ടെക്ക് കമ്പനികളിൽ ഇനിമുതൽ ചിയർഗേൾസും!

ബെയ്‍ജിങ്: തിരക്കുപിടിച്ച ഐടി ജോലികൾ തീർക്കുന്ന വിരസതയ്ക്ക് വിരാമമിടാൻ പുത്തൻതന്ത്രവുമായി എത്തുകയാണ് ചൈനയിലെ ടെക്ക് കമ്പനികൾ. ഇതിനായി അവർ കണ്ടെത്തിയിരിക്കുന്ന മാർഗമോ, പ്രോഗ്രാമർമാർക്കെല്ലാം സ്വന്തമായി ഓരോ ചിയർഗേൾസിനെ നൽകുക! പ്രോഗ്രാമർമാരെ തമാശകളിലൂടെയും മറ്റും ഉല്ലാസവാൻമാരാക്കുക, അവർക്കൊപ്പം പിങ്-പോങ് ഗെയിം കളിക്കുക, അവരുടെ ഭക്ഷണകാര്യങ്ങളിൽ ശ്രദ്ധ പുലർത്തുക മുതലായവ പ്രോഗ്രാമിങ് ചിയർ ഗേള്‍സ് എന്നറിയപ്പെടുന്ന ഇവരുടെ ജോലിയാകും. ഓഫിസിൽ ജീവനക്കാരിലാരെങ്കിലും ഗിറ്റാർ വായിച്ചാൽ അവരെ ചിരിച്ചും കൈയടിച്ചും പ്രോത്സാഹിപ്പിക്കുന്നതും പ്രോഗ്രാമിങ് ചിയർഗേൾസിന്റെ ജോലിയുടെ ഭാഗമാണത്രെ.

ചൈനീസ് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള china.org.cn ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ജോലിഭാരം കുറയ്ക്കുന്നതിനും ഓഫിസ് അന്തരീക്ഷം കുറേക്കൂടി മികവുറ്റതാക്കുന്നതിനുമായി സുന്ദരികളും ഊർജസ്വലരുമായ യുവതികളെ രാജ്യത്തുടനീളമുള്ള ഐടി കമ്പനികൾ ജോലിക്കെടുക്കുന്നുവെന്നായിരുന്നു വാർത്ത.

ഈ രീതി ഇതിനകം പരീക്ഷിച്ചു കഴിഞ്ഞ ചില കമ്പനികളിൽ ഫലം വളരെ മികച്ചതാണത്രെ. ഇത് ജീവനക്കാരുടെ ജോലിയിലുള്ള താല്‍പര്യത്തിലും ജോലി ചെയ്യുന്ന രീതിയിലും കാര്യമായ വ്യത്യാസം വരുത്തിയിട്ടുണ്ടെന്നും ഈ കമ്പനികൾ സൂചിപ്പിക്കുന്നു. അതേസമയം, പ്രോഗ്രാമിങ് ചിയർഗേൾസെന്ന ആശയം അത്ര നല്ലതല്ലെന്ന വിമർശനവുമായി മറ്റൊരു കൂട്ടരും രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ ചിലർ പ്രോഗ്രാമിങ് ചിയർഗേള്‍സെന്ന ആശയത്തെ പൂർണമായും തള്ളിക്കളഞ്ഞപ്പോൾ കൂടുതൽ വനിതാ പ്രോഗ്രാമർമാരെ ജോലിക്ക് നിയമിക്കണം എന്ന മറ്റൊരു ആശയവും ചിലർ ഉയർത്തുന്നു. നിലവിൽ ചൈനീസ് ഐടി കമ്പനികളിൽ കൂടുതലും പുരുഷ പ്രോഗ്രാമർമാരാണുള്ളത്

© 2024 Live Kerala News. All Rights Reserved.