വിഷരഹിത-ശീതകാല പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന് ആവശ്യമില്ലേ..!! കാന്തല്ലൂര്‍ പച്ചക്കറി സംഭരണം പാളി

ഇടുക്കി : സംസ്ഥാന ഹോര്‍ട്ടികോര്‍പും സര്‍ക്കാരും ഇടുക്കി കാന്തല്ലൂരിലെ കൃഷിക്കാരോട് കാട്ടിയത് കൊടിയ വഞ്ചന. ഓണത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെ ഇവിടത്തെ വിഷരഹിത ശീതകാല പച്ചക്കറി ഒരു കിലോ പോലും സംഭരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. മലയാളികളെ ഊട്ടാന്‍ തമിഴ്നാട്ടിലെ മാരക കീടനാശിനി തളിച്ച പച്ചക്കറി സംഭരിക്കുകയാണ് ഹോര്‍ട്ടികോര്‍പ്. തമിഴ്നാട്ടിലെ വന്‍കിട കച്ചവടക്കാര്‍ വാഗ്ദാനം ചെയ്ത കമീഷന്‍ മോഹിച്ച് ഹോര്‍ട്ടികോര്‍പ് കാന്തല്ലൂരിലെ കര്‍ഷകരെയും കേരളത്തിലെ ഉപഭോക്താക്കളെയും ഒരുപോലെ പറ്റിക്കുന്നു.

യഥാസമയം ഒന്നിച്ച് വിളവെടുപ്പ് നടക്കാത്തത് കര്‍ഷകര്‍ക്ക് നഷ്ടമുണ്ടാക്കും. ഉരുളക്കിഴങ്ങ്, കാരറ്റ്, ബീന്‍സ്, കാബേജ്, വെളുത്തുള്ളി എന്നിവയാണിവിടെ കൂടുതലായും കൃഷി ചെയ്യുന്നത്. ആഴ്ചയില്‍ 10 മുതല്‍ 15 ടണ്‍വരെ പച്ചക്കറി സംഭരിക്കാമെന്ന ഹോര്‍ട്ടികോര്‍പ്പിന്റെ ഉറപ്പില്‍ കര്‍ഷകര്‍ താല്‍പര്യത്തോടെ 400 ഹെക്ടറില്‍ കൃഷിയിറക്കി. ഒരു മാസംമുമ്പ് ചെയര്‍മാന്‍ ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയും, എംഡിയും കാന്തല്ലൂരിലെത്തിയാണ് ഉറപ്പ് നല്‍കിയത്. കൃഷിക്കാര്‍, കാന്തല്ലൂര്‍ പച്ചക്കറി വിപണന കര്‍ഷക സംഘം, പഞ്ചായത്ത് എന്നിവരുടെ യോഗത്തിലും ഇവര്‍ പങ്കെടുത്തു. പിന്നീട് കാന്തല്ലൂരിലെത്തിയ മന്ത്രി കെ പി മോഹനും ഉറപ്പ് ആവര്‍ത്തിച്ചു. എന്നാല്‍ ഓണത്തിന് നാല് ദിവസം മാത്രം ശേഷിക്കെ ഒരു ലോഡ് പച്ചക്കറിപോലും ഇതുവരെ സംഭരിച്ചിട്ടില്ല. സര്‍ക്കാര്‍ ഇവിടെ നിന്നും പച്ചക്കറി സംഭരിച്ചിട്ട് നാലാഴ്ച പിന്നിടുന്നു.

തമിഴ്നാട്ടിലെയും കര്‍ണാടകത്തിലെയും വിഷപച്ചക്കറികള്‍ ലഭിക്കുന്ന വിലയ്ക്ക് കാന്തല്ലൂര്‍ പച്ചക്കറികളും നല്‍കണമെന്നാണ് ഹോര്‍ട്ടികോര്‍പിന്റെ ഇപ്പോഴത്തെ വാദം. ഒരു കിലോ ഉരുളക്കിഴങ്ങ് 13.50രൂപ, കാബേജ് 12രൂപ, കാരറ്റ് 18രൂപ, ബീന്‍സ് 21രൂപ എന്നിങ്ങനെ വില നല്‍കാമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ സ്വകാര്യ ഏജന്‍സികള്‍ ഉരുളക്കിഴങ്ങിന് 16രൂപ, ബീന്‍സ് 23രൂപ, കാരറ്റ് 21രൂപ എന്നിങ്ങനെ നല്‍കുന്നു. എന്നാല്‍ ഇവര്‍ക്ക് ഹോര്‍ട്ടികോര്‍പിനെ പോലെ സംഭരണശേഷിയില്ലാത്തത് കര്‍ഷകര്‍ക്ക് സഹായകരമല്ല. തമിഴ്നാട്ടിലെ ചില സ്വകാര്യ ഏജന്‍സികളും ഇവിടത്തെ വിഷരഹിത ശീതകാല പച്ചക്കറി സംഭരിക്കുന്നുണ്ട്. അതിനിടെ ഊട്ടി, കോളാര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ് ഇപ്പോള്‍ കൂടുതലും വാങ്ങുന്നത്. കീടനാശിനിയില്‍ മുക്കിയെടുക്കുന്ന പച്ചക്കറികള്‍ ഒന്നോ രണ്ടോ രൂപയുടെ ലാഭത്തിന് വാങ്ങി മലയാളിക്ക് നല്‍കുന്നത് വിലക്കാന്‍ സര്‍ക്കാരിനും കഴിയുന്നില്ല. വിഷരഹിത പച്ചക്കറിയെന്ന് വെള്ളായണി കാര്‍ഷിക സര്‍വകലാശാല സാക്ഷ്യപ്പെടുത്തിയ കാന്തല്ലൂര്‍ പച്ചക്കറി ഉപേക്ഷിച്ച് വിഷപച്ചക്കറി ഓണക്കാലത്ത് വാങ്ങുന്നതിലെ താല്‍പര്യം ദുരൂഹമാണ്. ഇതിന്റെ പിന്നില്‍ അഴിമതിയുണ്ടെന്ന് ആക്ഷേപം. കഴിഞ്ഞ കാലങ്ങളില്‍ കാന്തല്ലൂര്‍ പച്ചക്കറി ഹോര്‍ട്ടികോര്‍പ് സംഭരിച്ചിരുന്നു. കഴിഞ്ഞ മൂന്നുമാസത്തെ സംഭരണത്തില്‍ ഇവിടത്തെ കര്‍ഷകര്‍ക്ക് ഹോര്‍ട്ടികോര്‍പ് 1,75,000രൂപ നല്‍കാനുമുണ്ട്. 800 കര്‍ഷകരാണിവിടെ സ്വന്തം ഭൂമിയിലും പാട്ടത്തിനും ബാങ്കുകളില്‍നിന്ന് വായ്പയെടുത്തും സ്വര്‍ണം പണയംവച്ചും കൃഷിയിറക്കിയത്. 50,000 മുതല്‍ ഒരു ലക്ഷം രൂപ വരെ കര്‍ഷകര്‍ക്ക് ചെലവായി. ഇത്തവണത്തെ വിലയിടിവും ആഘാതമാണ്. കഴിഞ്ഞ സീസണില്‍ 45 കിലോ വരുന്ന ഒരു ചാക്ക് ഉരുളക്കിഴങ്ങിന് 1200രൂപ കിട്ടിയിരുന്നത് ഇത്തവണ 700ആയി കുറഞ്ഞു.

Courtesy: www.deshabhimani.com

© 2024 Live Kerala News. All Rights Reserved.