‘കല്യാണം കഴിക്കല്ലേ അളിയാ’…രാജ്യത്ത് ആത്മഹത്യ ചെയ്യുന്നവരിൽ കൂടുതലും വിവാഹിതർ

ഇൻഡോർ: ”കല്യാണം കഴിക്കല്ലേ അളിയാ,​ അതിനെക്കാളും ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്”- വിവാഹിതരായവർ അവിവാഹിതരായ സുഹൃത്തുക്കളോട് ‘ഉപദേശിക്കുന്ന’ സ്ഥിരം ഡയലോഗാണിത്. നാഷണൽ ക്രൈം റെക്കോർഡ് ബ്യൂറോ(എൻ.സി.ആർ.ബി)​ പുറത്തുവിട്ട 2014ലെ കണക്കുകളും ഏതാണ്ട് ഈ ‘ഉപദേശത്തെ’ പിൻതാങ്ങുന്നതാണ്. രാജ്യത്ത്   ആത്മഹത്യ ചെയ്ത 1,31,666 പേരിൽ 65.9ശതമാനവും വിവാഹിതരാണെന്നാണ് എൻ.സി.ആർ.ബി കണ്ടെത്തിയിരിക്കുന്നത്. എന്നാൽ,​ ആത്മഹത്യ ചെയ്ത അവിവാഹിതരുടെ നിരക്ക് 21.1 ശതമാനമാണ്. ഈ കാലയളവിൽ  ആത്മഹത്യ ചെയ്ത വിധവകളുടെയും വിഭാര്യരുടെയും ശതമാനം 2.1 ആണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. അതേസമയം,​ നിയമപ്രകാരം ബന്ധം വേർപ്പെടുത്തിയവരിലും വേർപിരിഞ്ഞ് ജീവിക്കുന്നവരിലും ആത്മഹത്യാ നിരക്ക് 1.4%മാത്രമാണെന്നും എൻ.സി.ആർ.ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

കണക്കുകൾ ഞെട്ടിക്കുന്നതാണെന്നും കുടുംബ ബന്ധങ്ങളിലുണ്ടായ ഗൗരവകരമായ മാറ്റമാണ് വിവാഹിതർക്കിടയിൽ ആത്മഹത്യാ പ്രവണത ഏറാൻ കാരണമെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. കൂട്ടുകുടുംബ വ്യവസ്ഥകൾ അണുകുടുംബ വ്യവസ്ഥയിലേക്കു അതിവേഗം  മാറിക്കൊണ്ടിരിക്കുകയാണെന്നും ഇത് കുടുംബബന്ധങ്ങളിൽ തർക്കങ്ങൾ ഉടലെടുക്കാനും സഹനശക്തി നഷ്ടപ്പെടാനും കാരണമാകുന്നുവെന്നുമാണ് മനശാസ്ത്രജ്ഞരും മാര്യേജ് കൗൺസിലർമാരും അഭിപ്രായപ്പെടുന്നത്.

Courtesy:Keralakoumudi.com

Photo Courtesy; Imotion In Pictures.com

© 2024 Live Kerala News. All Rights Reserved.