ദുബായ്:വിപണിയില്‍ ഒരുക്കങ്ങളുടെ പൂക്കാലം

 

ദുബായ്: പൊന്നോണക്കാഴ്ചകളുടെ പുതുവസന്തവുമായി നഗരം ഒരുങ്ങുന്നു. വിഭവങ്ങളുടെയും വസ്ത്രങ്ങളുടെയും വിസ്മയലോകമൊരുക്കാന്‍ കച്ചവടക്കാര്‍ മല്‍സരം തുടങ്ങി. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഉപ്പേരി മുതലുള്ള വിഭവങ്ങള്‍ എത്തിക്കഴിഞ്ഞു. വരുന്നതിലും വേഗത്തില്‍ ഇവ തീരുന്നതിനാല്‍ കൂടുതല്‍ വിഭവങ്ങള്‍ എത്തിക്കാനുള്ള തിരക്കിലാണ് ഏവരും. എങ്ങും ഒരുക്കങ്ങളുടെ പൂക്കാലം. കിടിലന്‍ ഓഫറുകളുമായാണ് വിഭവങ്ങളുടെ ലോകം കാത്തിരിക്കുന്നത്. പായസക്കൂട്ടുകള്‍, പപ്പടം, കൊണ്ടാട്ടം, ഉപ്പേരി, മസാലകള്‍, പഴക്കുലകള്‍ എന്നിവ കടകളില്‍ നിറഞ്ഞു. പലതരം അച്ചാറുകളും എത്തി. അച്ചാര്‍ ഒരുകുപ്പി വാങ്ങിയാല്‍ മറ്റൊന്നു ഫ്രീ. പലതരം മാങ്ങാ അച്ചാറുകള്‍ ലഭ്യമാണ്. കടുമാങ്ങ ഉള്‍പ്പെടെയുള്ള അച്ചാറുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ചെറുനാരങ്ങ, വലിയനാരങ്ങ, ഈന്തപ്പഴം, വെളുത്തുള്ളി, പച്ചമുളക്, അമ്പഴങ്ങ, മിക്‌സഡ് വെജിറ്റബിള്‍ അച്ചാറുകള്‍ക്കും ആവശ്യക്കാര്‍ കൂടുതലാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ പച്ചക്കറി എത്തിക്കുമെന്നു കച്ചവടക്കാര്‍ പറഞ്ഞു. കേരളം, തമിഴ്‌നാട്, കര്‍ണാടകം എന്നിവിടങ്ങളില്‍ നിന്നുള്ള പച്ചക്കറിക്കു പുറമേ ഒമാനില്‍നിന്നും ലോഡുകണക്കിന് എത്തുന്നുണ്ട്. എല്ലായിനം പച്ചക്കറികളും ഒമാനിലെ കൃഷിയിടങ്ങളില്‍ സുലഭമായി വളരുന്നു. ഇലയും അവിടെനിന്നു വരുന്നതിനാല്‍ ക്ഷാമം ഉണ്ടാകാറില്ല.

നാട്ടിലെ പച്ചക്കറിക്കാണു രുചി കൂടുതലെങ്കിലും ഒമാനെ ആശ്രയിക്കാതെ നിവൃത്തിയില്ല. ഒമാനി പച്ചക്കറിക്ക് താരതമ്യേന വില കുറവാണ്. സാമ്പാറിനും അവിയലിനുമൊക്കെ തനിനാടന്‍ രുചികിട്ടണമെങ്കില്‍ നാട്ടില്‍ നിന്നുള്ള പച്ചക്കറി തന്നെ വേണമെന്നാണ് വീട്ടമ്മമാരുടെ പൊതുവെയുള്ള അഭിപ്രായം. ഓണക്കാലത്ത് ഫ്രോസന്‍ സാധനങ്ങളോടു പലരും മുഖംതിരിക്കും. പച്ചക്കറിക്ക് ഏറ്റവും ചെലവുകൂടുന്ന കാലമാണിത്. മാത്രമല്ല, ആരോഗ്യപരമായ കാരണങ്ങളാല്‍ കൂടുതല്‍ പേര്‍ പച്ചക്കറിയിലേക്കു മടങ്ങിവരികയാണ്. ചീര, ഉലുവയില, മല്ലിയില, പുതിന എന്നിവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നു.