മന്ത്രി വീണാജോര്‍ജ്ജ് സമ്പൂര്‍ണ്ണ പരാജയം; ഇപ്പോഴെങ്കിലും രാജിവച്ചാല്‍ സര്‍ക്കാറിന് മുഖം രക്ഷിക്കാം; ആരോഗ്യവകുപ്പ് കൊള്ളാവുന്നവര്‍ക്ക് നല്‍കണമെന്ന് പരക്കെ ആവശ്യം

തിരുവനന്തപുരം: മന്ത്രി വീണാജോര്‍ജ്ജ് സമ്പൂര്‍ണ്ണ പരാജയമാണെന്ന് ഓരോ ദിവസവും അവര്‍തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്. അവസാനമായി കോട്ടയം മെഡിക്കല്‍ കോളജിലെ അപകടം. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജിനെതിരെ വിമര്‍ശനവുമായി സിപിഎം നേതാക്കള്‍ തന്നെ രംഗത്ത് വന്നുകഴിഞ്ഞു. സിപിഎം പത്തനംതിട്ട ഇലന്തൂര്‍ എല്‍സി അംഗം ജോണ്‍സണ്‍ പിജെ, സിപിഎം ഇരവിപേരൂര്‍ ഏരിയ കമ്മിറ്റി അംഗം എന്‍ രാജീവ് എന്നിവരാണ് മന്ത്രിക്കെതിരെ രംഗത്തെത്തിയത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഇരുവരുടേയും വിമര്‍ശനം.

കൂടുതല്‍ പറയുന്നില്ലെന്നും ഇനി പറയിപ്പിക്കരുതെന്നുമായിരുന്നു ജോണ്‍സണ്‍ പിജെ പറഞ്ഞത്. ഒരു എംഎല്‍എയായി ഇരിക്കാന്‍ പോലും മന്ത്രിക്ക് അര്‍ഹതയില്ലെന്നും എല്‍സി അംഗം പറഞ്ഞു. എസ്എഫ്‌ഐ മുന്‍ ജില്ലാ പ്രസിഡന്റ് കൂടിയാണ് ജോണ്‍സണ്‍ പിജെ. മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ചികിത്സ തേടിയതിനെയായിരുന്നു പത്തനംതിട്ട സിഡബ്ല്യുസി മുന്‍ ചെയര്‍മാന്‍ കൂടിയായ എന്‍ രാജീവ് പരോക്ഷമായി വിമര്‍ശിച്ചത്. സ്‌കൂളില്‍ കേട്ടെഴുത്ത് ഉണ്ടെങ്കില്‍ വയറുവേദന വരുമെന്നും വയറുവേദന എന്ന് പറഞ്ഞ് വീട്ടില്‍ ഇരിക്കുമെന്നുമായിരുന്നു രാജീവ് പരിഹസിച്ചത്. ഒത്താല്‍ രക്ഷപ്പെട്ടു എന്നാണ് അവസ്ഥയെന്നും എന്‍ രാജീവ് പറഞ്ഞു. ഡോ. ഹാരിസിന്റെ തുറന്നുപറച്ചില്‍ വലിയ വിവാദമായി നില്‍ക്കുന്ന സമയത്താണ് കോട്ടയം മെഡിക്കല്‍ കോളജ് അപകടം.

കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് രോഗിയുടെ കൂട്ടിരിപ്പുകാരി മരിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് കാരണമായിരുന്നു. മകള്‍ നവമിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ എത്തിയതായിരുന്നു ബിന്ദു. രാവിലെ കുളിക്കുന്നതിനായി അപകടം നടന്ന കെട്ടിടത്തിലെ ശുചിമുറിയില്‍ എത്തിയതായിരുന്നു ബിന്ദു. ഇതിനിടെയാണ് അപകടം നടന്നത്. അമ്മയെ കാണാതായതോടെ മകള്‍ നവമി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ പ്രതികരണമുണ്ടായില്ല. മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം പുറത്തെടുത്തത്.

© 2025 Live Kerala News. All Rights Reserved.