സിഇടി കോളജിലെ വിദ്യാര്‍ഥിനിയുടെ മരണം; മുഖ്യപ്രതി പിടിയില്‍

തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മെന്‍സ് ഹോസ്റ്റലിലെ ആഘോഷ ലഹരി സംഘത്തിന്റെ വാഹനമിടിച്ചു തിരുവനന്തപുരം കോളജ് ഓഫ് എന്‍ജിനീയറിങ് (സിഇടി) വിദ്യാര്‍ഥിനി തസ്‌നി ബഷീര്‍ മരിച്ച സംഭവത്തില്‍ ഒന്നാം പ്രതി ബൈജു കെ. ബാലകൃഷ്ണന്‍ പിടിയില്‍.ഇയാള്‍ മെഡിക്കല്‍ കോളജ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ കൊടേക്കനാലില്‍ ആണ് ബൈജു ഒളിവില്‍ താമസിച്ചത്. കോളജിലുണ്ടായ സംഭവത്തിനു ശേഷം ബൈക്കിലാണ് കൊടേക്കനാലിലേക്ക് കടന്നത്. വിദ്യാര്‍ഥിനിയെ ഇടിച്ച ജീപ്പ് ഓടിച്ചിരുന്നത് ബൈജുവായിരുന്നു. മാതാപിതാക്കളെ ഇന്നലെ കസ്റ്റഡിയിലെടുത്തതോടെ ബൈജു കീഴടങ്ങുകയായിരുന്നു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് പൊലീസിനു മുന്നില്‍ പ്രതി കീഴ!ടങ്ങിയത്.

തസ്‌നിയെ ഇടിച്ച ജീപ്പില്‍ ഇരുന്നും നിന്നും യാത്ര ചെയ്ത ഒന്‍പതു പേരില്‍ ആറു പേരെ പൊലീസ് തിരിച്ചറിഞ്ഞു. ജീപ്പ് ഓടിച്ചത് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ഥി ബൈജു കെ. ബാലകൃഷ്ണനാണെന്നു നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും ഒപ്പമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞിരുന്നില്ല. സിസിടിവി ദൃശ്യങ്ങള്‍ സഹപാഠികളെ കാട്ടിയാണു ബാക്കിയുള്ളവരെ തിരിച്ചറിഞ്ഞത്. ഇതിനു പിന്നാലെയാണ് ഒന്നാം പ്രതി പൊലീസില്‍ കീഴടങ്ങിയത്.

ഹോസ്റ്റല്‍ സംഘത്തിലെ നൂറോളം വിദ്യാര്‍ഥികളെ കയറ്റി കോളജ് മുറ്റത്തേക്ക് ഓടിച്ചുകയറ്റിയ ലോറി കഴക്കൂട്ടത്തു നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു. തസ്‌നിയെ ഇടിച്ച ജീപ്പും ഇതിന് ഒപ്പമുണ്ടായിരുന്ന ഹോസ്റ്റല്‍ സംഘത്തിന്റെ മറ്റൊരു ജീപ്പും കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തിരുന്നു. ഇവ കേസിന്റെ ഭാഗമാക്കാനാണു തീരുമാനം. കാലങ്ങളായി ഹോസ്റ്റലില്‍ ഒളിപ്പിച്ചിരുന്ന രണ്ടു ജീപ്പുകളും ഇനി കുട്ടികള്‍ക്കു വിട്ടുകൊടുക്കരുതെന്നു കോളജ് അധിക!ൃതര്‍ തന്നെ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

photo curtesy: asianet news

© 2024 Live Kerala News. All Rights Reserved.