അമേരിക്കയിൽ മാദ്ധ്യമപ്രവർത്തകരെ വെടിവെച്ചുകൊന്ന അക്രമിയും മരിച്ചു

വിര്‍ജീനിയ: വിർജീനിയയിൽ ഡബ്ള്യൂ.ഡി.ബി.ജെ ചാനലിലെ ഒരു വനിതാ റിപ്പോർട്ടറെയും ക്യാമറാമാനെയും വെടിവെച്ചുകൊന്ന ശേഷം പിന്നീട് സ്വയം വെടുയുതിർത്ത അക്രമിയും  മരിച്ചു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന വെസ്റ്റർ ഫ്ളനാഗർ(ബ്രയിസ് വില്യംസ് )​ എന്ന അക്രമിയാണ് മരിച്ചത്. ഇയാൾ ചാനലിലെ മുൻ ജീവനക്കാനാണെന്നും മുൻവൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പൊലീസ് പറഞ്ഞു.

ഡബ്ള്യൂ.ഡി.ബി.ജെയുടെ വനിതാ റിപ്പോർട്ടർ അലിസൺ പാർക്കറും(24)​ ക്യാമറാമാൻ ആഡം വാർഡു(27)​മാണ് അക്രമിയുടെ വെടിയേറ്റ് മരിച്ചത്. ബുധനാഴ്ച രാവിലെ മൊണെറ്റയിൽ​ ഒരു തത്സമയ പരിപാടിക്കിടെയാണ് ഇവർക്കു നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടായത്. ആക്രമണത്തിനു ശേഷം കാറിൽ കടന്നുകളഞ്ഞ ബ്രയിസ് വില്യംസിനെ പൊലീസ് ഏറെ നേരം പിന്തുടർന്നിരുന്നു. തുടർന്ന് ഇയാളെ ഒരിടത്ത് കാറിനുള്ളിൽ വെടിയേറ്റ നിലയിൽ പൊലീസ് കണ്ടെത്തുകയായിരുന്നു. ഇതിനിടെ,​ താൻ സ്വയം പകർത്തിയ ആക്രമണത്തിന്രെ ദൃശ്യം ബ്രയിസ് തന്രെ ട്വിറ്റർ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു. ആക്രമണം നടത്തിയതിന്രെ വിവരങ്ങളും ഇയാൾ ട്വിറ്ററിൽ നൽകിയിരുന്നു. ഈ അക്കൗണ്ട് പൊലീസ് പിന്നീട് ബ്ളോക്ക് ചെയ്തു.

അലിസൺ പാർക്കർ അഭിമുഖം ചെയ്യുകയായിരുന്ന വിക്കി ഗാർണറെന്ന സ്ത്രീക്കും ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.