വെറുപ്പിച്ചില്ല… പക്ഷെ..!!!

പേര് കേട്ടിട്ട് ഞാനടങ്ങുന്ന സിനിമ പ്രേമികള്‍ക്ക്, ഇത് വലിയ സംഭവമായിട്ടൊന്നും തോന്നിയിരുന്നില്ലെങ്കിലും, പിന്നീട് ഫസ്റ്റ് ലുക്ക് പോസ്റ്ററുകളില്‍ മീശപിരിച്ച മോഹന്‍ലാലിനെ കണ്ടപ്പോള്‍ പ്രതീക്ഷകളുയര്‍ന്നു. അന്നു മുതല്‍ ലാലേട്ടന്റെ ഫോട്ടോ കവര്‍ പേജിലിട്ട് പൂജിച്ച ഫാന്‍സിന്  റിവ്യുവായിക്കുമ്പോള്‍ ചിലപ്പോള്‍ മടുപ്പ് അനുഭവപ്പെട്ടേക്കാം. അതുകൊണ്ട് ഫാന്‍സ് ഈ റിവ്യു വായിക്കാതിരിക്കുക.

 11866294_1053257051403180_348623490316685069_n

 അര്‍ജുന്‍ പ്രഭ

129 മിനിറ്റ് ദൈര്‍ഘ്യമുള്ള ലോഹം ഒരു കള്ളക്കടത്തിന്റെ കഥയല്ല. പക്ഷെ കള്ളം കടത്തുന്ന കഥയാണെന്ന് പറയാം. ചിത്രത്തില്‍ രാജു എന്ന ടാക്‌സി ഡ്രൈവറായി മോഹന്‍ലാല്‍ അഭിനയിക്കുന്നു. കണ്ടുമടുത്ത വേഷങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു മോഹന്‍ലാലിന്റെ ഈ ചിത്രത്തിലെ കഥാപാത്രം. രണ്ട് വ്യത്യസ്ഥ ഗെറ്റപ്പുകളില്‍ മോഹന്‍ ലാലിനെ കാണാം. മോഹന്‍ലാല്‍ പ്രതീക്ഷക്കൊത്ത ഉയര്‍ന്നില്ല. എങ്കിലും അടുത്തിടെ പുറത്തിറങ്ങിയ ലാലേട്ടന്റെ ആക്ഷന്‍ സിനിമകളേക്കാള്‍ മികച്ചു നിന്നു ലോഹത്തിലെ അഭിനയം. ലാലേട്ടനും രജ്ഞിത്തും ഒന്നിച്ചപ്പോള്‍ പ്രതീക്ഷിച്ചത് ഒരു ക്‌ളാസ് ചിത്രം അല്ലേല്‍ ഒരു മാസ് ചിത്രം എന്നാണ്, പക്ഷെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല,…

രജ്ഞി പണിക്കരുടെ കഥ ഉശാറായിരുന്നു, തിരക്കഥയും മികച്ചു നിന്നു, പക്ഷെ സംവിധാനം പലയിടത്തും പാളി,.. പല രംഗങ്ങളും ലാലേട്ടനു വേണ്ടി ഉണ്ടാക്കിയ പോലെ തോന്നി(സൈക്കിള്‍ സീന്‍) തിരക്കഥക്ക് അനുസരിച്ച് ഒരു വിട്ടുവീഴ്ചയും ഇല്ലാതെ മസാല രംഗങ്ങളൊക്കെ ഒഴിവാക്കിയെടുത്തിരുന്നേല്‍ ലോഹം വജ്രമായിരുന്നേനെ..

ഇരുത്തി ചിന്തിച്ചാല്‍…!!

സ്വര്‍ണ കടത്തും ആയി ബന്ധപെട്ടു കിടക്കുന്ന കഥ. ഒരു പ്രത്യേക വ്യക്തിയെ ചുറ്റി പറ്റി വികസിക്കുന്ന കഥയില്‍ ഒരു പാട് വില്ലന്മാരും അവരുടെ തന്നെ പല ടീമുകളും ഉള്‍പെടുന്നു. അതിനിടയില്‍ ടാക്‌സി ഡ്രൈവര്‍ ആയ രാജു ഉള്‍പെടുന്നതോടെ സിനിമയില്‍ മാറ്റങ്ങള്‍ സംഭവിക്കുന്നു. അവിടം മുതല്‍ എന്ത് സംഭവിക്കുന്നു എന്നതാണ് ലോഹത്തില്‍ രഞ്ജിത് നമ്മളോട് പറയുന്നത്. പ്രത്യേകിച്ച് ഒരാവശ്യവും ഇല്ലാത്ത കുറേ പാട്ടുകള്‍ ഇടയ്ക്കു രസചരട് മുറിക്കും എന്നതൊഴിച്ചാല്‍ സിനിമ നല്ല രീതിയില്‍ ആയി തന്നെ മുന്നോട്ടു പോകുന്നുണ്ട്.

മോശമില്ലാത്ത ആദ്യ പകുതി ഒരുക്കിയ ശേഷം രഞ്ജിത് രണ്ടാം പകുതിയില്‍ സിനിമയെ പക്കാ ത്രില്ലര്‍ ആക്കി വഴി മാറ്റിയപ്പോള്‍ അതില്‍ ഒരു പരിധി വരെ മാത്രമേ വിജയം ആയിട്ടുള്ളൂ. പെട്ടന്ന് പെട്ടന്നുള്ള ട്വിസ്റ്റ് എന്ന നിലയില്‍ മുന്നോട്ടു പോയ കഥ പക്ഷെ പ്രധാന ട്വിസ്റ്റ് ആവശ്യപെടുന്ന ക്ലൈമാക്‌സില്‍ കാലിടറി നിലം പതിയ്ക്കാന്‍ തുടങ്ങിയെന്ന് വേണം പറയാന്‍. മോഹന്‍ലാല്‍ ഒറ്റയ്ക്ക് ചുമക്കുന്ന രണ്ടാം പകുതിയില്‍ അവസാന 5 മിനുട്ട് ട്വിസ്റ്റ് പ്രേക്ഷകര്‍ പ്രതീക്ഷിച്ചത് മാത്രം ആയത് നിരാശ ഉണ്ടാക്കി എന്നത് സത്യം. ഇത്തരം സിനിമകളില്‍ എപ്പോളും ഏറ്റവും കൂടുതല്‍ ശ്രദ്ധികേണ്ട വിഷയം ഒരു കിടിലന്‍ ക്ലൈമക്‌സ് തന്നെ ആണ് എന്നിരിക്കെ രഞ്ജിത്ത് ഒരു നോര്‍മല്‍ അവസാനിപ്പിക്കല്‍ ആണ് ഇവിടെ പരീക്ഷിക്കുന്നത് . ഒരു പക്ഷെ അത് കൂടി ശ്രദ്ധിച്ചു എങ്കില്‍ പടം വേറെ ഒരു ലെവല്‍ ആയേനെ. സിനിമയുടെ പല ഭാഗങ്ങളും കാണുമ്പോള്‍ രഞ്ജിത്ത് എന്ന സംവിധായകന്റെ നിലവാരത്തകര്‍ച്ചയെ എടുത്തുകാണിക്കുന്നു. ആരെയൊക്കെയോ തൃപ്തിപ്പെടുത്തുവാനായി കാണിച്ച പെക്കൂത്തുകള്‍ പോലെ.

തമിഴ് സിനിമകളില്‍ കണ്ടുപഴകിയതുമായ കഥയൊക്കെയാണെങ്കിലും, തുടരെയുള്ള ലാലേട്ടന്റെ ചവറു ചിത്രങ്ങള്‍ക്ക് ശേഷം പ്രായത്തിനു ചേരുന്ന വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ചു എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു… അതുകൊണ്ട് കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കണ്ടിരിക്കാം. ലാലേട്ടന്‍ ആരാധകര്‍ക്ക് വേണമെങ്കില്‍ ആവസാനം വരേയും കയ്യടിക്കാം. ഒരു സിനിമ പ്രേമിയ്ക്ക് കണ്ടിട്ട് മോശമില്ല എന്നൊരു അഭിപ്രായം കാച്ചാം.

* ആന്‍ഡ്രിയ പ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചു. (ആവറേജ് പ്രകടനം) പക്ഷെ സ്ത്രീയെ മോശമായി രഞ്ജിത്ത് എവിടെയൊക്കെയോ ചിത്രീകരിച്ചോ എന്നൊരു തോന്നല്‍. ഒരുതരം സി ക്ലാസ്സ് ചിത്രം പോലെ.

* മുഹമ്മദ് ഉണ്ണി എന്ന രസികനായ, എന്നാല്‍ അല്‍പ സ്വല്‍പം ദുരൂഹത നിറഞ്ഞ ഒരു കഥാപാത്രമായിരുന്നു സിദ്ദീഖിന്റേത്. സിദ്ധിഖിന്റെ കൂട്ടാളിയായ ബാബുവുമൊത്തുള്ള അദ്ദേഹത്തിന്റെ കൗണ്ടറുകള്‍ ഒരുരക്ഷയുമില്ല. തനി കോഴിക്കോടന്‍ ഭാഷയില്‍ സംസാരിക്കുന്ന സിദ്ധിഖ് ആയിരുന്നു ഈ ചിത്രത്തില്‍ ഏറ്റവും കൂടുതല്‍ തിളങ്ങിയതും. പറയാതെ വയ്യ. സിദ്ദീക്ക് കിടുക്കിക്കളഞ്ഞു, തകര്‍പ്പന്‍ കോമഡിയായിരുന്നു..,

* അബുസലിം: മലയാളത്തിന്റെ റോക്ക് എന്ന് വിശേഷിപ്പിക്കാവുന്ന ഇദ്ദേഹം ചിത്രത്തില്‍ നല്ല പ്രകടനമായിരുന്നു. പക്ഷെ അബൂസലീമിന് കരുതിയ അത്ര പ്രാധാന്യം ഇല്ല…,

* അഴകന്‍ പെരുമാള്‍ എന്ന സമ്പന്നയുവാവായി അജ്മല്‍ മികച്ച രീതിയില്‍ വേഷമിട്ടു.

* കൈതേരി സഹദേവനായി ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ വേഷമിട്ട ഹരീഷ് പിഷാരടി,സന്തോഷ് കീഴാറ്റൂര്‍,രഞ്ജിത്, സുരേഷ് കൃഷ്ണ, അജു വര്‍ഗ്ഗീസ്,ശശി കലിംഗ, മണിക്കുട്ടന്‍, കെ.പി.എ.സി.ലളിത, സിന്‍ഡ്ര,
സൗബിന്‍ ഷാഹിര്‍ , ഷങ്കര്‍ രാമകൃഷ്ണന്‍, ജോയ് മാത്യു, മൈഥിലി, ജോജു ജോര്‍ജ്ജ്, വിജയരാഘവന്‍ എന്നിവരുടെ സാന്നിധ്യവും ചിത്രത്തിലുണ്ടായിരുന്നു.

* ശ്രീ വത്സന്‍ ജെ. മേനോന്‍ എന്ന സംഗീത സംവിധായകന്റെ ഒരൊറ്റ വര്‍ക്ക് മാത്രം എടുത്ത് പറയാം. ഷഹബാസ് അമന്റെ ശബ്ദത്തിലുള്ള ആദ്യത്തെ മെലഡി ഗാനം ആകര്‍ഷകമാണ്.
മറ്റു പാട്ടുകള്‍ മോശമായിരുന്നുവെന്ന് പറയേണ്ടി വരും.

* രാജാമണിയുടെ പശ്ചാത്തല സംഗീതം തുടക്കം മുതലേ, ഗംഭീരമായിരുന്നു.

പോസിറ്റീവ് ചിന്തകള്‍
*മോഹന്‍ലാലിന്റെ അഭിനയം
*സിദ്ദീക്ക്
*തിരക്കഥ
*ചിത്രത്തിന്റെ വേഗത
*വേഗതയുള്ള മേകിംഗ് ആയതിനാല്‍ ലാഗിംഗ് ഇല്ല

മടുപ്പിച്ചവ
*സംവിധാനം മെച്ചപ്പെടുത്താമായിരുന്നു,
*അനാവിശ്യ രംഗങ്ങള്‍
*പാട്ടുകള്‍
*വലിയ കാസ്റ്റിംഗ്(താരങ്ങള്‍ക്കനുസരിച്ച പ്രാധാന്യം ഇല്ല)

NB: ലാലേട്ടാാ.. മാടമ്പിയിലും റെഡ് ചില്ലീസിലും ഗ്രാന്റ്മാസ്റ്ററിലും പയറ്റിയ ഈ സ്വയം പുകഴ്ത്തല്‍ ഒന്നു ഒഴിവാക്കുമോ..? ലോഹത്തിലെ സ്വയം പ്രശംസ കേട്ടപ്പോള്‍ കൂവാന്‍ തോന്നിയെന്നത് തുറന്ന് പറയട്ടെ..