102 ഉം പിന്നിട്ട് പൗണ്ടിന്റെ മൂല്യം കുതിക്കുന്നു; യുകെ മലയാളികള്‍ ആവേശത്തില്‍, ഓണത്തിന് മുമ്പ് നാട്ടിലേയ്ക്ക് പ്രവാസി പണത്തിന്റെ ഒഴുക്ക്

ലണ്ടന്‍ : ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പൗണ്ടിന്റെ മൂല്യം 102 ഉം പിന്നിട്ട് കുതിക്കുന്നു. പൗണ്ടിന്റെ മൂല്യം രണ്ടു ദിവസമായി 101ല്‍ തുടരുകയായിരുന്നു. ഏതാനും ആഴ്ചകളായി 98 ലും 99 ലും തുടര്‍ന്ന ശേഷം ആണ് പൗണ്ട് വീണ്ടും 100 പിന്നിട്ടത്. 102.52 വരെ മൂല്യം കയറി. ഓണത്തിന് മുമ്പ് നാട്ടിലേയ്ക്ക് പണമയക്കുന്നതിന്റെ തിരക്കിലാണ് യുകെ മലയാളികള്‍. പൗണ്ടിനും ഡോളറിനും ഗള്‍ഫ് കറന്‍സികള്‍ക്കും ആണ് കൂടുതല്‍ നേട്ടം എന്നത് കൊണ്ട് ഓണത്തിന് മുമ്പ് നാട്ടിലേയ്ക്ക് പ്രവാസി പണത്തിന്റെ ഒഴുക്ക് ഉണ്ടാവും.

ആഗോളതലത്തില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ പൗണ്ടിനോപ്പം ഡോളറും കയറി. ഡോളര്‍ മൂല്യം 65.40 പിന്നിട്ടു. നാട്ടിലേക്ക് പണം അയക്കുന്നവര്‍ക്ക് സന്തോഷം നല്കുന്ന സ്ഥിതിയാണ് ഇപ്പോള്‍. ഓണക്കാലത്ത് ലഭിച്ച ഈ ആനുകൂല്യം പരമാവധി മുതലാക്കുകയാണ് പ്രവാസികള്‍. മുമ്പും പൗണ്ടിന്റെ മൂല്യം മൂന്നക്കം പിന്നിട്ടപ്പോള്‍ നാട്ടിലേയ്ക്ക് പണം അയക്കുന്നവരുടെ എണ്ണം കൂടിയിരുന്നു. ഡോളര്‍ കൂടുതല്‍ ശക്‌തമായതോടെ ദിര്‍ഹവും രൂപയും തമ്മിലുള്ള വിനിമയ നിരക്ക് വീണ്ടും ഉയര്‍ന്നു. ഒരു ദിര്‍ഹത്തിന് 17.79 രൂപയായി. രൂപയുടെ മൂല്യം ഇടിയുകയാണെങ്കിലും പ്രവാസികളെ സംബന്ധിച്ചിടത്തോളം ഗുണകരമാണിത്. ശമ്പളം കിട്ടുന്ന മുറയ്ക്ക് നാട്ടിലേക്ക് പണം അയക്കുന്നു. നാട്ടിലേയ്ക്ക് പണം അയക്കുന്നവര്‍ക്ക് മികച്ച വിനിമയ നിരക്ക് ലഭിക്കുന്നുണ്ടെങ്കിലും നാട്ടിലെ സാമ്പത്തിക നില ഒട്ടും ശുഭകരമല്ല.

ബ്രിട്ടണ്‍ സാമ്പത്തിക ഭദ്രത കൈവരിച്ചതും ഇന്ത്യയില്‍ സ്ഥിതി മോശമായതും ആണ് രൂപയ്ക്കും പൗണ്ടിനും ഇടയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. 2015 പിറന്നതിന് ശേഷം പൗണ്ടിന്റെ നിരക്ക് തൊണ്ണൂറിന് അടുത്ത് വരെയായി കുറഞ്ഞിരുന്നു. ഏപ്രില്‍ 20 ന് 93.50 ആയിരുന്നു നിരക്ക്. പിറ്റേന്ന് 94 എത്തി. അടുത്ത ദിവസങ്ങളില്‍ ആ നിരക്കില്‍ നിന്നും പൗണ്ട് കുതിക്കുകയായിരുന്നു. പിന്നീട് മൂല്യം ഉയര്‍ന്ന് 98 കടന്നു. വീണ്ടും 96 ലേക്ക് പോയിരുന്നു. തെരഞ്ഞടുപ്പ് ഫലം വന്ന ദിവസം 99 ല്‍ എത്തിയ ശേഷം അടുത്ത ദിവസം 98 ലേക്ക് പോയി. പിന്നീട് നൂറില്‍ എത്തിയിട്ട് വീണ്ടും കുറയുകയായിരുന്നു. ഇപ്പോള്‍ 100 പിന്നിട്ടു കുതിക്കുകയും ചെയ്യുന്നു.

2013 സെപ്തംബറിന് ശേഷം ഇതാദ്യമായാണ് രൂപയ്ക്ക് ഇത്രയും ഇടിവു സംഭവിക്കുന്നത്

Courtesy: www.ukmalayalamnews.com

© 2024 Live Kerala News. All Rights Reserved.