ഫിലിപ്പീന്‍സ് യുവതിയുടെ ഫേസ്ബുക്ക് പ്രണയത്തില്‍പെട്ടു… കോഴിക്കോട് സ്വദേശിക്ക് ദുബായില്‍ നഷ്ടമായത് 5000 ദിര്‍ഹം

ദുബായ്: ഫിലിപ്പീന്‍സ് യുവതിയുടെ കെണിയില്‍ അകപ്പെട്ട ദുബായ് മലയാളിക്ക് നഷ്ടമായത് 5000 ദിര്‍ഹം. കോഴിക്കോട് സ്വദേശിയാണ് വഞ്ചിതനായത്. ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിലൂടെ ഫിലിപ്പീന്‍സ് യുവതിയുടെ പ്രണയ നാടകത്തില്‍ അകപ്പെട്ട യുവാവ് ഇവരുമായി നിരന്തരം ചാറ്റിങ്ങില്‍ ഏര്‍പ്പെട്ടു. ഒടുവില്‍ ലൈംഗിക താത്പര്യം പ്രകടിപ്പിച്ച യുവതി, യുവാവിനോട് വിവസ്ത്രനാകാന്‍ ആവശ്യപ്പെട്ടു. ഇതു പകര്‍ത്തിയ ശേഷമാണ് ഫിലിപ്പീന്‍സ് യുവതി യഥാര്‍ഥ സ്വഭാവം കാണിച്ചത്. സംഭവം ഓണ്‍ലൈനില്‍ കൊടുക്കാതിരിക്കാന്‍ 5000 ദിര്‍ഹം വേണമെന്ന് ആവശ്യപ്പെട്ടു. യുവാവ് മണി എക്‌സ്‌ചേഞ്ചിലൂടെ യുവതിക്ക് പണം അയച്ചുകൊടുത്തു. എന്നാല്‍ പെണ്‍കുട്ടി വീണ്ടും വീണ്ടും പണം ചോദിച്ച് ഭീഷണിപ്പെടുത്തിയതോടെ യുവാവ് ശരിക്കും കുടുങ്ങിയിരിക്കുകയാണ്.പണം നല്‍കിയാല്‍ ചിത്രം ഡിലീറ്റ് ചെയ്തു കളയാമെന്ന് പറഞ്ഞ് യുവതി യുവാവിനെ വിശ്വസിപ്പിച്ചതിനാല്‍ പല തവണയായി ഇയാള്‍ക്ക് 5000 ദിര്‍ഹം വരെ നഷ്ടമായിരിക്കുകയാണ്. യുവതിക്കെതിരെ പൊലീസില്‍ പരാതിപ്പെടാനൊരുങ്ങുകയാണ് യുവാവ്.

© 2024 Live Kerala News. All Rights Reserved.