#Vizhinjam@1000_Days :വിഴിഞ്ഞത്ത് തറക്കല്ലിടാന്‍ നവബര്‍ ഒന്നിന് മോദിയെത്തും

തിരുവനന്തപുരം: നവംബര്‍ ഒന്നിന് വിഴിഞ്ഞം തുറമുഖത്തിന്റെ കല്ലിടല്‍ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. പ്രധാനമന്ത്രിയെ ചടങ്ങിന് ക്ഷണിക്കുമെന്ന സൂചന അദാനി പോര്‍ട്‌സ് ഉടമ ഗൗതം അദാനി നല്‍കിയിട്ടുണ്ട്.

കരാര്‍ ഒപ്പിട്ടതിനെത്തുടര്‍ന്ന് തുറമുഖത്തിന്റെ മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കാനുള്ള സര്‍വേ നടപടികള്‍ അദാനി പോര്‍ട്‌സ് ബുധനാഴ്ച തുടങ്ങും. കരയിലും കടലിലും സര്‍വേ നടത്തി തയ്യാറാക്കുന്ന മാസ്റ്റര്‍പ്ലാന്‍ അദാനി പോര്‍ട്‌സ് വിഴിഞ്ഞം തുറമുഖ കമ്പനിക്ക് കൈമാറും. അതനുസരിച്ചാവും നിര്‍മാണപ്രവര്‍ത്തനങ്ങള്‍.

അദാനി ഗ്രൂപ്പിന്റെതന്നെ നിര്‍മാണക്കമ്പനിയായ പി.എം.സി. പ്രോജക്ട്‌സാണ് സര്‍വേക്കും തുറമുഖനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍പിടിക്കുക. ഈ രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ വൈദഗ്ദ്ധ്യമുണ്ടെന്നതാണ് പി.എം.സി. പ്രോജക്ട്‌സിന്റെ നേട്ടം. ആയിരം ദിനങ്ങള്‍ക്കുള്ളില്‍ വിഴിഞ്ഞത്ത് ആദ്യ കപ്പല്‍ നങ്കൂരമിടുമെന്ന അദാനിയുടെ ആത്മവിശ്വാസത്തിനുപിന്നിലും പി.എം.സി.യുടെ വൈദഗ്ദ്ധ്യമാണ്.
തുറമുഖനിര്‍മാണത്തിന് മുന്നോടിയായി സ്വതന്ത്ര എന്‍ജിനിയറെ നിയമിക്കുന്നതടക്കമുള്ള ജോലികള്‍ തുറമുഖ കമ്പനി ഉടന്‍ ആരംഭിക്കും. ആഗോള ടെന്‍ഡര്‍ നടപടികളിലൂടെയാകും അന്താരാഷ്ട്ര തലത്തില്‍ വൈദഗ്ദ്ധ്യമുള്ള സ്ഥാപനത്തെ ഇതിനായി കണ്ടെത്തുക.
ഓഡിറ്റര്‍, സുരക്ഷാ കണ്‍സള്‍ട്ടന്റ് എന്നിവരെയും തിരഞ്ഞെടുക്കേണ്ട ജോലിയും കരാര്‍പ്രകാരം തുറമുഖ കമ്പനിക്കാണ്. കേന്ദ്ര ധനമന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് ആഗോള ടെന്‍ഡറിലൂടെയാവും ഇത്തരം നടപടികള്‍ പൂര്‍ത്തിയാക്കുക.

തുറമുഖത്തിനായി ഏറ്റെടുത്ത ഭൂമിയും അനുബന്ധ പ്രദേശങ്ങളും വിഴിഞ്ഞം തുറമുഖ കമ്പനി ഇനി സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ടതുണ്ട്. ഇങ്ങനെ സംസ്ഥാന സര്‍ക്കാരിന് കൈമാറുന്ന സ്ഥലത്താണ് തുറമുഖ നിര്‍മാണത്തിനും നടത്തിപ്പിനുമായി അദാനി വിഴിഞ്ഞം പോര്‍ട്‌സിന് സര്‍ക്കാര്‍ ലൈസന്‍സ് നല്‍കുക. ഭൂമി കൈമാറുന്നതിനൊപ്പം ഇതുസംബന്ധിച്ച് വിഴിഞ്ഞം തുറമുഖകമ്പനിയും സര്‍ക്കാരും പ്രത്യേക ധാരണാപത്രത്തിലും ഒപ്പുെവക്കും.

സര്‍ക്കാരുമായി അദാനി പോര്‍ട്ട്‌സ് ഒപ്പിട്ട കരാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തി. അന്തിമ കരാറില്‍ മാറ്റമുണ്ടെന്ന ആരോപണങ്ങളെ തുടര്‍ന്നാണ് കരാര്‍ പ്രസിദ്ധപ്പെടുത്തിയത്.

© 2024 Live Kerala News. All Rights Reserved.