ഐഎസിന്റെ രണ്ടാമന്‍ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

 

വാഷിങ്ടണ്‍: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) നേതൃത്വത്തില്‍ രണ്ടാമനായ ഫഹ്ദില്‍ അഹമ്മദ് അല്‍ ഹയാലി (ഹാജി മുദസ്) ഇറാഖിലെ മൊസൂളില്‍ യുഎസിന്റെ ഡ്രോണ്‍ (ആളില്ലാ വിമാനം) ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഈ മാസം 18നായിരുന്നു ആക്രമണം. ഹാജി മുദസ് കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ് സ്ഥിരീകരിച്ചു. ഐഎസിന്റെ മാധ്യമവിഭാഗത്തില്‍ പ്രവര്‍ത്തിച്ചിരുന്ന അബു അബ്ദുല്ലയും കൊല്ലപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിനു നേരെയായിരുന്നു യുഎസ് ആക്രമണം.

ഐഎസിന്റെ ആയുധങ്ങളുടെയും സ്‌ഫോടകവസ്തുക്കളുടെയും നീക്കത്തിനു നേതൃത്വം നല്‍കിയിരുന്നത് ഹാജി മുദസ് ആയിരുന്നെന്നു വൈറ്റ്ഹൗസ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു. ഇറാഖിലെ ഐഎസിന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നതും ഹാജി മുദസ് ആയിരുന്നു.

സിറിയയിലെ റാഖയില്‍ കഴിഞ്ഞ മാസം യുഎസ് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ഐഎസിന്റെ മറ്റൊരു മുന്‍നിര നേതാവു കൊല്ലപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.