പട്ടേല്‍ സമരം നിയന്ത്രിക്കാന്‍ കേന്ദ്രസേന ഗുജറാത്തിലെത്തി… അഹമ്മദാബാദില്‍ കര്‍ഫ്യൂ..

അഹമ്മദാബാദ്: സാമുദായിക സംവരണം ആവശ്യപ്പെട്ട് ഗുജറാത്തില്‍ ഒരു വിഭാഗം പട്ടേലുമാര്‍ നടത്തുന്ന സമരം അക്രമാസക്തമായ രണ്ടാം ദിവസം സമാധാനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യര്‍ത്ഥിച്ചു. അക്രമ സമരം നടത്തുന്ന പട്ടീദാര്‍ അനാമത് ആന്ദോളന്‍ സമിതി നേതാവ് ഹാര്‍ദ്ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തു വിട്ടയച്ചു. അക്രമങ്ങള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന പോലീസിനെ സഹായിക്കാന്‍ കേന്ദ്ര സേനയെ അയച്ചിട്ടുണ്ട്. ഇന്നലെ ഗുജറാത്ത് ബന്ദായിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലായിവരികയാണ്. അക്രമങ്ങളില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അഹമ്മദാബാദില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. വഡോദരയില്‍ ഇന്റര്‍നെറ്റ് സംവിധാനം സസ്പന്‍ഡു ചെയ്തു. അഹമ്മദാബാദിലും താല്‍കാലിക നിയന്ത്രണംഏര്‍പ്പെടുത്തിയിരുന്നു. നഗരത്തില്‍ 50-ല്‍ അധികം ആക്രമണ സംഭവങ്ങള്‍ ഉണ്ടായി. ബസ്സുകളും പോലീസ് പോസ്റ്റുകളും സ്വകാര്യ വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ഏതാനും പോലീസുകാര്‍ക്ക് കല്ലേറില്‍ പരിക്കേറ്റു. പ്രക്ഷോഭം സൂററ്റ്, രാജ്‌കോട്ട്, മെഹ്‌സാന തുടങ്ങിയ പ്രദേശങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സമാധാനാഭ്യര്‍ത്ഥനയ്ക്കു പുറമേ, കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുഖ്യമന്ത്രി ആനന്ദി  ബെന്‍ പട്ടേലുമായി ആശയവിനമയം നടത്തി. അക്രമം നേരിടാന്‍ കേന്ദ്രത്തിന്റെ സര്‍വ സഹായവും വാഗ്ദാനം ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ കുടുതല്‍ സേനയെ അയക്കാമെന്ന് അറിയിച്ചിട്ടുണ്ട്. 5000 ദ്രുതകര്‍മ്മ സേന, സായുധ പോലീസ്, അതിര്‍ത്തി സുരക്ഷാ സേന അംഗങ്ങളെ അയച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജ്ജു പ്രക്ഷോഭത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് സംശയം പ്രകടിപ്പിച്ചു.

© 2024 Live Kerala News. All Rights Reserved.