ദാവൂദ് പാകിസ്ഥാനിൽ തന്നെ, പുതിയ ചിത്രം ഇന്ത്യ പുറത്തുവിട്ടു

ന്യൂഡൽഹി: 1993 മുംബയ് സ്ഫോടന കേസുകളിൽ ഇന്ത്യ തേടുന്ന മുഖ്യപ്രതിയും അധോലോക നായകൻ ദാവൂദ് ഇബ്രാഹിം പാകിസ്ഥാനിൽ തന്നെയുണ്ടെന്നതിന് പുതിയ തെളിവുകൾ പുറത്ത് വന്നു. കിസ്ഥാനിലെ തുറമുഖ നഗരമായ കറാച്ചിയിലെ ക്ലിഫ്ടൺ റോഡിലെ വസതിയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ദാവൂന്റെ ഫോൺ ബില്ലുകളെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനത്തിൽ എത്തിയത്. ദാവൂദിന്റെ  ഏറ്റവും പുതിയ ചിത്രവും പുറത്തു വിട്ടിട്ടുണ്ട്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ദേശീയസുരക്ഷാ ഉപദേഷ്ടാക്കളുടെ ചർച്ചയിൽ ഇന്ത്യ ഈ തെളിവുകൾ ഹാജരാക്കും.

കറാച്ചിയിൽ ദാവൂദ് താമസിക്കുന്ന സ്ഥലത്തെ 2015 ഏപ്രിലിലെ ഫോൺ ബില്ലാണ് ഇപ്പോൾ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നത്. മാത്രമല്ല, കറാച്ചിയിൽ രണ്ട് വീടുകളും ദാവൂദിനുണ്ട്. ഇവയുടെ മേൽവിലാസവും രഹസ്യാന്വേഷണ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ദാവൂദിന്റെ കൈവശം പാകിസ്ഥാന്റെ മൂന്നു പാസ്‌പോർട്ടുകൾ ഉണ്ടെന്നും അന്വേഷണത്തിൽ വ്യക്തമായി. പാസ്പോർട്ടിൽ നൽകിയിരിക്കുന്ന പുതിയ ചിത്രത്തിൽ മുഖം വൃത്തിയായി വടിച്ചിട്ടുണ്ട്. ഇതോടൊപ്പം സൗന്ദര്യ വർദ്ധക ശസ്ത്രക്രിയയും നടത്തിയിട്ടുണ്ട്.

ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ഇന്ത്യ നേരത്തെ തന്നെവ്യക്തമാക്കിയിരുന്നു. എന്നാൽ, ഇത് പാകിസ്ഥാൻ തള്ളുകയും ചെയ്തു. ദാവൂദിന്റെ ഭാര്യ മെഹ്‌ജാബീൻ ഷെയ്ഖ്, മകൻ മോയിൻ നവാസ്, പുത്രിമാരായ മാഹ്‌രൂക്, മെഹ്റീൻ, മാസിയ എന്നിവരും ക്ളിഫ്ടണിലാണ് താമസം. മോയീൻ വിവാഹം ചെയ്തിരിക്കുന്നത് സാനിയയേയും മാഹ്‌രൂഖ് വിവാഹം ചെയ്തിരിക്കുന്നത് പാകിസ്ഥാൻ മുൻ ക്രിക്കറ്റ് ക്യാപ്ടൻ ജാവേദ് മിയാൻദാദിന്റെ മകൻ ജുനൈദിനേയുമാണ്.

ദാവൂദിന്റെ കുടുംബം പാകിസ്ഥാനിൽ നിന്ന് ദുബായിലേക്ക് യാത്ര ചെയ്തതിനുള്ള രേഖകളും ഇന്ത്യൻ ഏജൻസികൾക്ക് ലഭിച്ചിട്ടുണ്ട്. ദാവൂദുമായി അടുത്ത് ബന്ധമുള്ള ജാബിർ സാദിഖ്, ജവൈദ് ഛോട്ടാനി, ചിക്ന എന്ന ജാവേദ് പട്ടേൽ  എന്നിവരെല്ലാം പാകിസ്ഥാനിൽ നിന്ന് ദുബായിൽ വന്നിട്ടുണ്ട്. സിദ്ദിഖ്, ജൂലായ് 20ന് ദുബായിൽനിന്ന് കറാച്ചിയിലും എത്തിയിരുന്നു. ഇത് ദാവൂദിനെ കാണാനാണ് എന്നാണ് കരുതപ്പെടുന്നത്.

© 2024 Live Kerala News. All Rights Reserved.