‘ജസ്ബാ’ യില്‍ വിശ്വസുന്ദരി ഗായികയാകുന്നു…

വിശ്വസുന്ദരി ഐശ്വര്യറായ് ഗായികയാകുന്നു. അഭിനയരംഗത്ത് വന്നിട്ട് വർഷം പതിനെട്ട് കഴിഞ്ഞെങ്കിലും  ഐശ്വര്യയിലെ ഗായികയെ പുറത്തുകൊണ്ടുവരാൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല. എന്നാൽ അതിനുള്ള ഭാഗ്യം സംവിധായകൻ സഞ്ജയ് ഗുപ്തയ്ക്ക് ലഭിച്ചിരിക്കുകയാണ്. സഞ്ജയ് ഗുപ്ത സംവിധാനം ചെയ്യുന്ന ജസ്ബാ എന്ന ചിത്രത്തിലൂടെ ഐശ്വര്യ റായ് ഗായികയായി അരങ്ങേറ്റം കുറിക്കുന്നുവെന്നാണ് ബോളിവുഡ് വാർത്തകൾ.

അഭിഷേക് ബച്ചനെ വിവാഹം ചെയ്തശേഷം അഭിനയരംഗത്തുനിന്ന് വിട്ടുനിന്ന ഐശ്വര്യ അഞ്ച് വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ചിത്രമെന്ന നിലയ്ക്ക് ജസ്ബാ  ഇതിനകം വൻ വാർത്താപ്രാധാന്യം നേടിക്കഴിഞ്ഞു. ഒക്ടോബർ ഒൻപതിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

സെവൻ ഡേയ്‌സ് എന്ന കൊറിയൻ ചിത്രത്തിന്റെ റീമേക്കാണ്  ജസ്ബ. ഈ ചിത്രത്തിനുശേഷം അഭിനയരംഗത്ത് സജീവമാകാനാണ് ഐശ്വര്യയുടെ തീരുമാനമെത്രേ. ബോളിവുഡിന്റെ ഹിറ്റ്‌മേക്കർ കരൺ ജോഹറിന്റെ എക് ദിൻ ഹേ മുഷ്‌കിലയിൽ നായികയാകാൻ ഐശ്വര്യ സമ്മതം മൂളിക്കഴിഞ്ഞു.

© 2024 Live Kerala News. All Rights Reserved.