ദാവൂദ് പാക്കിസ്ഥാനിൽത്തന്നെ; നാല് ഒളിസങ്കേതങ്ങളുടെ വിലാസം കൈമാറും

ന്യൂഡൽഹി: ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും ദേശീയ ഉപദേഷ്ടാക്കൾ തമ്മിലുള്ള ചർച്ചയ്ക്ക് കളമൊരുങ്ങവെ അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതങ്ങളെക്കുറിച്ച് ഇന്ത്യ പുതിയ വിവരങ്ങൾ ശേഖരിച്ചു. ഈ മാസം 23നു നടക്കുന്ന ചർച്ചയിൽ ഇതുമായി ബന്ധപ്പെട്ട രേഖകൾ ഇന്ത്യ പാക്കിസ്ഥാനു കൈമാറും. പാക്കിസ്ഥാനിൽ ദാവൂദ് താമസിച്ചു വരുന്ന നാലു സ്ഥലങ്ങളിലെ വിലാസമാണ് ഇന്ത്യ ശേഖരിച്ചിരിക്കുന്നത്. പാക്ക് രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് കീഴിലുള്ള താമസ സങ്കേതവും ഇതിലുൾപ്പെടും.

ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദം പാക്കിസ്ഥാൻ തുടർച്ചയായി നിഷേധിക്കുകയായിരുന്നു. എന്നാൽ, ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നും പാക്ക് രഹസ്യാന്വേഷണം ഏജൻസിയായ ഐഎസ്ഐയാണ് ദാവൂദിനെ സഹായിക്കുന്നതെന്നുമാണ് ഇന്ത്യയുടെ വാദം. ഇതു ശരിയാണെന്നാണ് ഇന്ത്യ ഇപ്പോൾ ശേഖരിച്ച വിവരങ്ങളും വ്യക്തമാക്കുന്നത്. ഇത്തവണ ലഭിച്ച ഇന്റലിജൻസ് വിവരങ്ങളിൽ നിന്ന് ദാവൂദിന്റെ നാലു സങ്കേതങ്ങളുടെ വിലാസമാണ് ഇന്ത്യ കൈമാറുന്നത്. 2012ൽ ഇന്ത്യ പാക്ക്സ്ഥാന് കൈമാറിയ മൂന്ന് സങ്കേതങ്ങളുടെ വിലാസത്തിന് പുറമെയാണിത്. ഇതോടെ കാലങ്ങളായി ദാവൂദ് താമസിച്ചുവരുന്ന ഏഴു സങ്കേതങ്ങളുടെ വിലാസമാണ് ഇന്ത്യയുടെ പക്കലുള്ളത്. ഇവയിലേറെയും പാക്ക് തുറമുഖ നഗരമായ കറാച്ചിയിലാണ്. 2012ൽ കൈമാറിയ രേഖകളിൽ ദാവൂദ് കൈവശം വയ്ക്കുന്ന പാക്കിസ്ഥാന്റെ മൂന്ന് പാസ്പോർട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു.

പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽനിന്ന് 20 കിലോമീറ്റർ അകലെ ഇസ്‌ലാമാബാദ് – മുരീ റോഡിലുള്ള വസതിയാണ് ഐഎസ്ഐയുടെ കീഴിലുള്ള ദാവൂദിന്റെ ഒളിസങ്കേതം. ദാവൂദ് അടുത്തിടെയായി താമസിക്കുന്നതും ഇവിടെയാണെന്നാണ് സൂചന.

ദാവൂദ് താമസിച്ചുവരുന്നതായി ഇന്ത്യ കണ്ടെത്തിയ മറ്റു ഒളിസങ്കേതങ്ങളുടെ വിലാസം;

1.മോയിൻ പാലസ്, സെക്കൻഡ് ഫ്ലോർ, അബ്ദുല്ല ഷാ ഘാസി ദുർഗയ്ക്ക് എതിർവശം, ക്ലിഫ്റ്റൺ, കറാച്ചി.

2. 6/A, ഖ്യാബൻ തൻസീം, ഫേസ് 5, ഡിഫൻസ് ഹൗസിങ് ഏരിയ, കറാച്ചി.

3. മാർഗല്ല റോഡ്, പി – 6 / 2, സ്ട്രീറ്റ് നമ്പർ 22, ഹൗസ് നമ്പർ 29, ഇസ്‍‌ലാമാബാദ്.

ദാവൂദ് എവിടെയാണെന്നതു സംബന്ധിച്ചു ഇതുവരെയും വ്യക്തമായ വിവരങ്ങൾ ലഭ്യമല്ലെന്ന് ഈ വർഷം ജൂണിൽ പാർലമെന്റിൽ പ്രസ്താവന നടത്തിയ കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹരിഭായ് പരതിഭായ് ചൗധരി വിവാദം സൃഷ്ടിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം ഉർജിതമാക്കി പുതിയ വിവരങ്ങൾ ശേഖരിച്ചത്. ദാവൂദിനെക്കൂടാതെ, മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻമാരായ സാക്കിയുർ റഹ്മാൻ ലഖ്‌വി, ഹാഫിസ് സയീദ് എന്നിവരുടെ താമസസ്ഥലത്തെക്കുറിച്ചും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. ഇവയും ഇരു രാജ്യങ്ങളും തമ്മിലുള്ള ചർച്ചയിൽ കൈമാറിയേക്കും.

© 2024 Live Kerala News. All Rights Reserved.