മാത്യൂസിനും തിരിമന്നെയ്ക്കും അര്‍ധസെഞ്ച്വറി; ലങ്ക തിരിച്ചടിക്കുന്നു

 

കൊളംബോ: കൊളംബോ ടെസ്റ്റില്‍ ശ്രീലങ്ക തിരിച്ചടിക്കുന്നു. മൂന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ മൂന്ന് വിക്കറ്റിന് 224 റണ്‍സ് എന്ന നിലയിലാണ് അവര്‍. അര്‍ധസെഞ്ച്വറികളുമായി ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസും (72) ലാഹിരു തിരിമന്നെയുമാണ് (57) ക്രീസില്‍.

മൂന്ന് വിക്കറ്റിന് 140 റണ്‍സെന്ന നിലയില്‍ ഇന്ന് ബാറ്റിങ് ആരംഭിച്ച ലങ്ക ആദ്യ സെഷനില്‍ വിക്കറ്റ് നഷ്ടമില്ലാതെ 84 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാലാം വിക്കറ്റില്‍ തിരിമന്നെമാത്യൂസ് സഖ്യം ഇതുവരെ 110 റണ്‍സെടുത്തിട്ടുണ്ട്.

126 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെയാണ് മാത്യൂസ് 72 റണ്‍സെടുത്തത്. 155 പന്തില്‍ അഞ്ച് ബൗണ്ടറികള്‍ ഉള്‍പ്പെടുന്നതാണ് തിരിമന്നെയുടെ ഇന്നിങ്‌സ്. സൂക്ഷ്മതയോടെ ഇന്നിങ്‌സ് കെട്ടിപ്പടുത്ത ഇരുവരും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഒരവസരവും നല്‍കിയില്ല.

ഏഴ് വിക്കറ്റ് ശേഷിക്കേ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് സ്‌കോറിന് 169 റണ്‍സ് പിറകിലാണ് ലങ്ക ഇപ്പോള്‍. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയില്‍ ആദ്യ മത്സരം ജയിച്ച ലങ്കയ്ക്ക് ഈ മത്സരത്തില്‍ കൂടി ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാം.

© 2024 Live Kerala News. All Rights Reserved.