കാനോണ്‍ 5D ശ്രേണിയ്ക്ക് പത്താം പിറന്നാള്‍

 

ഡിജിറ്റല്‍ എസ്എല്‍ആര്‍ ഫോട്ടോഗ്രാഫിയിലെ ഒരു നാഴികക്കല്ലായിരുന്ന കാനോണിന്റെ 5D കാമറ ഇറങ്ങിയിട്ടു പത്തു വര്‍ഷം തികയുന്നു. 2005 സെപ്റ്റംബറിലാണ് കാമറ പുറത്തിറങ്ങുന്നത്. 13MP സെന്‍സറും 3FPS ഷൂട്ടിങ് സ്പീഡും ഫുള്‍ഫ്രെയിം ബാക്ക് ഇലൂമിനേറ്റഡ് CMOS സെന്‍സറുമെല്ലാം ഇതിന്റെ പ്രത്യേകതയായിരുന്നു. കമ്പനിയുടെ യശസുയര്‍ത്തിയ കാമറയാണിത്. ഇറങ്ങിയ കാലത്ത് അതിശയിപ്പിക്കുന്ന പടമെടുക്കാന്‍ 5D യ്ക്കായിരുന്നു.
പിന്‍ഗാമിയായി 5D മാര്‍ക്ക് II ഇറങ്ങുന്നത് 2008ല്‍. 21 MP ഫുള്‍ഫ്രെയിം സെന്‍സറും 3.9FPS ഷൂട്ടിങ് സ്പീഡും ഐ എസ് ഒ 3200 വരെ ബൂസ്റ്റു ചെയ്താല്‍ പോലും കുഴപ്പമില്ലാത്ത പടമെടുക്കാനുള്ള കഴിവുമെല്ലാം ഇതിന്റെ സവിശേഷതകളായിരുന്നു. ഇതിലുപരി കാനോണ്‍ കാമറകളുടെ നല്ല വര്‍ണ്ണങ്ങള്‍ സമ്മാനിക്കാനുള്ള വിശ്രുതമായ കഴിവ് ഈ മോഡലിനെയും വേര്‍തിരിച്ചു നിറുത്തി
5D Mark III പുറത്തിറങ്ങുന്നത് 2012ല്‍ ആണ്. 22.1 MP സെന്‍സാറായിരുന്നു കാമറയിലുണ്ടായിരുന്നത്. പിന്‍ഗാമിയുടെ പല കുറവുകളും തീര്‍ത്തായിരുന്നു പുതിയ മോഡല്‍ ഇറങ്ങിയത്. എന്നാല്‍ ഇതേ വര്‍ഷം തന്നെ ഇറങ്ങിയ നിക്കോണ്‍ Nikon D800/E മോഡലുകള്‍ 36 MP സെന്‍സറിന്റെ ശക്തി കാണിച്ചു. മെഗാപിക്‌സലിന്റെ എണ്ണം പടത്തിന്റെ മേന്മയുടെ അവസാന വാക്കൊന്നുമല്ലെങ്കിലും വേണമെങ്കില്‍ ക്രോപ്പിങിലൂടെ ഫ്രെയിം മെച്ചപ്പെടുത്താമെന്നതും മെച്ചപ്പെട്ട ഡൈനമിക് റെയ്ഞ്ചും നിക്കോണിന്റെ ശ്കതിയായി. ഈ രണ്ടു മോഡലുകളുടെയും കുറവുകള്‍ നികത്തി എത്തിയ D810 ആകട്ടെ നിക്കോണിന്റെ മേല്‍ക്കോയ്മ കുറച്ചു കൂടെ കൂട്ടി. ഈ കാലയളവില്‍ ശക്തി പ്രാപിച്ച ലാബ് ടെസ്റ്റുകള്‍ കാനോണിന്റെ RAW ഫോര്‍മാറ്റിന്റെ ചില കുറവുകള്‍ നിര്‍ദ്ദയം തുറന്നുകാട്ടി.
5DS and 5DS R എന്നീ മോഡലുകളാണ് കാനോണ്‍ ഈ വര്‍ഷം ഇറക്കിയത്. 50.6 MP സെന്‍സറുമായി ഇറങ്ങിയ ഇവയിലൂടെ റെസലൂഷന്‍ കുറവ് കാനോണ്‍ പരിഹരിച്ചു എങ്കിലും ഡൈനമിക് റെയ്ഞ്ചിന്റെ കാര്യത്തില്‍ കമ്പനിയ്ക്കു നിക്കോണിനെ കവച്ചു വയ്ക്കാനായിട്ടില്ല എന്നുതന്നെയാണു വിലയിരുത്തല്‍.

© 2024 Live Kerala News. All Rights Reserved.