരങ്ങേറും. ഇതിനോടനുബന്ധിച്ച് ഗാന്ധി മൈതാനില്‍ കനത്തസുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ട സീറ്റുകള്‍ സംബന്ധിച്ച് ജെ.ഡി.യുവും ആര്‍.ജെ.ഡി.യുവും കോണ്‍ഗ്രസും ഈ മാസം ആദ്യം നടന്ന ചര്‍ച്ചയില്‍ ധാരണയിലെത്തിയിരുന്നു. അതിനെത്തുടര്‍ന്നാണ് റാലി നടത്താന്‍ തീരുമാനിച്ചത്.

ആകെയുള്ള 243 സീറ്റില്‍ നിതീഷ്‌കുമാറിന്റെ ജെ.ഡി.യുവും ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയും നൂറ് സീറ്റില്‍ വീതം മത്സരിക്കും. കോണ്‍ഗ്രസ് 40 സീറ്റിലും. മുഖ്യമന്ത്രി നിതീഷകുമാര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. എന്‍.സി.പി, ഐ.എന്‍.എല്‍.ഡി എന്നിവര്‍ വൈകാതെ സഖ്യത്തില്‍ ചേരുമെന്നാണ് പ്രതീക്ഷയെന്നും നിതീഷ് പറഞ്ഞു. വര്‍ഗീയ, ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്തുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് സീറ്റ് ചര്‍ച്ചകള്‍ക്കുശേഷം ലാലുപ്രസാദ് യാദവ് പറഞ്ഞു.

ഒക്‌ടോബര്‍, നവംബര്‍ മാസങ്ങളില്‍ അഞ്ച് ഘട്ടങ്ങളായിട്ടായിരിക്കും ബിഹാറില്‍ തിരഞ്ഞെടുപ്പെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. നവംബര്‍ 29നാണ് നിലവിലുള്ള നിയമസഭയുടെ കാലാവധി അവസാനിക്കുക.

© 2024 Live Kerala News. All Rights Reserved.