ബാപ്പുട്ടിയുടെ നാമത്തില്‍ നിലമ്പൂര്‍; വീണ്ടും തോറ്റമ്പി സ്വരാജ്; അപ്രതീക്ഷിത നേട്ടം കൊയ്ത് അന്‍വര്‍; ബിജെപിയുടെ അവസ്ഥയില്‍ മാറ്റമില്ല

സ്വന്തം ലേഖകന്‍
നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ആര്യാടനെ കൈവിടാതെ നിലമ്പൂരിന്റെ മണ്ണ്. 11,432 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിലാണ് നിലമ്പൂരുകാര്‍ സ്‌നേഹത്തോടെ ബാപ്പുട്ടിയെന്ന് വിളിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചിരിക്കുന്നത്. വോട്ടെണ്ണലിന്റെ ആദ്യ മിനുറ്റുകള്‍ മുതല്‍ കാര്യമായ മുന്‍കൈ ആര്യാടന്‍ ഷൗക്കത്ത് നേടിയിരുന്നു. രണ്ട് റൗണ്ടിലൊഴികെ ബാക്കിയെല്ലാ റൗണ്ടിലും ഷൗക്കത്ത് തന്നെയായിരുന്നു മുന്നില്‍. പോത്തുകല്ല് ഉള്‍പ്പെടുന്ന പഞ്ചായത്തുകളുടെ വോട്ടെണ്ണിയപ്പോള്‍ ചില ബൂത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം സ്വരാജിന് നേരിയ മുന്‍തൂക്കം നേടാന്‍ സാധിച്ചത്. ആര്യാടന്‍ ഷൗക്കത്ത് 77,087, എം.സ്വരാജ് 66,159, പി.വി. അന്‍വര്‍ 19,690 മോഹന്‍ ജോര്‍ജ് 8,562 എന്നിങ്ങനെ വോട്ടുകള്‍ നേടി.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന് മിന്നുന്ന വിജയം. ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച പി വി അന്‍വര്‍ രാജിവച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം, അതായത് എട്ടുതവണ യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്. സിപിഎമ്മിന്റെ എം സ്വരാജിനെ 11,432 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. സ്വരാജിന്റെ തുടര്‍ച്ചയായ രണ്ടാമത്തെ പരാജയമായി ഇത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ കെ ബാബുവിനോടും സ്വരാജ് പരാജയപ്പെട്ടിരുന്നു. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ 11,432 വോട്ടിന് ആര്യാടന്‍ ഷൗക്കത്ത് വിജയിച്ചു.

© 2025 Live Kerala News. All Rights Reserved.