ബി ജെ പിയില്‍ ചേര്‍ന്ന കുടുംബത്തിന് സി പി എമ്മിന്റെ ഊരുവിലക്കും വധഭീഷണിയും

 

പാലക്കാട്: സിപിഎം വിട്ട് ബിജെപിയില്‍ ചേര്‍ന്ന യുവാവിനും കുടുംബത്തിനും നേരെ ഊരുവിലക്കും വധഭീഷണിയും.നെന്മാറ തിരുവഴിയാട് ഇടപ്പാടം സ്വദേശി കാര്‍ത്തിക്കിനും കുടുംബത്തിനുമാണ് ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ സിപിഎം ഊരുവിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സ്ഥലത്തു നടക്കുന്ന പലകേസുകളിലും കാര്‍ത്തിക്കിനെ പ്രതിചേര്‍ക്കാനും കള്ളക്കേസുകളില്‍ കുടുക്കാനും സിപിഎം നേതാക്കള്‍ ശ്രമം നടന്നു. കാര്‍ത്തിക്കിന്റെ അമ്മക്ക് നേരെയും കയ്യേറ്റം നടന്നിട്ടുണ്ട്. ക്രെയിന്‍ മെക്കാനിക്ക് സഹായിയായ കാര്‍ത്തിക് മൂന്നു വര്‍ഷം മുമ്പാണ് സിപിഎം വിട്ടത്. തുടര്‍ന്ന് കാര്‍ത്തിക്കിനും കുടുംബത്തിനും നേരെ നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് പ്രദേശത്ത് നരേന്ദ്രമോദിയുടെ ഫഌക്‌സ് വച്ചതിനെ തുടര്‍ന്ന് ശത്രുത വര്‍ധിക്കുകയും കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന ഒരു സംഘര്‍ഷത്തിന്റെ പേരില്‍ സ്ഥലത്തില്ലാതിരുന്ന കാര്‍ത്തിക്കിന്റെ പേരില്‍ കേസുകൊടുക്കാന്‍ ശ്രമം നടന്നു. ഇതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് കാര്‍ത്തിക്കിനെയും കുടുംബത്തെയും സിപിഎം വാര്‍ഡ് മെമ്പറും ലോക്കല്‍ സെക്രട്ടിറിയുമായ കണ്ണനുണ്ണിയുടെ നേതൃത്വത്തില്‍ സമുദായത്തില്‍ നിന്നും അമ്പല ഉത്സവ പരിപാടികളില്‍ നിന്നും മാറ്റിനിറുത്തുന്നതിന് സമ്മതമാണ് എന്ന് പ്രദേശവാസികളില്‍ നിന്നും ഒപ്പുശേഖരണം നടത്തി, മാര്‍ച്ച് മാസം മുതല്‍ ഇവരെ ഊരുവിലക്കുകയായിരുന്നു. കൂലിപ്പണിക്കു പോകുന്ന മാതാപിതാക്കള്‍ക്ക് ജോലി നല്‍കുന്നവരെ ഭീഷണിപ്പെടുത്തലും സ്ഥിരം സംഭവമായിരിക്കുകയാണ്. കാര്‍ത്തിക്കിനും സുഹൃത്തുക്കള്‍ക്കും നേരെ അക്രമണമുണ്ടായി.ഇതുമായി ബന്ധപ്പെട്ടു സി പിഎം തിരുവഴിയാട് പുത്തുന്‍തറയിലുള്ള ആര്‍എസ്എസിന്റെ കൊടിമരം നശിപ്പിച്ചു.പിന്നിട് കാര്‍ത്തിക്കിന്റെ വീടിനു നേരെ അക്രമമുണ്ടാവുകയും അമ്മയെ പഞ്ചായത്ത് അംഗത്തിന്റെ അനുയായികള്‍ ക്രൂരമായി മര്‍ദ്ദിക്കുകയുമുണ്ടായി. ആശാ പ്രവര്‍ത്തകയായ അമ്മ കാഞ്ചനയുടെ നേതൃത്വത്തില്‍ 90 പേരടങ്ങുന്ന എസ്എന്‍ഡിപി യോഗം രൂപീകരണം നടക്കുന്നതില്‍ വീടുകയറി അക്രമിച്ചു. എസ്എന്‍ഡിപിയില്‍ ചേരാനെത്തിയവരുടെ വീടുകയറി ഭീഷണിപ്പെടുത്തുകയുമുണ്ടായി. ഈ സംഭവത്തിലും അക്രമണത്തിനു നേതൃത്വം നല്‍കിയവര്‍ ആശുപത്രിയില്‍ അഡ്മിറ്റാവുകയും കാര്‍ത്തിക്കിനും രണ്ടുസുഹൃത്തുക്കളുടെയും പേരില്‍ കേസ് നല്‍കുകയും ചെയ്തു. ഇതേ തുടര്‍ന്ന് കാര്‍ത്തിക്കിനും സുഹൃത്തുക്കള്‍ക്കുമെതിരെ വധശ്രമത്തിന് കേസെടുത്തിരിക്കുകയാണ് പോലീസ്. ഊരു വിലക്കിനെ തുടര്‍ന്ന് വലിയമ്മയുടെ വീട്ടിലാണ് കാര്‍ത്തിക്കും കുടുംബവും താമസിക്കുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കാര്‍ത്തിക്കിന്റെ അമ്മ കാഞ്ചന ജില്ലാ പോലിസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.