കശ്മീര്‍ വിഷയം ഉള്‍പ്പെടുത്താതെ ഇന്ത്യയുമായി ചര്‍ച്ച സാധ്യമല്ലെന്ന്‌: പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്

ഇസ്‌ലാമാബാദ്: ഇന്ത്യയുമായി ഇപ്പോഴും ചര്‍ച്ചയ്ക്ക് തയാറാണെന്ന് പാക്കിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഇന്ത്യയുമായുള്ള ചര്‍ച്ചയ്ക്കായി പോകാന്‍ ഞാന്‍ ഇപ്പോഴും തയാറാണ്. ഈ ചര്‍ച്ചയ്ക്ക് പാക്കിസ്ഥാന്‍ ഉപാധികള്‍ വച്ചിട്ടില്ല. ഉപാധികള്‍ മുന്നോട്ട് വച്ചത് ഇന്ത്യയാണ്. ഹുറിയത് നേതാക്കളെ കാണരുതെന്നും മറ്റും പറഞ്ഞ് ഉപാധികള്‍ വച്ചത് ഇന്ത്യയാണെന്നും സര്‍താജ് അസീസ് വ്യക്തമാക്കി.

അതേസമയം, കശ്മീരാണ് പ്രധാന തര്‍ക്ക വിഷയമെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും സര്‍താജ് അസീസ് വ്യക്തമാക്കി. എന്നാല്‍, ഇത് അംഗീകരിക്കാന്‍ ഇന്ത്യ തയാറാകുന്നില്ല. കശ്മീര്‍ വിഷയം ഉള്‍പ്പെടുത്താതെ ഇന്ത്യയുമായി ഗൗരവതരമായ ഒരു ചര്‍ച്ചയും സാധ്യമല്ലെന്നും അദേഹം വ്യക്തമാക്കി. ഹുറിയത് നേതാക്കളുമായി ചര്‍ച്ച നടത്താനുള്ള തീരുമാനത്തില്‍ മാറ്റമില്ല. ഹുറിയത് നേതാക്കളെ കരുതല്‍ തടങ്കലിലാക്കിയെന്ന വാര്‍ത്ത ആശങ്കാജനകമാണ്. ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും അദേഹം ആരോപിച്ചു.

ഭീകരവാദം പ്രോത്സാഹപ്പിക്കുന്നത് പാക്കിസ്ഥാനല്ല, ഇന്ത്യയാണെന്നും സുരക്ഷാ ഉപദേഷ്ടാക്കളുടെ ചര്‍ച്ചയില്‍ ഇതിന് തെളിവുകള്‍ കൈമാറുമെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റോ ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ തെളിവുകളും കൈമാറും. സമാധാനം ഉറപ്പാക്കുകയെന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും കൂട്ടുത്തരവാദിത്തമാണെന്നും അദേഹം ചൂണ്ടിക്കാട്ടി.

© 2024 Live Kerala News. All Rights Reserved.