പെട്രോള്‍, ഡീസല്‍ വില ഇനിയും കുറയും: രാജ്യാന്തര വിപണയില്‍ ക്രൂഡോയില്‍ വില ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

 

ന്യൂഡല്‍ഹി: പെട്രോള്‍, ഡീസല്‍ വില ഇനിയും കുറയും. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ (ക്രൂ!ഡ് ഓയില്‍) യുടെ വില ആറര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി.

യുഎസിലെ എണ്ണ സ്റ്റോക്ക് ഉയര്‍ന്നതും ഡിമാന്‍ഡ് കുറഞ്ഞതും അവിടെ ക്രൂഡ് ഓയില്‍ (വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ്) വില ബാരലിന് 40.48 ഡോളര്‍ നിലവാരത്തിലെത്തിച്ചു. രാജ്യാന്തര വ്യാപാരത്തിന്റെ മാനദണ്ഡമായി കണക്കാക്കുന്ന ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന്(159 ലീറ്റര്‍) 46.91 ഡോളറായി.
ഇന്ത്യയില്‍ രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതിനാല്‍ എണ്ണ വിലയിടിവിന്റെ നേട്ടം പൂര്‍ണമായി ലഭിക്കില്ല. രൂപയ്ക്ക് വിലയിടിയുമ്പോള്‍ ഇറക്കുമതിച്ചെലവ് ഉയരുമെന്നതാണ് കാരണം. ഇന്ധനവില കുറയുന്ന തക്കത്തിന് നികുതി ഉയര്‍ത്തി നേട്ടമുണ്ടാക്കാന്‍ ഇപ്പോള്‍ തീരുമാനമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചിട്ടുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് ആശ്വാസകരമാണ്.

കഴിഞ്ഞ നവംബര്‍- ജനുവരികാലത്ത് നാലു തവണ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചതിലൂടെ പെട്രോള്‍ ലീറ്ററിന് 7.75 രൂപയും ഡിസല്‍ ലീറ്ററിന് 6.50 രൂപയും വില കൂടിയിരുന്നു.

എന്നാല്‍, രാജ്യാന്തര ക്രൂഡ് വില ബാരലിന് 30 ഡോളര്‍ നിലവാരത്തിലെത്തിയാലേ ഇനി അത്തരമൊരു നികുതി വര്‍ധന ആലോചിക്കുന്നുള്ളൂ എന്നാണ് സര്‍ക്കാര്‍ നിലപാട്. പെട്രോള്‍, ഡീസല്‍ വിലകള്‍ ഇനി മാസാവസാനമാണ് പുനര്‍ നിര്‍ണയിക്കുക.

© 2024 Live Kerala News. All Rights Reserved.