കാന്തപുരവുമായി അടുക്കാനുള്ള നീക്കത്തെ എതിര്‍ത്ത് വി എസ് അച്ച്യുതാന്ദന്‍

ന്യൂഡല്‍ഹി: കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ നേതൃത്വം നല്‍കുന്ന സുന്നിവിഭാഗവുമായി കൂട്ടുകെട്ടുണ്ടാക്കാനുള്ള സി.പി.എം. സംസ്ഥാനനേതൃത്വത്തിന്റെ നീക്കത്തെ ചോദ്യംചെയ്ത് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സാമുദായികസംഘടനകളുമായി സഖ്യമുണ്ടാക്കുന്നത് പാര്‍ട്ടിയുടെ മതേതരപ്രതിച്ഛായയെ ബാധിക്കുമെന്ന് കേന്ദ്രകമ്മിറ്റി യോഗത്തിനെത്തിയ വി.എസ്. സി.പി.എം. നേതൃത്വത്തെ അറിയിച്ചു.

നേരത്തേ പി.ഡി.പി.യുമായി ഉണ്ടാക്കിയ സഖ്യം പാര്‍ട്ടിക്ക് തിരിച്ചടിയുണ്ടാക്കിയ അനുഭവവും വി.എസ്. ചൂണ്ടിക്കാട്ടി. കേന്ദ്രകമ്മിറ്റിക്ക് മുമ്പായി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി.എസ്. ഇക്കാര്യം അറിയിച്ചത്.

പി.ടി.എ. റഹീം, കെ.ടി. ജലീല്‍ എന്നീ എം.എല്‍.എ.മാരാണ് കാന്തപുരവുമായി ചര്‍ച്ചനടത്തിയത്. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശമനുസരിച്ചുള്ള ഈ ചര്‍ച്ചയെത്തുടര്‍ന്ന്, സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പി.ബി. അംഗം പിണറായി വിജയനും 24, 25 തീയതികളില്‍ തലശ്ശേരിയില്‍ കാന്തപുരവുമായി കൂടിക്കാഴ്ച നടത്താന്‍ നീക്കമുണ്ടായിരുന്നു. ഈ വിവരം പുറത്തായതോടെ, കൂടിക്കാഴ്ച ഓണത്തിനുശേഷം മതിയെന്ന് തീരുമാനിച്ചു.

കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളില്‍ യു.ഡി.എഫിനൊപ്പംനിന്ന കാന്തപുരം സുന്നിവിഭാഗം ഇപ്പോഴുള്ള അവഗണനയില്‍ അതൃപ്തരാണ്. മുസ്ലിം ലീഗിനോട് അനുഭാവമുള്ള ഇ.കെ. സുന്നിവിഭാഗത്തെ മാത്രമാണ് സര്‍ക്കാര്‍ സഹായിക്കുന്നതെന്നാണ് അവരുടെ പരാതി.

© 2024 Live Kerala News. All Rights Reserved.