ജി സാറ്റ്-6 വിക്ഷേപണം ഇന്ന്

ചെന്നൈ: ഇന്ത്യയുടെ വാര്‍ത്താവിനിമയമേഖലയ്ക്ക് പുതിയ കുതിപ്പേകുമെന്നു കരുതുന്ന ജി സാറ്റ്-6 ഉപഗ്രഹം വ്യാഴാഴ്ച വിക്ഷേപിക്കും.
ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശഗവേഷണകേന്ദ്രത്തില്‍ വൈകീട്ട് 4.52-ന് ഉപഗ്രഹവും വഹിച്ച് ജി.എസ്.എല്‍.വി. ഡി 6 യാത്രതിരിക്കും. വിക്ഷേപണത്തിനായി 29 മണിക്കൂര്‍ നീളുന്ന കൗണ്ട്ഡൗണ്‍ ബുധനാഴ്ച രാവിലെ 11.52-ന് തുടങ്ങി.

സംപ്രേഷണമേഖലയില്‍ ഇന്ത്യയെ സ്വയംപര്യാപ്തതയിലേക്കു നയിക്കുന്നതിന്റെ ഭാഗമായുള്ള വിക്ഷേപണമാണിതെന്ന് ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ജി സാറ്റ് പരമ്പരയിലെ പന്ത്രണ്ടാമത്തെ വിക്ഷേപണമാണിത്. അന്തിമഘട്ടത്തില്‍ ക്രയോജനിക് എന്‍ജിന്‍ ഉപയോഗിക്കുന്ന ജി.എസ്.എല്‍.വി.യുടെ മൂന്നാമത്തെ കുതിപ്പുകൂടിയാണിതെന്ന സവിശേഷതയും വിക്ഷേപണത്തിനുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ക്രയോജനിക് എന്‍ജിനില്‍ ദ്രവീകൃത ഓക്‌സിജനും ഹൈഡ്രജനുമാണ് ഇന്ധനമായി ഉപയോഗിക്കുന്നത്.

രണ്ടായിരം കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിക്കുന്നതിനാണ് ജി.എസ്.എല്‍.വി. പ്രയോജനപ്പെടുത്തുന്നത്. 2117 കിലോയാണ് ജി സാറ്റ്-ആറിന്റെ ഭാരം.

ആറുമീറ്റര്‍ വ്യാസമുള്ള ആന്റിനയാണ് ഉപഗ്രഹത്തിന്റെ മുഖ്യസവിശേഷത. എസ് ബാന്‍ഡില്‍ 5 സ്‌പോട്ട് ബീമുകളിലും സി ബാന്‍ഡില്‍ ഒരു നാഷണല്‍ ബീമിലുമാണ് ജി സാറ്റ്-6 ആശയവിനിമയത്തിനുള്ള സൗകര്യം ഒരുക്കുക. ഒമ്പതുവര്‍ഷമാണ് ഉപഗ്രഹത്തിന്റെ ആയുസ്സെന്ന് ഐ.എസ്.ആര്‍.ഒ. വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.