‘മെയ്ക് ഇന്‍ ഇന്ത്യ’ മൊബൈല്‍ ഫോണ്‍ വില്‍പ്പനയില്‍ ഇന്ത്യയും കേമന്‍

ഇന്ത്യയില്‍ വില്‍ക്കുന്ന മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകളില്‍ നാലിലൊന്നും ഇന്ത്യയില്‍ നിര്‍മിക്കുന്നതാണെന്ന് റിപ്പോര്‍ട്ട്. ഏപ്രില്‍ – ജൂണ്‍ മൂന്നു മാസത്തില്‍ വിറ്റ ഫോണുകളില്‍ 24.8% ഇന്ത്യന്‍ നിര്‍മിതമെന്നാണ് വിപണി ഗവേഷകരായ സൈബര്‍ മീഡിയ റിസര്‍ച്ച് പറയുന്നു. തൊട്ടു മുന്‍പത്തെ മൂന്നു മാസം 20% ആയിരുന്നു ഇന്ത്യന്‍ ഹാന്‍ഡ്‌സെറ്റുകളുടെ വിഹിതം.

ഏപ്രില്‍ – ജൂണ്‍ കാലത്ത് 5.66 കോടി ഹാന്‍ഡ്‌സെറ്റുകളാണ് രാജ്യത്ത് വിറ്റത്. ഇതില്‍ 2.48 കോടി സ്മാര്‍ട് ഫോണുകളാണ്. ‘മെയ്ക് ഇന്‍ ഇന്ത്യ’ പ്രചാരണത്തിന്റെ ഫലമാണ് ഇന്ത്യയില്‍ ഉല്‍പാദനം വര്‍ധിക്കുന്നതെന്ന് ഏജന്‍സി വിലയിരുത്തുന്നു.

മുന്‍ നിരക്കാരായ സാംസങ്, മൈക്രോമാക്‌സ് എന്നിവയും സ്‌പൈസും ഇന്ത്യയില്‍ ഹാന്‍ഡ്‌സെറ്റുകള്‍ അസംബിള്‍ ചെയ്യുന്നുണ്ട്. ഷവോമി, മോട്ടറോള, ലെനോവോ എന്നിവ ഈയിടെ ഇവിടെ അസംബിള്‍ ചെയ്യുന്ന പദ്ധതിക്കു തുടക്കമിട്ടു. എച്ച്ടിസി, അസ്യൂസ്, ജിയോണീ തുടങ്ങിയവര്‍ ഇന്ത്യയില്‍ നിര്‍മാണം ആരംഭിക്കാന്‍ ആലോചിക്കുന്നുമുണ്ട്.

മൊത്തം വിപണിയില്‍ 20.6 ശതമാനവും സ്മാര്‍ട് ഫോണ്‍ വിപണിയില്‍ 24.6 ശതമാനവും പങ്കാളിത്തവുമായി സാംസങ് ആണ് ഒന്നാമത്. മൈക്രോമാക്‌സിന് മൊത്തം വിപണിയില്‍ 12.3%, സ്മാര്‍ട് ഫോണില്‍ 14.8% എന്നിങ്ങനെ വിഹിതമുണ്ട്. മൂന്നാമത് ഇന്റെക്‌സാണ്. മൊത്തം വിപണിയില്‍ 9.5%, സ്മാര്‍ട് ഫോണില്‍ 10.4% എന്നിങ്ങനെ പങ്കാളിത്തം.

© 2024 Live Kerala News. All Rights Reserved.