റേഷന്‍ കാര്‍ഡിലെ തെറ്റ് തിരുത്താനുള്ള തിയതി നാളെ അവസാനിക്കും.. കാര്‍ഡ് ഉടമകള്‍ ആശങ്കയില്‍..

പൊന്‍കുന്നം: റേഷന്‍കാര്‍ഡിലെ തെറ്റുതിരുത്തല്‍  നടപടി കാര്‍ഡുടമകളെ ആശങ്കയിലാഴ്ത്തുന്നു. സിവില്‍ സപ്ലൈസിന്റെ വെബ്‌സൈറ്റിലാണ് തെറ്റുതിരുത്താന്‍ സൗകര്യം ഉള്ളത്.  ബഹുഭൂരിപക്ഷം സാധാരണക്കാര്‍ക്കും കമ്പ്യൂട്ടര്‍ ഉപയോഗിക്കാന്‍ അറിയില്ലെന്നിരിക്കെ റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്തല്‍ എങ്ങനെയെന്ന് ചിന്തയിലാണ് കാര്‍ഡ് ഉടമകള്‍. അനുവദിച്ചിരിക്കുന്ന സമയപരിധിക്കിടയില്‍ ഓണം കൂടിയെത്തിയതോടെ കാര്‍ഡ് ഉടമകളായ വീട്ടമ്മമാര്‍ വിഷമത്തിലായി. ആഗസ്റ്റ് 28 വരെ തിരുത്തല്‍ വരുത്താന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. സ്വകാര്യ കഫേകളെ ആശ്രയിക്കേണ്ടിവരുന്ന സാധാരണക്കാരെ അമിത ഫീസ് ഈടാക്കി വഞ്ചിക്കുന്നതായും പരാതിയുണ്ട്. ഇപ്പോഴുള്ള  സംവിധാനത്തില്‍ പത്തുശതമാനം പേര്‍ക്കുപോലും തീയതിക്കുമുമ്പ് തെറ്റുതിരുത്താന്‍ കഴിയില്ലെന്ന് ഉറപ്പാണ്. സിവില്‍സപ്ലൈസ് കോര്‍പ്പറേഷന്റെ സൈറ്റില്‍ തിരുത്തല്‍ നിര്‍ദേശം ചെയ്യുന്നതിനുമുമ്പ്് മൊബൈല്‍നമ്പര്‍ ടൈപ്പ് ചെയ്യണം. അങ്ങനെ ചെയ്യുമ്പോള്‍ പാസ്‌വേഡ് മെസേജായി മൊബൈല്‍ ഫോണില്‍ ലഭിക്കും. പലതവണ ശ്രമിച്ചാലും പാസ്‌വേഡ് ലഭിക്കുന്നില്ലെന്നും ഇതുമൂലം തിരുത്തല്‍ രേഖപ്പെടുത്താനാവുന്നില്ലന്നും കാര്‍ഡ് ഉടമകള്‍ പരാതിപ്പെടുന്നു. റേഷന്‍കാര്‍ഡ് പുതുക്കാന്‍ ഫോട്ടോയെടുത്ത അവസരത്തില്‍ കാര്‍ഡ് ഉടമകള്‍ എഴുതിനല്‍കിയ വിവരങ്ങളില്‍ പലതും തെറ്റായാണ്  കാണിച്ചിരിക്കുന്നത്. ഒരേപേര് പല തവണ ചേര്‍ത്തിരിക്കുന്നതായും ജനനത്തീയതികളും ആധാര്‍ നമ്പറുകളും തെറ്റായാണ് രേഖപ്പെടുത്തിയിക്കുന്നതെന്നും ആക്ഷേപം ഉണ്ട്. വീട്ടുനമ്പര്‍, അഡ്രസ് എന്നിവയിലും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. കൃത്യമായി വിവരങ്ങള്‍ അപേക്ഷയില്‍ പൂരിപ്പിച്ച് നല്‍കിയിട്ടും, എങ്ങനെ തെറ്റ് സംഭവിച്ചുവെന്നത് അവ്യക്തമാണ്. തിരുത്തലുകള്‍ റിമാര്‍ക്ക്‌സ് കോളത്തില്‍ ടൈപ്പ് ചെയ്യുന്നതിനു പകരം, ഓണ്‍ലൈനില്‍ അപേക്ഷ ഫോമില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്യുന്നതിനുള്ള  സൗകര്യം കാര്‍ഡുടമകള്‍ക്ക് നല്‍കിയിരുന്നതെങ്കില്‍, ഈ സംവിധാനം കൂടുതല്‍ സഹായകരമാകുമായിരുന്നുവെന്ന് കാര്‍ഡ് ഉടമകള്‍ പറയുന്നു. റേഷന്‍കാര്‍ഡില്‍ തിരുത്തല്‍ വരുത്താന്‍ പഞ്ചായത്ത്, വില്ലേജ് ഓഫീസുകള്‍ എന്നിവ വഴി  സൗകര്യം ഏര്‍പ്പെടുത്തിയാല്‍ സാധാരണക്കാര്‍ക്ക് സഹായകമാകും.
Courtesy: http://www.janmabhumidaily.com

© 2024 Live Kerala News. All Rights Reserved.