ജമ്മുവില്‍ പാക് ഷെല്ലിങ്ങില്‍ മൂന്ന് മരണം

ജമ്മു: കഴിഞ്ഞ രണ്ടാഴ്ചക്കിടെ അതിര്‍ത്തിയില്‍ പാകിസ്താന്‍ നടത്തിയ ഏറ്റവും വലിയ ആക്രമണത്തില്‍ മൂന്ന് മരണം. മൂന്ന് ഗ്രാമീണരാണ് പുലര്‍ച്ചെ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മരിച്ചത്. പുലര്‍ച്ചെ ഒരു മണിയോടെയാണ് ആര്‍.എസ് പുര സെക്ടറില്‍ പാക് റേഞ്ചര്‍മാര്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് വീണ്ടും ആക്രമണമഴിച്ചുവിട്ടത്.

സായ് കുര്‍ദ് ഗ്രാമവാസികളായ സുഭാഷ് ചന്ദര്‍ (45) ബിമല ദേവി (42) അബ്ദുലിയന്‍ ഗ്രാമത്തിലെ നിവാസിയായ പവന്‍ കുമാര്‍ (55) എന്നിവരാണ് കൊല്ലപ്പെട്ടത്. പാകിസ്താന്‍ നടത്തിയ ആക്രമണത്തിന് ഇന്ത്യയും കനത്ത തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

ഷെല്ലുകള്‍ക്ക് പുറമെ മെഷിന്‍ ഗണ്ണുകള്‍ ഉപയോഗിച്ചും പാകിസ്താന്‍ ആക്രമിച്ചു. ആഗസ്ത് 15ന് ശേഷം പാകിസ്താന്‍ നടത്തുന്ന ഏറ്റവും വലിയ ആക്രണമാണിത്. സ്വാതന്ത്ര്യദിനത്തില്‍ പാകിസ്താന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ആറ് ഗ്രാമീണര്‍ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്താന്‍ അതിര്‍ത്തി പ്രദേശത്ത് ആറ് പേര്‍ക്ക് ജീവന്‍നനഷ്ടമായതായി പാക് ദിനപത്രമായ ഡോണിന്റെ ഓണ്‍ലൈന്‍ വിഭാഗം റിപ്പോര്‍ട്ട് ചെയ്തു.

© 2024 Live Kerala News. All Rights Reserved.