വടക്കന്‍ പിണറായിയ്ക്ക് യോഗത്തിനെക്കുറിച്ച് ഒരു ചുക്കുമറിയില്ല… സമുദായം ശക്തരായപ്പോഴല്ലേ സിപിഐ(എം) നേതാക്കള്‍ ശിവഗിരിയില്‍ പോയിത്തുടങ്ങിയത്: വെള്ളാപ്പള്ളി നടേശന്‍

കൊല്ലം: ശ്രീനാരായണ ഗുരുവിനെയും എസ്.എൻ.ഡി.പി യോഗത്തെയും കുറിച്ച് വടക്കനായ പിണറായി വിജയന് ഒന്നുമറിയില്ലെന്ന് വെള്ളാപ്പള്ളി നടേശൻ. യോഗം ജനറൽ സെക്രട്ടറിയായി ചുമതലയേറ്റശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരംവെളുക്കുമ്പോൾ ബി.ജെ.പിയെന്നും സംഘപരിവാറെന്നും പറഞ്ഞ് യോഗത്തെ വേട്ടയാടുന്നത് ശരിയല്ല. ആ വെള്ളം വാങ്ങി വയ്ക്കുന്നതാണ് നല്ലത്. ഗുരുസന്ദേശം പ്രചരിപ്പിക്കാൻ സി.പി.എം എന്നെങ്കിലും എന്തെങ്കിലും ചെയ്തിട്ടുണ്ടോ? ഇവർ എന്നു മുതലാണ് ശിവഗിരിയിൽ പോയി തുടങ്ങിയത്? സി.പി.എം നേതാക്കൾ എന്നുമുതലാണ് ഗുരുദേവനെക്കുറിച്ച് പ്രസംഗിച്ച് തുടങ്ങിയതെന്നും പാർട്ടി പത്രത്തിൽ എന്നുമുതലാണ് ഗുരുവിന്റെ ചിത്രം അച്ചടിച്ച് തുടങ്ങിയതെന്നും എല്ലാവർക്കുമറിയാം. സമുദായം ശക്തി സമാഹരിച്ചപ്പോഴാണ് ഇവർ ഗുരുവിനെ  കണ്ടു തുടങ്ങിയത്. അതിൽ സന്തോഷമുണ്ട്.

അരുവിക്കരയിൽ തോറ്റതിന് യോഗത്തിന്റെ മുകളിൽ കുതിര കയറിയിട്ട് കാര്യമില്ല. പരമ്പരാഗതമായി ഇടതുപക്ഷത്തിന് ലഭിച്ചിരുന്ന വോട്ട് നഷ്ടപ്പെട്ടതെങ്ങനെയെന്ന് സി.പി.എം സ്വയം വിലയിരുത്തണം. തങ്ങളോടൊപ്പം നിന്നവരെ മറന്ന് ന്യൂനപക്ഷത്തിന് പിന്നാലെ പോയതാണ് സി.പി.എം ഇന്ന് നേരിടുന്ന പ്രതിസന്ധിയുടെ കാരണം. എസ്.എൻ.ഡി.പി യോഗം വിചാരിച്ചിട്ടാണോ ബി.ജെ.പി ഇന്ത്യ ഭരിക്കുന്നത്. ജാതി വർണ ഭേദമില്ലെന്ന് പറയുന്ന അവർ എന്തിനാണ് ഐ.എൻ.എല്ലിനെ കൂടെ കൊണ്ടു നടക്കുന്നത്. ഒരു രാഷ്ട്രീയ പാർട്ടിയെയും തളർത്താനും തകർക്കാനും  യോഗം ശ്രമിച്ചിട്ടില്ല.   ആർ.എസ്.എസ് ഉൾപ്പെടെയുള്ള ഒരു പ്രസ്ഥാനത്തോടും അയിത്തവുമില്ല.
രാഷ്ട്രീയ ശക്തിയാവുകയെന്നത് യോഗത്തിന്റെ ലക്ഷ്യമാണ്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്നോ ഏതെങ്കിലും പാർട്ടിയുടെ വാലാകുമെന്നോ അതിനർത്ഥമില്ല. സമുദായ ശക്തിയിലൂടെ മാത്രമേ സാമൂഹ്യനീതി നേടിയെടുക്കാനാകൂ. പിന്നാക്ക വിഭാഗത്തിന് നിഷേധിക്കപ്പെട്ടിരുന്ന സാമൂഹിക നീതി നേടിയെടുക്കുന്നതിനാണ് ഗുരു യോഗം സ്ഥാപിച്ചത്. ആ വഴിയിലൂടെതന്നെ എസ്.എൻ.ഡി.പി യോഗം സഞ്ചരിക്കും. ന്യൂനപക്ഷ പ്രീണനം സാമൂഹിക അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്നുവെന്ന കാനം രാജേന്ദ്രന്റെ വാക്കുകൾ നൂറ് ശതമാനം ശരിയാണ്. കാനത്തെക്കാൾ മുമ്പ് ഇക്കാര്യം എ.കെ. ആന്റണി പറഞ്ഞിട്ടുണ്ട്.
വിദ്യാഭ്യാസ മേഖലയിൽ കഴിഞ്ഞ 50 വർഷമായി ഈഴവ സമുദായം കടുത്ത അവണന നേരിടുകയാണ്. പിന്നാക്കക്കാരുടെ കാര്യത്തിൽ ഉമ്മൻചാണ്ടി കണ്ണു തുറക്കില്ല. ന്യൂനപക്ഷ സവർണ വിഭാഗങ്ങളുടെ സ്ഥാപനങ്ങളിൽ നിയമനത്തിന് ഒരു തടസവുമില്ല. നിരന്തരം സമ്മർദ്ദം ചെലുത്തിയപ്പോഴാണ് ഇപ്പോൾ കുറച്ച് നിയമനത്തിന് അംഗീകാരം ലഭിച്ചത്. ഈ വർഷം വിരമിച്ച 58 അദ്ധ്യാപകരുടേതുൾപ്പെടെ ഇരുനൂറോളം തസ്തികകൾ യോഗത്തിന്റെ വിവിധ കോളേജുകളിൽ ഒഴിഞ്ഞുകിടക്കുകയാണ്.
തുടർച്ചയായി അഞ്ചാം തവണയാണ് താൻ യോഗത്തിന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെടുന്നത്. ഓരോ തവണയും ഭൂരിപക്ഷം വർദ്ധിച്ചെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.