പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സംഘര്‍ഷം; അഞ്ച് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

 

പുണെ: ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ (എഫ്ടിഐഐ) പ്രതിഷേധിച്ച വിദ്യാര്‍ഥികളില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടര്‍ പ്രശാന്ത് പത്രബയുടെ പരാതിയിലാണ് അറസ്റ്റ്. തിങ്കള്‍ രാത്രി ഡയറക്ടറെ ക്യാംപസില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവച്ചിരുന്നു. അര്‍ധരാത്രിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ ഉച്ചയോടെ കോടതിയില്‍ ഹാജരാക്കും.

ക്യാംപസ് വിട്ട് പോകണമെന്ന് 2008 ബാച്ചിലെ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടെങ്കിലും പ്രൊജക്ട് പൂര്‍ത്തിയാക്കാതെ പോവില്ലെന്ന് വിദ്യാര്‍ഥികള്‍ നിലപാടെടുത്തു. തുടര്‍ന്നാണ് ഡയറക്ടറെ വിദ്യാര്‍ഥികള്‍ ഘരാവോ ചെയ്തത്.

17 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പത്രബയുടെ പരാതി. എഫ്‌ഐആറില്‍ പേരു പറഞ്ഞിരിക്കുന്നതില്‍ രണ്ടു വനിതകളുണ്ട്. ഇവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍ ഇവരെ ഇന്നു രാവിലെ പൊലീസ് സ്റ്റേഷനിലെത്തിക്കുമെന്ന് അധികാരികള്‍ അറിയിച്ചു. എഫ്‌ഐആറില്‍ മറ്റ് 25 30 വിദ്യാര്‍ഥികളുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അതില്‍ പല പേരുകളും തെറ്റായതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്ന് പൊലീസ് വ്യക്തമാക്കി.

അതേസമയം, വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത് അംഗീകരിക്കാനാകില്ലെന്ന് എഫ്ടിഐഐ ആക്ടിങ് ഡീനും ഫാക്കല്‍റ്റി അംഗവുമായ സന്ദീപ് ചാറ്റര്‍ജി പറഞ്ഞു. വിദ്യാര്‍ഥികള്‍ ഞങ്ങളുടെ ഉത്തരവാദിത്വമാണ്. ഭരണസംവിധാനത്തിലെ ആരും ഇവിടെയില്ലാത്തത് അത്ഭുതപ്പെടുത്തുന്നു. നടപടി ന്യായീകരിക്കാവുന്നതല്ല, സന്ദീപ് അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.